ക്ഷണിക്കാതെ പറന്നെത്തി അഴിമതി ആരോപണം ഉന്നയിച്ച ജില്ലാ പ്രസിഡന്റ്; യാത്ര അയപ്പ് ചടങ്ങിലെ പിപി ദിവ്യയുടെ അധിക്ഷേപം എല്ലാ സീമയും ലംഘിച്ചു; കണ്ണൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബു മരിച്ച നിലയില്‍; ദിവ്യയുടെ നാടകീയ നീക്കം മരണത്തിന് കാരണമോ?

Update: 2024-10-15 03:28 GMT

കണ്ണൂര്‍: കണ്ണൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബു മരിച്ച നിലയില്‍. കണ്ണൂരിലെ പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണവുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രംഗത്തു വന്നിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വെച്ചാണ് ആരോപണം.

കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്കാണ് എ.ഡി.എം.കെ. നവീന്‍ ബാബു സ്ഥലം മാറി പോകേണ്ടിയിരുന്നത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്രയയപ്പ് സമ്മേളനത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനായിരുന്നു ഉദ്ഘാടകന്‍ ഇതിനിടെ ക്ഷണിക്കപ്പെടാത്ത അതിഥിയായി കയറി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അകാരണമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ക്ഷണിക്കാത്ത ചടങ്ങില്‍ എത്തിയാണ് ദിവ്യയുടെ നാടകീയ നീക്കം നടത്തിയത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ അഴിമതി നടത്തിയെന്നാണ് ആരോപണം. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. നവീന്‍ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞു. നവീന്‍ കുമാറിന് ഉപഹാരം നല്‍കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അവര്‍ ഉടന്‍ വേദി വിടുകയും ചെയ്തു. നവീന്‍ ബാബുവിനെ അപമാനിക്കുകയായിരുന്നു ലക്ഷ്യമെന്നും വ്യക്തം. ഇതിനിടെയാണ് മരിച്ച നിലയില്‍ എഡിഎമ്മിനെ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ വലിയ വിവാദങ്ങള്‍ക്ക് ഇത് വഴിവച്ചേക്കും.

തിങ്കളാഴ്ച രാവിലെയാണ് കളക്ടറേറ്റില്‍ എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കിയത്. കളക്ടറായിരുന്നു ഉദ്ഘാടകന്‍. എ.ഡി.എമ്മിന് ഉപഹാരം നല്‍കുന്ന ചടങ്ങിന് തൊട്ടുമുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദി വിട്ടു. വഴിയെപോകുന്നതിനിടെയാണ് ഇത്തരമൊരു ചടങ്ങ് നടക്കുന്നത് അറിഞ്ഞതെന്ന ആമുഖത്തോടെയാണ് പി.പി. ദിവ്യ പ്രസംഗം തുടങ്ങിയത്. ചെങ്ങളായിയില്‍ തുടങ്ങാനിരിക്കുന്ന പെട്രോള്‍ പമ്പിന് എ.ഡി.എം. എതിര്‍പ്പില്ലാരേഖ നല്‍കിയതെങ്ങനെയെന്ന് തനിക്ക് അറിയാമെന്നും അതിന്റെ വിശദാംശങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുറന്നടിച്ചു.

എ.ഡി.എമ്മിനെ പുകഴ്ത്തി മറ്റ് അതിഥികള്‍ സംസാരിക്കുന്നതിനിടയിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലേക്ക് കടന്നുവന്നത്. കണ്ണൂരില്‍ നടത്തിയതുപോലെയുള്ള സഹായം പുതുതായി പോകുന്ന സ്ഥലത്ത് എ.ഡി.എം. നടത്തരുത്. ഇത്തരത്തിലുള്ള ഒരു വ്യക്തിക്ക് ഉപഹാരം നല്‍കാന്‍ നില്‍ക്കുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ഇറങ്ങിപ്പോകുന്നത്-പി.പി. ദിവ്യ വ്യക്തമാക്കി.

പി.പി. ദിവ്യയുടെ ആരോപണം ചുവടെ

മുമ്പുണ്ടായിരുന്ന എ.ഡി.എമ്മുമായി നിരവധി തവണ വിളിക്കുകയും പറയുകയുമൊക്കെ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹം വന്നതിന് ശേഷം അങ്ങനെയുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ, ഞാന്‍ ഒരു തവണ ഇദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ചെങ്ങളായിയിലെ ഒരു പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിയുമായി ബന്ധപ്പെട്ടാണ് വിളിച്ചത്. ആ സൈറ്റ് ഒന്ന് പോയി നോക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. വീണ്ടും ആ ആവശ്യത്തിന് വിളിക്കേണ്ടി വന്നു. പിന്നീട് സൈറ്റ് പോയി നോക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

എന്നാല്‍, തീരുമാനമൊന്നും ആയിട്ടില്ലല്ലോ പ്രസിഡന്റേയെന്ന് പറഞ്ഞ് പിന്നീട് പലതവണ ആ സംരംഭകന്‍ എന്റെ ഓഫീസ് മുറിയില്‍ വന്നു. തീരുമാനം ആകുമെന്ന് ഞാനും പറഞ്ഞു. എന്നാല്‍, ആ പ്രദേശത്ത് അല്‍പ്പം വളവും തിരിവുമെല്ലാം ഉള്ളതിനാല്‍ എന്‍.ഒ.സി. നല്‍കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞതായി പിന്നീട് അറിയാന്‍ സാധിച്ചു. ഇത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പുതന്നെ നടന്ന കാര്യമാണെന്നും പി.പി. ദിവ്യ അറിയിച്ചു.

ഇപ്പോള്‍ ഇദ്ദേഹം പോകുന്നത് കൊണ്ട് ആ സംരംഭകന് എന്‍.ഒ.സി. കിട്ടിയെന്ന് അറിഞ്ഞു. ഏതായാലും നന്നായി, ആ എന്‍.ഒ.സി. എങ്ങനെ കിട്ടിയെന്ന് എനിക്ക് അറിയാം. ആ എന്‍.ഒ.സി. നല്‍കിയതിന് ഇദ്ദേഹത്തിനോട് നന്ദി പറയാനാണ് ഞാന്‍ ഇപ്പോള്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. ജീവിതത്തില്‍ സത്യസന്ധത എപ്പോഴും പാലിക്കണം. കണ്ണൂരില്‍ അദ്ദേഹം നടത്തിയത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരിക്കരുത് അദ്ദേഹം പോകുന്ന സ്ഥലത്ത് നടത്തേണ്ടത്.

നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സര്‍ക്കാര്‍ സര്‍വീസാണ് ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാന്‍. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് മാത്രമായിരിക്കണം നമ്മളെല്ലാം പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങിന് മുമ്പ് ഞാന്‍ ഇവിടെ നിന്ന് ഇറങ്ങുകയാണ്. അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ എല്ലാവരും അറിയു'മെന്ന് പറഞ്ഞാണ് ദിവ്യ വേദിവിട്ടത്.

Tags:    

Similar News