ലോകകപ്പിലെ കന്നിക്കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും; പോരാട്ടം ഇന്ത്യന്‍ ബാറ്റിങ്ങ് നിരയും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങ് നിരയും തമ്മില്‍; ഒരു വിജയമകലെ ഇന്ത്യന്‍ വനിത താരങ്ങളെ കാത്തിരിക്കുന്നത് കോടികളുടെ പാരിതോഷികം; വനിത ഏകദിന ലോകകപ്പില്‍ ഞായറാഴ്ച കിരീടപ്പോരാട്ടം
വനിത ഏകദിന ലോകകപ്പില്‍ ഞായറാഴ്ച കിരീടപ്പോരാട്ടം
നവിമുംബൈ: വനിതാ ഏകദിന ലോകകപ്പിലെ കലാശ പോരാട്ടത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെ പരസ്പരം ഏറ്റുമുട്ടും. ഇരു ടീമില്‍ ആര് ജയിച്ചാലും വനിതാ ഏകദിന ലോകകപ്പിന് പുതിയ അവകാശികളാണുണ്ടാവുക.
നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമാണ് കിരീടപ്പോരാട്ടത്തിന് വേദിയാവുന്നത്. ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനല്‍ പോരാട്ടവും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു നടന്നത്. ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് കിരീടപ്പോരാട്ടം തുടങ്ങുക. 2.30നാണ് മത്സരത്തിന് ടോസിടുക.
ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. 2005 ല്‍ ഓസീസിനോടും 2017 ല്‍ ഇംഗ്ലണ്ടിനോടും ഇന്ത്യയ്ക്ക് കീഴടങ്ങേണ്ടി വന്നു. എന്നാല്‍ ദക്ഷിണാഫ്രിക്ക ഇതാദ്യമായാണ് ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.
സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് തോല്‍വികളെല്ലാം ഒരൊറ്റ ജയത്തില്‍ ഇന്ത്യ കഴുകി കളഞ്ഞിരുന്നു. ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കക്ക് കരുത്താകും. ഒപ്പം ലീഗ് മത്സരത്തില്‍ ഇന്ത്യയെ കീഴടക്കിയതിന്റെ ആത്മവിശ്വാസവും ദക്ഷിണാഫ്രിക്കയ്ക്ക് മുതല്‍ക്കൂട്ടാവും.
ഇന്ത്യന്‍ ബാറ്റിങ്ങും ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങും
ശക്തരായ ഇന്ത്യന്‍ ബാറ്റിങ് നിരയും കരുത്തരായ ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയും തമ്മിലുള്ള പോരാട്ടമായിരിക്കും നാളത്തെ ഫൈനല്‍. വനിത ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയിട്ടുള്ള താരമായ ദക്ഷിണാഫ്രിക്കയുടെ മാരിസാന്‍ കാപ്പ് ആണ് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. ലോകകപ്പില്‍ മങ്ങിയ ഫോമില്‍ തുടര്‍ന്ന കാപ്പ്, സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് വിക്കറ്റ് നേട്ടത്തോടെ തന്റെ താളം കണ്ടെത്തിയിരിക്കുകയാണ്. മീഡിയം പേസറാണെങ്കിലും ഇരുവശത്തേക്കും പന്ത് സ്വിങ്ങ് ചെയ്യിക്കാനുള്ള കഴിവാണ് കാപ്പിനെ അണ്‍പ്രെഡിക്റ്റബിളും അപകടകാരിയാക്കുന്നതും.
ഇന്ത്യയിലേക്ക് വന്നാല്‍ സ്മൃതി നയിക്കുന്ന ബാറ്റിങ് നിര തന്നെയാണ് പ്രധാനശക്തി. ഒപ്പം ജമീമയും, ഹര്‍മ്മനും റിച്ചയുമൊക്കെ ചേരുമ്പോള്‍ പ്രതീക്ഷകള്‍ക്കും കരുത്ത് ആര്‍ജ്ജിക്കുന്നു. അഗ്രസീവ് ക്രിക്കറ്റിന്റെ പുതിയ വേര്‍ഷനിലിറങ്ങുന്ന സ്മൃതിയും ലോകകപ്പിന്റെ തുടക്കത്തില്‍ തന്റെ മികവിനൊത്ത് ഉയര്‍ന്നിരുന്നില്ല. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായ് രണ്ട് അര്‍ദ്ധ സെഞ്ച്വറിയും ഒരു ശതകവും നേടി ഫോം വീണ്ടെടുത്തു. ന്യൂ ബോള്‍ ബൗളര്‍മാരെ അറ്റാക്ക് ചെയ്യുന്ന സ്മൃതിയേയാണ് സമീപകാലത്ത് കണ്ടിട്ടുള്ളത്. എന്നാല്‍, കാപ്പിനെതിരെ പെരുമയ്‌ക്കൊത്ത റെക്കോര്‍ഡ് താരത്തിനില്ല. എല്ലാക്കാലത്തും കരുതലോടെയാണ് കാപ്പിനെ സ്മൃതി നേരിട്ടിട്ടുള്ളത്. കാപ്പിന്റെ 116 പന്തുകള്‍ നേരിട്ട സ്മൃതി 72 റണ്‍സ് മാത്രമാണ് നേടിയത്, സ്‌ട്രൈക്ക് റേറ്റ് 62. ഒരു തവണ മാത്രമാണ് കാപ്പിന് മുന്നില്‍ കീഴടങ്ങിയത്.
ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് നയിക്കുന്ന മുന്‍നിരയെ ഇന്ത്യയുടെ ന്യുബോള്‍ ബൗളര്‍മാര്‍ എങ്ങനെ നേരിടുമെന്നതാണ്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ വിശാഖപട്ടണത്ത് നേരിട്ടപ്പോള്‍ പ്രോട്ടിയാസ് മുന്‍നിരയെ 20 ഓവറിന് മുന്‍പ് പവലിയനിലേക്ക് മടക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. പക്ഷേ, വിശാഖപട്ടണമല്ല നവി മുംബൈ. ബാറ്റര്‍മാരുടെ വിളനിലമാണ് മുംബൈയിലെ വിക്കറ്റ്. ഇംഗ്ലണ്ടിന്റേയും ഓസ്‌ട്രേലിയയുടേയും ക്വാളിറ്റി ബൗളര്‍മാര്‍ക്ക് മുന്നില്‍ 100 റണ്‍സ് പോലും തികയ്ക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ, നവി മുംബൈയില്‍ അത്തരമൊരു തകര്‍ച്ച പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, ഇന്ത്യയുടെ പേസ് നിരയിലേക്ക് രേണുക സിങ് താക്കൂര്‍ കൂടിയെത്തുന്നതോടെ പ്രോട്ടിയാസിന് മുന്നില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ഛയുണ്ടാകുമെന്ന് തീര്‍ച്ചയാണ്.
ഒരു ജയത്തിനപ്പുറം ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത് കോടികള്‍
ഞായറാഴ്ച നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയാല്‍ ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികമെന്നാണ് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പ് കിരീടം നേടിയാല്‍ ഇന്ത്യയ്ക്ക് ബിസിസിഐ 125 കോടി രൂപ സമ്മാനമായി നല്‍കനുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയത്. പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യവേതനം നല്‍കുന്ന കാര്യത്തില്‍ ബിസിസിഐക്ക് അനുകൂല നിലപാടാണുള്ളത്. ഈ സാഹചര്യത്തില്‍ വനിതാ താരങ്ങള്‍ക്കുള്ള സമ്മാനത്തുകയുടെ കാര്യത്തിലും വിവേചനുമുണ്ടാകില്ലെന്നാണ് കരുതുന്നത്.
എന്നാല്‍ ലോകകപ്പ് കിരീടം നേടുന്നതിന് മുമ്പ് പാരിതോഷികം പ്രഖ്യാപിക്കുന്നത് അനുചിതമാകും എന്നതിനാലാണ് പാരിതോഷികത്തിന്റെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു
എന്തായാലും ആദ്യവസരത്തില്‍ നഷ്ടപ്പെടുത്തിയ കിരിടം ഇന്ത്യ മൂന്നാമൂഴത്തില്‍ കൈപ്പിടിയിലൊതുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
