മുനീശ്വരം ക്ഷേത്രത്തിന് അടുത്ത് എന്ത് സംഭവിച്ചുവെന്ന് പരിശോധിച്ചില്ല; പ്രശാന്തിന്റെ അളിയന്റെ പെട്രോള്‍ പമ്പ് മാഫിയയെ വെറുതെ വിട്ടു; ആറളം ഫാമിലും ചതിയുണ്ട്; ചെങ്ങളായി മാഫിയ എല്ലാം നിശ്ചയിച്ചു; ദിവ്യയ്ക്ക് ജാമ്യം കിട്ടിയതിന് പിന്നില്‍ പോലീസ് വീഴ്ച; കുടുംബം ഹൈക്കോടതിയിലേക്ക്; സിബിഐ എത്തുമോ?

Update: 2024-11-09 02:52 GMT

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി.പി. ദിവ്യയുടെ ജാമ്യ ഹര്‍ജിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. സിബിഐ അന്വേഷണവും ആവശ്യപ്പെട്ടേക്കും. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രത്യേക പോലീസ് സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നു കോടതിയെ ബോധ്യപ്പെടുത്തും. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണമെന്നാണ് ആവശ്യം,

യാത്രയയപ്പ് ചടങ്ങിലെ പി.പി. ദിവ്യയുടെ പ്രസംഗം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് കാരണമായി എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കുന്നതിനൊപ്പം ഉന്നത തല ഗൂഡാലോചനയും വിശദീകരിക്കും. നവീന്‍ ബാബുവിനെ കൈക്കൂലിയില്‍ കുടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായി. നവീന്‍ ബാബുവിനെ പെട്രോള്‍ പമ്പുടമ പോയി കണ്ടതുള്‍പ്പെടെ ഗൂഡാലോചനയാണ്. പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരന് പിന്നിലെ ബിനാമികളെ കണ്ടെത്തിയതുമില്ല. പ്രശാന്തന്റെ ബന്ധു റജീഷിലേക്കും അന്വേഷണം പോയില്ല. പ്രശാന്തിന്റെ അളിയനാണ് റിജീഷ്.

ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ് ഇതിന് കാരണം. പോലീസ് എഫ് ഐ ആറില്‍ അടക്കം വീഴ്ചകള്‍ക്ക് തെളിവുണ്ട്. കൊലപാതക സാധ്യത പോലീസ് പരിശോധിച്ചില്ല. നവീന്‍ ബാബു യാത്ര അയപ്പ് ചടങ്ങിന് ഇറങ്ങിയ മുനീശ്വരം ക്ഷേത്രത്തിന് ചുറ്റവട്ടത്തെ വിവരങ്ങളും പരിശോധിച്ചില്ല. എപ്പോള്‍ എങ്ങനെയാണ് ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബു എത്തിയതെന്നും കണ്ടെത്തുന്നില്ല. ഇതെല്ലാം അന്വേഷണത്തിലെ വീഴ്ചയാണ്. കണ്ണൂരിലെ ആറളം ഫാമിലെ ഭൂമി കൈമാറ്റം ഉള്‍പ്പെടെ പലതും എഡിഎം തടഞ്ഞിരുന്നു. ഈ ലോബിയും നവീന്‍ ബാബുവിന്റെ ശത്രുക്കളായിരുന്നു. ദേവസ്വം ഭൂമി കൈയ്യേറി കൊഴുത്ത ചെങ്ങളായി മാഫിയയിലേക്കും അന്വേഷണം പോയില്ല.

കണ്ണൂര്‍ കലക്ടറുടെ മൊഴി കളവാണെന്ന് തെളിയിക്കാനും അഭിഭാഷകന്‍ ശ്രമിക്കും. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബു കലക്ടറെ കണ്ട് സംസാരിച്ചത് ആ ചടങ്ങില്‍ സംഭവിച്ച കാര്യവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞിരുന്നു. തനിക്ക് തെറ്റുപറ്റി എന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കലക്ടറുടെ മൊഴിയുടെ പൂര്‍ണമായ തെളിവ് കോടതിയില്‍ ഹാജരാക്കാന്‍ പ്രതിഭാഗത്തിനു കഴിഞ്ഞിരുന്നില്ല. റവന്യൂ വകുപ്പ് അന്വേഷണത്തില്‍ നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് കൊടുത്തിരുന്നു. ഈ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ ഹാജരാക്കിയുമില്ല. അങ്ങനെ പല വിധ അട്ടിമറികള്‍ നടന്നു. ഇതെല്ലാം ഹൈക്കോടതിയില്‍ ചര്‍ച്ചയാക്കും. സിബിഐ അന്വേഷണ അനിവാര്യതയും ഉയര്‍ത്തും.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തനല്ലെന്നും പ്രശാന്തന്റെ കത്ത് വ്യാജമാണോയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണമെന്നും അദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷമാണ് പരാതിക്കത്ത് ഉണ്ടാക്കിയതെന്നും അത് അന്വേഷിക്കാത്തതെന്താണെന്നും മോഹനന്‍ ചോദിച്ചു. 'നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന് കരുതുന്നില്ല. ദിവ്യയ്ക്ക് പിന്നില്‍ മറ്റാരോ ഉണ്ട്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം നവീന്‍ ഓദ!!്യോഗിക വസതിയിലെത്തി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. കുറ്റക്കാര്‍ ആരാണെങ്കിലും ശിക്ഷിക്കപെടണം' മലയാലപ്പുഴ മോഹനന്‍ പറഞ്ഞു.

എഡിഎം കെ നവീന്‍ബാബു ആത്മഹത്യചെയ്ത സംഭവത്തില്‍ റിമാന്‍ഡിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്ക് ജാമ്യം കഴിഞ്ഞ ദിവസമാണ് കിട്ടിയത്. കണ്ണൂര്‍ ജില്ല വിട്ട് പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം.തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 29നാണ് ദിവ്യയെ അറസ്റ്റുചെയ്തത്. ഒക്ടോബര്‍ 15നാണ് നവീന്‍ബാബുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ചൊവ്വാഴ്ച പത്തനംതിട്ടയില്‍ ചുമതലയേല്‍ക്കാനിരിക്കെയാണ് പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ശ്രീകണ്ഠാപുരത്തിനടുത്ത് നിടുവാലൂര്‍ ചേരന്മൂലയില്‍ പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ പി പി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നു.

Tags:    

Similar News