മാസം 80 ലക്ഷം വാടകയ്ക്ക് സര്‍ക്കാര്‍ എടുത്ത ഹെലികോപ്ടറില്‍ മുഖ്യമന്ത്രി എത്ര വട്ടം പറന്നു? പുറത്തുപറയാനാവില്ലെന്ന് സര്‍ക്കാരിന്റെ മറുപടി; 9 മാസത്തെ വാടകയായി ഇതുവരെ ചെലവഴിച്ചത് 7.20 കോടി; ധൂര്‍ത്തെന്ന ആക്ഷേപത്തിനിടെ കണക്കുകള്‍ പുറത്ത്

വാടകയ്ക്ക് എടുത്ത ഹെലികോപ്ടറില്‍ മുഖ്യമന്ത്രി എത്ര വട്ടം പറന്നു?

Update: 2024-10-23 10:37 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്? വെറും ധൂര്‍ത്തല്ലേ? ഒന്നാം പിണറായി സര്‍ക്കാരിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് കിട്ടിയ മറുപടി ഇങ്ങനെയാണ്:

'പൊതു ആവശ്യങ്ങള്‍ക്ക് പുറമെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും എയര്‍ ആംബുലന്‍സായും അവയവ കൈമാറ്റത്തിനും ഉപയോഗിക്കാന്‍ വേണ്ടിയാണ് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത് '. പോലീസ് ആസ്ഥാനത്ത് നിന്നാണ് ഈ വിശദീകരണം നേരത്തെ വന്നത്.

ഈ ഹെലികോപ്റ്ററിന്റെ ഒന്‍പതു മാസത്തെ വാടകയായി ചെലവഴിച്ചത് 7.20 കോടി രൂപയാണ്. 2023 സെപ്റ്റംബര്‍ 20 മുതലാണ് ഹെലികോപ്റ്ററിന്റെ സേവനം വിനിയോഗിക്കുന്നത്. അന്നു മുതല്‍ 2024 ജൂണ്‍ 19 വരെയാണ് 7.20 കോടി രൂപ വാടകയിനത്തില്‍ ചെലവായിരിക്കുന്നത്. നിയമസഭയിലെ ചോദ്യത്തിനു മറുപടിയായാണ് ഇതു പുറത്തുവന്നിരിക്കുന്നത്.

മുഖ്യമന്ത്രി എത്ര തവണ യാത്ര ചെയ്തു?

മുഖ്യമന്ത്രി എത്ര തവണ ഈ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തുവെന്നു വെളിപ്പെടുത്താന്‍ സര്‍ക്കാരിന് താല്‍ര്യമില്ല. കാരണം സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന യാത്രകളുടെ വിശദാംശങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ നല്‍കില്ല.

വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ടവരെ ജൂലൈ ഏഴിന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ട് എത്തിക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 5 വരെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായും എയര്‍ ആംബുലന്‍സ് ആയും പ്രസ്തുത ഹെലികോപ്റ്റര്‍ ദുരന്തസ്ഥലത്തു പ്രവര്‍ത്തിച്ചിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

2023 സെപ്റ്റംബര്‍ 20 മുതലാണ് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തു തുടങ്ങിയത്. ജി.എസ്.ടി. ഉള്‍പ്പെടെ മാസം 80 ലക്ഷം രൂപയാണ് ഇതിന് വേണ്ടി ചെലവഴിക്കേണ്ടത്. ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നാണ് ഹെലികോപ്ടര്‍ വാടകക്കെടുത്തിരുന്നത്. മാസം 25 മണിക്കൂര്‍ ഈ നിരക്കില്‍ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം വാടക നല്‍കണം എന്നാണ് വ്യവസ്ഥയില്‍ പറയുന്നത്.

മൂന്നു വര്‍ഷത്തേക്കാണു കരാര്‍. കരാര്‍ കാലാവധി പൂര്‍ത്തിയായാല്‍ അന്നത്തെ സാഹചര്യം പരിശോധിച്ചു രണ്ടു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാനും വ്യവസ്ഥയുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ചു സാധാരണനിലയില്‍ മൂന്നുവര്‍ഷത്തേക്ക് കമ്പനിക്ക് സര്‍ക്കാര്‍ 28 കോടി 80 ലക്ഷം രൂപ നല്‍കണം.

നേരത്തെ കോവിഡ് പ്രതിസന്ധിക്കിടെ 2020-ല്‍ ആദ്യമായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകക്കെടുത്തപ്പോള്‍ പല ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പവന്‍ ഹംസ് കമ്പനിയില്‍ നിന്നായിരുന്നു അന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍നിന്ന് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ കരാര്‍ പിന്നീട് പുതുക്കിയില്ല. ഇതിന് ശേഷം രണ്ടര വര്‍ഷം കഴിഞ്ഞാണ് 2023-ല്‍ വീണ്ടും ഹെലികോപ്ടര്‍ വാടകക്കെത്തിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്രയും വലിയ തുകയ്ക്ക് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് ധൂര്‍ത്തെന്ന ആക്ഷേപം ഉയരുന്നെങ്കിലും അത്യാവശ്യം എന്ന ന്യായീകരണമാണ് സര്‍ക്കാരിന് പറയാനുള്ളത്.

Tags:    

Similar News