കുളപ്പള്ളി അപ്പന്റെ ട്രസ്റ്റുപോലെ രാഹുലും സോണിയയും മറ്റും ചേര്‍ന്ന് ഒരു കമ്പനി; 90 കോടിയുടെ കടമേറ്റെടുത്തത് 50 ലക്ഷത്തിന്; പകരം 90 കോടിയുടെ ഓഹരി; ഒറ്റരാത്രി കൊണ്ട് തട്ടിയത് 2000 കോടിയുടെ സ്വത്ത്; നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസ് നേതൃത്വത്തെ ജയിലിലെത്തിക്കുമോ?

നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസ് നേതൃത്വത്തെ ജയിലിലെത്തിക്കുമോ?

Update: 2025-04-17 16:42 GMT

ലഹബാദിലെ ആനന്ദഭവന്‍ വില്‍ക്കേണ്ടി വന്നാലും ഞാന്‍ നാഷണല്‍ ഹെറാള്‍ഡ് കൈവിടില്ല'- സാക്ഷാല്‍, ജവഹര്‍ലാല്‍ നെഹ്റു തന്റെ പ്രിയപ്പെട്ട പത്രത്തെക്കുറച്ച് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്. അലഹബാദിലെ തന്റെ കുടുംബവീടിനേക്കാള്‍ അദ്ദേഹത്തിന് സ്നേഹം നാഷണല്‍ ഹെറാള്‍ഡ് എന്ന ആ ഇംഗ്ലീഷ് പത്രത്തോടായിരുന്നു. നെഹ്‌റു 5000 ത്തോളം സ്വാതന്ത്ര്യ സമര സേനാനികളുടെ പങ്കാളിത്തത്തോടെ 1937 ല്‍ സ്ഥാപിച്ച പത്രം, 2008-ല്‍ അടച്ചുപൂട്ടുന്നതുവരെ കോണ്‍ഗ്രസിന്റെ ജിഹ്വയായിരുന്നു. എന്നാല്‍ അതേ പത്രം തന്നെ ഇന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിക്കും, സോണിയാഗാന്ധിക്കും കുരുക്കാവുകയാണ്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അയ്യായിരം കോടിയുടെ ക്രമക്കേടാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിലുണ്ട്. ന്യൂഡല്‍ഹി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും. ഈ കേസ് നല്ല രീതിയില്‍ നടന്നാല്‍, രാഹുലും സോണിയയും അടക്കമുള്ളവര്‍ ജയിലില്‍ പോവുമെന്നാണ്, കേസ് കുത്തിപ്പൊക്കി കൊണ്ടുവന്ന സുബ്രമണ്യം സ്വാമിയും, ബിജെപി നേതാക്കളും പറയുന്നത്. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇ ഡിയെ ഉപയോഗിച്ച് തങ്ങളെ വേട്ടയാടുകയുമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.



കോടികളുടെ ആസ്തി, എന്നിട്ടും നഷ്ടം

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍, യങ് ഇന്ത്യന്‍ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന ആരോപണം നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാഷണല്‍ ഹെറാള്‍ഡിന്റെ 661 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു. .

1937 -ല്‍ സ്ഥാപിച്ച പത്രത്തിന്റെ ഉടമകള്‍ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയായിരുന്നു. സ്വാതന്ത്ര്യ സമരത്തിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ മൂന്നു പത്രങ്ങളാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനു കീഴേ പ്രസിദ്ധീകരിച്ചിരുന്നത്. നാഷണല്‍ ഹെറാള്‍ഡ് ഇംഗ്ലീഷിലും, ഖ്വാമി ആവാസ് ഉറുദുവിലും, നവജീവന്‍ ഹിന്ദിയിലും. ഫിറോസ് ഗാന്ധി കുറച്ച് കാലം നാഷണല്‍ ഹെറാള്‍ഡിന്റെ പാര്‍ലമെന്റ് റിപ്പോര്‍ട്ടര്‍ ആയിരുന്നു. 'എന്റെ പോരാളിയായ എഡിറ്റര്‍' എന്ന് ഗാന്ധിജി വിശേഷിപ്പിച്ച കെ. രാമറാവുവും, പിന്നീട് ഇന്ത്യന്‍ പത്രപവര്‍ത്തനത്തിലെ അതികായന്മാരിലൊളായ എം. ചലപതി റാവുവും ഈ പത്രത്തിന്റെ എഡിറ്റര്‍മാരായിരുന്നു.

കോണ്‍ഗ്രസിന്റെ ചരിത്രംപോലെ തന്നെ അധികാര വടംവലിയുടെയും, ഗ്രൂപ്പിസത്തിന്റെയും ചരിത്രമാണ് നാഷണല്‍ ഹെറാള്‍ഡിന്റെതും. ഇന്ദിരാക്കാലത്തെ വ്യക്തിപൂജയും, അടിയന്തരാവസ്ഥക്കാലത്തെ പ്രശ്നങ്ങളുമൊക്കെ നേരത്തെയും ചര്‍ച്ചയായതാണ്. അടിയന്തരാവസ്ഥക്കുശേഷം, 30 വര്‍ഷം തുടര്‍ച്ചയായി എഡിറ്ററായിരുന്ന, ചലപതി റാവുവിനെ പുറത്താക്കി, സഞ്ജയ് ഗാന്ധിയുടെ ശിങ്കിടിയായ, കുപ്രസിദ്ധനായ യശ്പാല്‍ കപൂര്‍ പത്രത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതുമെല്ലാം ചരിത്രം.

ഇന്ത്യ സ്വതന്ത്രമായ ശേഷം പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേര്‍ണലിന് നല്ലകാലമായിരുന്നു. വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സഹായത്തോടെ അവര്‍ രാജ്യം മുഴുവന്‍ ചുരുങ്ങിയ വിലക്ക് ഭൂമി വാങ്ങി. 2000 കോടിയുടെ ആസ്തി 90കളില്‍ തനെന ഉണ്ടായി. പക്ഷേ ആസ്തി വര്‍ധിച്ചിട്ടും, പ്രശ്നം തീര്‍ന്നില്ല. കെടുകാര്യസ്ഥത കാരണം കമ്പനി നഷ്ടത്തിലായി. അതോടെ, 2008 ല്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ച് വിട്ട് നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരണം അവസാനിപ്പിച്ചു.




കുളപ്പുള്ളി ട്രസ്റ്റ് പോലെ ഒരു കമ്പനി

പത്രം നിന്നെങ്കിലും രാജ്യത്തിന്റെ കണ്ണായ ഭാഗത്തായി അവര്‍ക്ക് കോടികളുടെ സ്വത്തുണ്ടായിരുന്നു. ഇത് സ്വന്തമാക്കാന്‍ ഗാന്ധികുടുംബം ഗൂഢാലോചന നടത്തിയെന്നാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. ആറാം തമ്പുരാന്‍ സിനിമയിലെ, കുളപ്പുള്ളി അപ്പനും, ഭാര്യയും, സഹോദരനുമുള്ള ഒരു ട്രസ്റ്റുപോലെ ഒരു കമ്പനി തട്ടിക്കൂട്ടുകയാണ് അവര്‍ അതിന് ചെയ്തത്.

ഒരൊറ്റ രാത്രി കൊണ്ട് 2000 കോടിയുടെ ആസ്തിയുള്ള പത്ര സ്ഥാപനവും അനുബന്ധ സ്വത്തുക്കളും സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും യംഗ് ഇന്ത്യ കമ്പനിയെന്ന കമ്പനി രൂപീകരിച്ച് ഏറ്റെടുക്കയായിരുന്നു. കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ 2000 കോടി വില വരുന്ന സ്ഥാപനത്തിന്റെ ഭൂസ്വത്ത് മറച്ചു വെച്ചാണ് ഈ തട്ടിപ്പിന് കളമൊരുക്കിയത്. ഇരുവര്‍ക്കും ചേര്‍ന്ന് 38 % ഷെയര്‍. വിശ്വസ്തനായ മോത്തിലാല്‍ വോറയ്ക്ക് 12%, ഷെയര്‍. കുടുംബ സുഹൃത്തുക്കളായ സുമന്‍ ദുബെ, സാം പിട്രോഡ എന്നിവരേയും ഓഹരി നല്‍കി പുതിയ കമ്പനിയുടെ ഡയറക്ടര്‍മാരാക്കി.

അതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സോണിയ ഗാന്ധിയുടെ വീട്ടില്‍ വെച്ച് ഈ കമ്പനി ഡയറക്ടര്‍മാര്‍ ഒത്ത് കൂടി ഒരു പ്രമേയം പാസ്സാക്കി. അസ്സോസ്സിയേറ്റഡ് ജേര്‍ണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൊടുക്കാനുള്ള 90 കോടി രൂപ പുതിയ കമ്പനിയായ യംഗ് ഇന്ത്യ 50 ലക്ഷം രൂപക്ക് ഏറ്റെടുക്കുന്നു. കാലാകാലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കടമായി സ്ഥാപനത്തിന് പണം നല്‍കിയത് 90 കോടി വരും. ഇത് തന്നെ നിയമവിരുദ്ധമാണ്. ഇന്ത്യയിലെ നിയമപ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏതെങ്കിലും കമ്പനികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ പണം കടം നല്‍കാന്‍ കഴിയില്ല. നിയമമനുസരിച്ച് സംഭാവന സ്വീകരിക്കാം. കടം കൊടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയില്ല. അന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഖജാന്‍ജിയായിരുന്ന മോത്തിലാല്‍ വോറയായിരുന്നു അസ്സോസ്സിയേറ്റഡ് ജേര്‍ണലിന്റെ ചെര്‍മാനും മാനേജിംഗ് ഡയറക്ടറും.

ഈ ഏറ്റെടുക്കലും കോടതിയില്‍ പൊട്ടി. വിചിത്രമായ ഈ പ്രമേയം വായിച്ച ജഡ്ജിമാര്‍ ചോദിച്ചു; '90 കോടി രൂപയുടെ കടം എങ്ങനെയാണ് 50 ലക്ഷം രൂപയ്ക്ക് എറ്റെടുക്കുക? സോണിയയുടേയും രാഹുലിന്റെ വക്കീലന്മാരായ കപില്‍ സിബലും, അഭിഷേക് സിംഗ്വിയും ഈ ചോദ്യത്തിന് ഉത്തരമില്ലാതെ തപ്പിപ്പോയി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

90 കോടിയുടെ കടം വെറും 50 ലക്ഷത്തിന് ഏറ്റെടുത്തതിന്റെ നന്ദി സൂചകമായി അസ്സോസ്സിയേറ്റഡ് ജേര്‍ണലും ഒരു പ്രമേയം പാസ്സാക്കി. അവര്‍ 10 രൂപ വിലയുള്ള തങ്ങളുടെ 9 കോടി ഓഹരി എറ്റെടുത്ത യംഗ് ഇന്ത്യക്ക് നല്‍കി. അതോടെ ഈ നെഹ്‌റു കുടുംബം, അസോസിയേറ്റഡ് ജേര്‍ണലിന്റെ 99.1 % ഉടമകളായി മാറി. മറ്റ് ഓഹരിയുടമകളുടെ പങ്കാളിത്തം 09% മായി ചുരുങ്ങി. ഒറ്റരാത്രി കൊണ്ട് 2000 കോടി ആസ്തിയുള്ള അസ്സോസ്സിയേറ്റഡ് ജേര്‍ണലിന്റെ നിയന്തണം യംഗ് ഇന്ത്യയുടെ കൈവശമായി!

തട്ടിപ്പ് പൊളിച്ചത് സ്വാമി

2012 നവംബര്‍ 1 ന് ഡോക്ടര്‍ സുബ്രഹ്‌മണ്യന്‍ സ്വാമി പത്ര സമ്മേളനം നടത്തിയതോടെ നാഷണല്‍ ഹെറാള്‍ഡ് കുംഭകോണം പുറംലോകമറിഞ്ഞത്. സ്വതന്ത്ര ഇന്ത്യയിലെ ഒരു പത്ര സ്ഥാപനത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ കുംഭകോണം എന്നാണ് സ്വാമി ഇതിനെ വിശേഷിപ്പിച്ചത്. സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും, വിധേയരും അടങ്ങുന്ന ഒരു സംഘം, കോടികള്‍ വിലമതിക്കുന്ന അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ ചതിയിലൂടെ കൈവശമാക്കി എന്നു കാണിച്ചുകൊണ്ട്, സുബ്രഹ്‌മണ്യന്‍ സ്വാമി ഡല്‍ഹി കോടതി മുമ്പാകെ 2012 നവംബര്‍ ഒന്നിന് ഒരു സ്വകാര്യ അന്യായം സമര്‍പ്പിച്ചു.

18 മാസം വാദം നടന്നു. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി 90 കോടി ഇന്ത്യന്‍ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ ചൂണ്ടിക്കാട്ടി. ഇത് വരുമാന നികുതി നിയമത്തിലെ, 269-ാം വകുപ്പു പ്രകാരം കുറ്റകരമാണെന്നും മെട്രോപോലിറ്റന്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ കൊടുത്ത പരാതിയില്‍ സ്വാമി ആരോപിച്ചു.

ഡല്‍ഹിയില്‍ യംഗ് ഇന്ത്യ ഏറ്റെടുത്ത, അസോസിയേറ്റഡ് ജേണല്‍സ് പ്രസ്സിന്റെ സ്ഥലം, സര്‍ക്കാര്‍ പത്രപ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ക്കായി വിട്ടുകൊടുത്തതാണെന്നും, എന്നാല്‍ അതിനു വിരുദ്ധമായി യംഗ് ഇന്ത്യ കമ്പനി അവിടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ നടത്തി എന്നും സ്വാമി ആരോപിച്ചു. ഇതിലൂടെ ലക്ഷക്കണക്കിനു രൂപ വരുമാനം എന്ന രീതിയില്‍ കൈക്കലാക്കിയതും നിയമവിരുദ്ധമാണ് എന്ന് സ്വാമി ചൂണ്ടിക്കാട്ടി.

പലപ്പോഴും കേസ് കേള്‍ക്കേണ്ട മുന്നോളം ജഡ്ജിമാര്‍ ദുരൂഹ സാഹചര്യങ്ങളില്‍ മാറി. ഒടുവില്‍ ജസ്റ്റീസ് സുനില്‍ ഗൗഡില്‍ നിന്ന് വിധി വന്നു. ജനങ്ങളുടെ പണം, സ്വകാര്യമായി കയ്യടക്കാന്‍ വേണ്ടി രൂപം കൊടുത്ത ഒരു തട്ടിപ്പു കമ്പനി മാത്രമാണ് യംഗ് ഇന്ത്യന്‍ ലിമിറ്റഡ് എന്ന് കോടതി നിരീക്ഷിച്ചു. പ്രതിപ്പട്ടികയിലുള്ള എല്ലാവരും തന്നെ, ഈ തട്ടിപ്പിനു വേണ്ടി ഗൂഢാലോചന നടത്തി എന്നും കോടതി കണ്ടെത്തി. അങ്ങനെ 2014 മുതല്‍ സോണിയയും, രാഹുലും ജാമ്യത്തിലായിരുന്നു. ഒടുവില്‍ സോണിയ ഗാന്ധി ജീവിതത്തിലാദ്യമായി കോടതിയില്‍ ഹാജരായി. അവര്‍ ജാമ്യമെടുക്കില്ല, ജയിലില്‍ പോകും എന്ന് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞിരുന്നുവെങ്കിലും, മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരായി സോണിയ ജാമ്യമെടുത്തു. ഇതിനുശേഷമാണ് കേസില്‍ ഇഡി എത്തുന്നത്. നല്ല രീതിയില്‍ കേസ് നടത്തിയാല്‍ സോണിയയും രാഹുലുമടക്കമുള്ളവര്‍ ജയിലില്‍ പോവുമെന്നാണ്, നിഷ്പക്ഷമായി ഈ കേസ് പഠിച്ചവരും പറയുന്നത്.

(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)

Tags:    

Similar News