സര്‍വേയെക്കുറിച്ച് സിപിഎമ്മിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു; സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുന്‍പ് പാര്‍ട്ടി സെക്രട്ടറി കേഡര്‍മാര്‍ക്ക് കത്ത് അയച്ചു; പാര്‍ട്ടിക്ക് ഇതെങ്ങനെ അറിയാന്‍ കഴിഞ്ഞു? കേസില്‍ കക്ഷി ചേര്‍ത്ത എം വി ഗോവിന്ദന്റെ മറുപടി തൃപ്തികരമല്ല; നവകേരള സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സിപിഎമ്മിനെതിരെ വിമര്‍ശനം
സര്‍വേയെക്കുറിച്ച് സിപിഎമ്മിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു
കൊച്ചി: നവകേരള സര്‍വ്വേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവില്‍ സിപിഎഎമ്മിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍. സര്‍വേയെക്കുറിച്ച് സിപിഎമ്മിന് മുന്‍കൂര്‍ അറിവുണ്ടായിരുന്നു എന്ന കാര്യമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ തീരുമാനം പാര്‍ട്ടിക്ക് എങ്ങനെ അറിയാന്‍ കഴിഞ്ഞു എന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശ്വസനീയമായ വിശദീകരണം നല്‍കാനായില്ല.
സര്‍ക്കാര്‍ ഉത്തരവ് വരുന്നതിന് മുന്‍പ് സിപിഐഎം അണികള്‍ക്ക് കത്തയച്ചു. ആക്ഷേപത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മറുപടി സിപിഐഎം സംസ്ഥാന സെക്രട്ടറി നല്‍കി. ഇത് ഹര്‍ജിക്കാരുടെ ആരോപണത്തിന് ബലം നല്‍കുന്നു എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. സ്‌പെഷ്യല്‍ പിആര്‍ കാമ്പയിനിന്റെ പേരില്‍ 20 കോടി രൂപ അനുവദിച്ചതില്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടലംഘനം ഉണ്ടായതായി വിലയിരുത്തിക്കൊണ്ടാണ് ഹൈക്കോടതി നവകേരള സര്‍വ്വേ റദ്ദാക്കുന്നത്.
പണം അനുവദിച്ചത് ചട്ടലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ സര്‍വ്വേ നടത്തിയ രീതിയിലും കോടതി സംശയം പ്രകടിപ്പിച്ചു. 2025 ഒക്ടോബര്‍ 8നാണ് നവകേരള സര്‍വ്വേ നടത്താനുളഅള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ മന്ത്രിസഭ എടുക്കുന്നത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പാര്‍ട്ടി സെക്രട്ടറി അവരുടെ കേഡര്‍മാര്‍ക്ക് ഒരു കത്തയച്ചു. ഈ കത്ത് ഹര്‍ജിക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് തള്ളിക്കളയാന്‍ ആകില്ലെന്നും കോടതി വിലയിരുത്തി.
സര്‍വ്വേ നടത്താനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടി സെക്രട്ടറി അവരുടെ കേഡര്‍മാര്‍ക്ക് കത്തയക്കുകയായിരുന്നു. സര്‍വ്വേക്ക് വേണ്ടിയുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് അയച്ചിട്ടുള്ളത്. സിപിഎം അണികളെ രഹസ്യമായി കയറ്റാനുള്ള ഒരു നീക്കം പാര്‍ട്ടി നടത്തിയതില്‍ സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ഹൈക്കോടതി വിമര്‍ശിച്ചത്. എംവി ഗോവിന്ദനെ കൂടി ഈ കേസില്‍ കക്ഷി ചേര്‍ത്തിരുന്നു. പക്ഷേ, പാര്‍ട്ടി സെക്രട്ടറി നല്‍കിയ സത്യാവങ് മൂലം തൃപ്തികരമല്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളതു കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സര്‍ക്കാരിന് ലഭിച്ച വലിയ തിരിച്ചടിയായാണ് ഈ കോടതി വിധി വിലയിരുത്തപ്പെടുന്നത്.
കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍, കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓണക്കാലി എന്നിവരാണ് സര്‍വേക്കെതിരെ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന ഈ സര്‍വേ യഥാര്‍ഥത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആരോപണം. ജനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്യുന്നുവെന്നും, ഇതിലൂടെ പാര്‍ട്ടിക്കുവേണ്ടി വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ വാദിച്ചു.
സര്‍ക്കാര്‍ ചെലവില്‍ ഇത്തരമൊരു സര്‍വേ നടത്തുമ്പോള്‍ ധനകാര്യ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ സര്‍വേയുടെ കാര്യത്തില്‍ അത്തരം അനുമതികള്‍ ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഈ മാസം 22-ാം തീയതി വരെ തുടരാന്‍ നിശ്ചയിച്ചിരുന്ന സര്‍വേ നടപടികളാണ് നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി തടഞ്ഞത്.
