ആ യാത്രയുടെ പാതിവഴിയില്‍ ഒരു താക്കോല്‍ ഡ്രൈവര്‍ക്ക് നല്‍കി; യാത്ര പോകും മുമ്പ് കളക്ടറേറ്റില്‍ കൊടുത്ത താക്കോല്‍ തിരിച്ചു വാങ്ങി; രണ്ടു താക്കോല്‍ ഉണ്ടെങ്കില്‍ ആ തിരിച്ചു വാങ്ങള്‍ എന്തിന്? നവീന്‍ ബാബുവിന്റെ 'താക്കോലില്‍' ദുരൂഹത മാത്രം; 'അതിരാവിലെ വാതില്‍ തുറന്നിടുന്ന ശീലവും' സംശയാസ്പദം

Update: 2024-10-23 08:06 GMT

കണ്ണൂര്‍: ആ ക്വാര്‍ട്ടേഴ്‌സ് തുറന്ന താക്കോലില്‍ ദൂരൂഹത കൂടുന്നു. യാത്രയയപ്പ് യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മുനീശ്വരന്‍ കോവിലിനടുത്ത് എ.ഡി.എം. കെ.നവീന്‍ ബാബു ഇറങ്ങുമ്പോള്‍ ക്വാര്‍ട്ടേഴ്‌സിന്റെ ഒരു താക്കോല്‍ തനിക്ക് കൈമാറിയിരുന്നതായി ഡ്രൈവര്‍ എം.ഷംസുദ്ദീന്റെ മൊഴി അതിനിര്‍ണ്ണായകമാണ്. കൈയ്യിലുള്ള താക്കോല്‍ ഡ്രൈവര്‍ക്ക് കൈമാറിയെങ്കില്‍ എങ്ങനെയാണ് നവീന്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് കയറിയതെന്ന ചോദ്യം സജീവമാണ്. നവീന്റെ ക്വാര്‍ട്ടേഴ്‌സില്‍ നേരത്തേ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ താമസിച്ചിരുന്നു. അദ്ദേഹം മുറിവിടുമ്പോള്‍ കൈമാറിയ താക്കോലുപയോഗിച്ചാകും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച നവീന്‍ ബാബു തിങ്കളാഴ്ച രാത്രി ക്വാര്‍ട്ടേഴ്‌സ് തുറന്നതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇതുറപ്പിക്കാന്‍ പോലീസിന് കഴിയുന്നില്ല.

യാത്രയയപ്പ് യോഗത്തിനുശേഷം പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സ് ഒഴിവാക്കി പോകാനായിരുന്നു അദ്ദേഹം ആദ്യം തീരുമാനിച്ചിരുന്നത്. അതിനായി ക്വാര്‍ട്ടേഴ്‌സിന്റെ താക്കോല്‍ കളക്ടറേറ്റില്‍ തിരിച്ചേല്‍പ്പിച്ചു. എന്നാല്‍, ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ യാത്രയയപ്പ് യോഗത്തില്‍ കയറിച്ചെന്ന് നടത്തിയ പ്രസംഗത്തിനുശേഷം അദ്ദേഹം താക്കോല്‍ വീണ്ടും വാങ്ങി. തീവണ്ടിയുടെ സമയമാകാറായപ്പോള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഔദ്യോഗിക വാഹനത്തില്‍ പുറപ്പെട്ടെങ്കിലും പാതിവഴിയില്‍ ഇറങ്ങി. അപ്പോഴാണ് ഷംസുദ്ദീന് താക്കോല്‍ കൈമാറിയത്. ഏറെ ദുരൂഹമാണ് പുറത്തു വന്ന വിവരങ്ങള്‍. കൈയ്യിലുള്ള താക്കോല്‍ തിരികെ കൊടുക്കുകയും വാങ്ങുകയും ചെയ്തു. ഇതാകും ഡ്രൈവര്‍ക്ക് നല്‍കിയത്. ഈ വിശദീകരണം മുഖവിലയ്‌ക്കെടുക്കുമ്പോള്‍ മറ്റൊരു താക്കോല്‍ നവീന്‍ ബാബുവിന്റെ കൈയ്യിലുണ്ടെന്നത് വിശ്വസിക്കുക യുക്തിസഹമല്ല. തന്റെ കൈയ്യില്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ കൈമാറിയ താക്കോലുണ്ടെങ്കില്‍ എന്തിനാണ് കളക്ടറേറ്റില്‍ തിരിച്ചേല്‍പ്പിച്ച താക്കോല്‍ വീണ്ടും വാങ്ങിയതെന്ന ചോദ്യം പ്രസക്തമാണ്.

വസ്ത്രം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മുന്‍പ് അവധിക്ക് പോയപ്പോള്‍ നവീന്‍ ബാബു നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍, യാത്രയയപ്പ് യോഗം കഴിഞ്ഞ് നാട്ടിലേക്ക് പോകുമ്പോള്‍ എടുക്കാനായി ബാക്കിയുള്ള സാധനങ്ങളൊന്നും ഓഫീസിലേക്ക് അദ്ദേഹം കൊണ്ടുവന്നിരുന്നുമില്ല. ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയവര്‍ കണ്ടത് മുന്‍വാതില്‍ പാതി തുറന്നിട്ട നിലയിലായിരുന്നു. അതിരാവിലെ ഉണര്‍ന്ന് വാതില്‍ തുറന്നിടുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നുവെന്ന തരത്തിലാണ് പ്രചരണം. അത് പ്രതീക്ഷിച്ചാണ് ഡ്രൈവറും ഗണ്‍മാനും അയല്‍വാസിയും മുറിക്കുള്ളില്‍ കയറിയത് അത്രേ എന്നും പറയുന്നു. അങ്ങനെ അടിമുടി ദുരൂഹമാണ് കളക്ടറുടെ മരണവുമായി ബന്ധപ്പെട്ട താക്കോല്‍ കഥകള്‍ ചര്‍ച്ചയാക്കുന്നത്. രാവിലെ വീടിന്റെ വാതില്‍ തുറന്നിടുന്ന ശീലത്തെ കുറിച്ച് വീട്ടുകാരും പ്രതികരിക്കുന്നില്ല.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മരണം നടന്നത് 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണു സൂചന. കഴുത്തില്‍ കയര്‍ മുറുകിയാണു മരണം സംഭവിച്ചത്. ശരീരത്തില്‍ മറ്റു മുറിവുകളോ മൂന്നാമതൊരാളുടെ സാന്നിധ്യമോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. സഹപ്രവര്‍ത്തകരായ 2 പേരുടെ വാട്‌സാപ്പില്‍ നവീന്‍ ബാബു 15ന് പുലര്‍ച്ചെ 4.58ന് ഭാര്യയുടെയും മകളുടെയും മൊബൈല്‍ നമ്പറുകള്‍ അയച്ചുകൊടുത്തിരുന്നു. ഇതിനു ശേഷമാണു മരണം സംഭവിച്ചതെന്നാണു കരുതുന്നത്. അതായത് ഈ സന്ദേശം അയച്ച ശേഷം വീടിന്റെ വാതില്‍ തുറന്നിട്ട ശേഷം നവീന്‍ ബാബു ആത്മഹത്യ ചെയ്തുവെന്ന വിചിത്ര വാദമാണ് ചര്‍ച്ചയാകുന്നത്. ഇതെല്ലാം വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്.

മനസ്സ് തകര്‍ന്ന യാത്രയയപ്പ് യോഗത്തിനും മരണത്തിനുമിടയില്‍ എ.ഡി.എം നവീന്‍ബാബു എന്തെല്ലാം ചെയ്തു എന്നത് സംബന്ധിച്ച് ഇനിയും ഉത്തരമില്ലാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. നാട്ടിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷന് 200 മീറ്റര്‍ ദൂരെ മുനീശ്വരന്‍ കോവിലിന് സമീപം കാറില്‍ നിന്നിറങ്ങിയ അദ്ദേഹം പിന്നീട് എപ്പോഴാണ് ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തിയതതെന്ന് അന്വേഷണ സംഘം ഇനിയും വ്യക്തമാക്കിയിട്ടില്ല. പ്രദേശത്തെ സി സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പൊലീസ് രഹസ്യമാക്കി വച്ചിരിക്കയാണ്.

അദ്ദേഹത്തിന്റെ കൈയില്‍ രണ്ടു ബാഗുകള്‍ ഉണ്ടായിരുന്നു എന്ന് ഡ്രൈവര്‍ പറയുന്നുണ്ട്. ഈ ബാഗുകളുമായി വാഹനം പിടിച്ച് മാത്രമേ ക്വാര്‍ട്ടിലേഴ്‌സിലേക്ക് മടങ്ങിയെത്താന്‍ സാദ്ധ്യതയുള്ളൂ. പരിചയമുള്ള ആരെങ്കിലും ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചതാണോ എന്നും വ്യക്തമല്ല. സ്വന്തം നാട്ടിലേക്ക് സ്ഥലം മാറി പോകുമ്പോഴും കണ്ണൂരിലെ ക്വാര്‍ട്ടേഴ്‌സിന്റ താക്കോല്‍ നവീന്‍ ബാബു കൈയില്‍ സൂക്ഷിക്കേണ്ട ആവശ്യവുമില്ല. ഒരണ്ണം ഡ്രൈവര്‍ക്ക് നല്‍കിയിട്ടുണ്ട്. കടുത്ത മാനസീക സംഘര്‍ഷത്തിലായിട്ടും ആത്മഹത്യാ കുറിപ്പില്ലാത്തതും സംശയകരമാണ്. എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുവരെ മൊഴി നല്‍കിയിട്ടില്ല.

നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍.ഒ.സി. അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി.പി.ദിവ്യ, എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ അറിയിച്ചിരുന്നു. ദിവ്യയുടെ ആരോപണത്തിന് പിന്നാലെ, കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Tags:    

Similar News