പിണറായി രണ്ടു തവണ ദേവസ്വം കമ്മീഷണറാക്കിയ മുന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ്; സ്ത്രീ പ്രവേശന വിവാദത്തിന് ശേഷം പ്രസിഡന്റായി ഉയര്‍ച്ചയും നല്‍കി; ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ പിണറായിയുടെ അതിവിശ്വസ്തന്‍ അറസ്റ്റില്‍; പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ഹൈക്കോടതിയുടെ നിലപാടുകള്‍ കൂടി കണക്കിലെടുത്ത്; മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍ എന്‍ വാസു ജയിലിലേക്ക്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ എന്‍ വാസു അറസ്റ്റില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. മൂന്നാം പ്രതി സ്ഥാനത്താണ് വാസുവിന്റെ പേരുള്ളത്.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് ആദ്യം അന്വേഷണ സംഘം വ്യക്തമാക്കിയത്. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ വാസുവിന് എതിരായിരുന്നു. നേരത്തെ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കുശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു.
ദ്വാരപാലക ശില്‍പങ്ങളുടേയും ശ്രീകോവിലിന്റേയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വാസുവിന് ഇമെയില്‍ അയച്ചിരുന്നു. 2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ തനിക്ക് വന്നിരുന്നു എന്ന് വാസുവും പിന്നീട് സമ്മതിച്ചിരുന്നു. കൊല്ലത്തെ കുളക്കടയില്‍ രണ്ടു തവണ വാസു പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇതിന് ശേഷമാണ് ജ്യൂഡീഷ്യല്‍ ഓഫീസറായത്. മന്ത്രി പികെ ഗുരുദാസന്റെ പേഴ്‌സണല്‍ സ്റ്റാഫിലും പ്രവര്‍ത്തിച്ചു. ഇവിടെ നിന്നാണ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം കമ്മീഷണറാകുന്നത്. പതിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സര്‍വ്വശക്തനായി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പിന്തുണയിലായിരുന്നു ദേവസ്വം കമ്മീഷണറായത്.
പിണറായി അധികാരത്തിലെത്തിയപ്പോള്‍ രണ്ടാം തവണയും കമ്മീഷണറായി. ഇതിനിടെയാണ് ശബരിമല സ്ത്രീ പ്രവേശന വിവാദം ഉണ്ടായത്. പിന്നാലെ വാസു പ്രസിഡന്റായി. അപ്പോഴും പിണറായിയുടെ പിന്തുണയാണ് കരുത്തായത്. അത്തരമൊരു സിപിഎം ബന്ധമുള്ള വ്യക്തിയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യുന്നത്.