സ്റ്റാര്‍ലിങ് ഉപഗ്രഹ ശൃംഖല വഴിയുള്ള ബ്രോഡ്ബാന്‍ഡ് സേവനം; സാങ്കേതിക സഹകരണം; ഇലക്ട്രിക് വാഹന വ്യവസായും, എഐ നിക്ഷേപ സാധ്യതകള്‍; എന്നീ പ്രധാന കാര്യങ്ങളില്‍ ചര്‍ച്ച; ട്രംപിന് മുന്‍പ് ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Update: 2025-02-13 23:52 GMT

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശതകോടീശ്വരനും ടെസ്ല-സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റിന്റെ ഗസ്റ്റ് ഹൗസ് ആയ ബ്ലയര്‍ ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയില്‍ പങ്കെടുക്കാനായി പങ്കാളിക്കും മക്കള്‍ക്കൊപ്പമായിരുന്നു മസ്‌ക് എത്തിയത്. മസ്‌കുമായി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു. 'സ്‌പേസ്, മൊബിലിറ്റി, ടെക്‌നോളജി, ഇന്നൊവേഷന്‍ എന്നിങ്ങനെ അദ്ദേഹത്തിന് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യയുടെ പരിഷ്‌കാരങ്ങളെക്കുറിച്ചും 'മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്' എന്നതിനോടുള്ള പ്രതിബദ്ധതയെ കുറിച്ചും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു', മോദി ട്വീറ്റില്‍ പറഞ്ഞു. മസ്‌കിന്റെ കുടുംബത്തോടും പല കാര്യങ്ങളും സംസാരിച്ചതായും മോദി ട്വീറ്റ് ചെയ്തു. മുന്‍പും തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മോദി ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ കൂടിക്കാഴ്ചക്ക് ഒരു ഔദ്യോഗിക സ്വഭാവമുണ്ട്.

പുതിയ ട്രംപ് സര്‍ക്കാരിന്റെ പ്രധാന ഉപധേഷ്ടാക്കളില്‍ ഒരാളാണ് മസ്‌ക്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ ചുമതലയാണ് മസ്‌കിനുള്ളത്. ഫെഡറല്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഇത്. അതേസമയം മസ്‌കുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് പ്രധാനമന്ത്രി യുഎസ് നാഷ്ണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ മിഷേല്‍ വാട്‌സുമായും കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും പ്രതിരോധം, സാങ്കേതികവിദ്യ, സുരക്ഷ എന്നിവ ഇന്ത്യ-യുഎസ്എ ബന്ധത്തിന്റെ പ്രധാന വശങ്ങളാണ്', അദ്ദേഹം പറഞ്ഞു. അതേസമയം ഉടന്‍ തന്നെ മോദി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 ഓടയാണ് കൂടിക്കാഴ്ച. ഇതിന് ശേഷം ഇരുനേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനവും നടത്തും. ഇറക്കുമതി തീരുവ, പ്രതിരോധ രംഗത്തെ സഹകരണം, കുടിയേറ്റ വിഷയം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം കൂടിക്കാഴ്ചക്ക് തൊട്ട് മുന്‍പ് ട്രംപ് പങ്കുവെച്ചൊരു ട്വീറ്റ് വലിയ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്.

പരസ്പര നികുതി സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു ട്വീറ്റ്. 'മൂന്ന് മികച്ച ആഴ്ചകള്‍, ഒരുപക്ഷെ എക്കാലത്തേയും മികച്ചത്, എന്നാല്‍ ഇന്നാണ് ആ സുപ്രധാന ദിനം, പരസ്പര നികുതി,അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ', ട്രംപ് ട്വീറ്റില്‍ പറഞ്ഞു. തങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക് പരസ്പര നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസ് ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കെതിരെ ട്രംപ് നടപടി സ്വീകരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

Tags:    

Similar News