തോമസ് കെ. തോമസിനെ വെട്ടാന്‍ ചാക്കോയും ശശീന്ദ്രനും കൈകോര്‍ക്കുന്നു; എന്‍സിപി(എസ്പി)യിലെ മൂന്ന് നേതാക്കന്മാരെയും മുംബൈക്ക് വിളിപ്പിച്ച് ശരത് പവാര്‍; ചാക്കോയെ വീണ്ടും പ്രസിഡന്റാക്കി തോമസിനെ വെട്ടാനുള്ള നീക്കമെന്ന് സൂചന; ശശീന്ദ്രനും ചാക്കോയും തമ്മില്‍ അന്തര്‍ധാര
തോമസ് കെ. തോമസിനെ വെട്ടാന്‍ ചാക്കോയും ശശീന്ദ്രനും
തിരുവനന്തപുരം: കേരള എന്‍സിപിയില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കൊരുങ്ങി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. ഇതിന്റെ ഭാഗമായി നിലവിലെ സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ്, മന്ത്രി എ.കെ. ശശീന്ദ്രന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ എന്നിവരെ മുംബൈയ്ക്ക് വിളിപ്പിച്ചു. നാളെ രാവിലെ മൂവരും പാര്‍ട്ടി ആസ്ഥാനത്ത് എത്താനാണ് നിര്‍ദേശം.
കേരളത്തില്‍ എന്‍.സി.പിക്ക് രണ്ടു ഘടകങ്ങളാണുള്ളത്. ശരത് പവാറിന്റെ ഘടകമായ എന്‍സിപി(എസ്പി) ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്നു. രണ്ട് എംഎല്‍എമാരുള്ളതില്‍ എ.കെ. ശശീന്ദ്രന്‍ വനംമന്ത്രിയാണ്. കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസാണ് സംസ്ഥാന പ്രസിഡന്റ്. എന്‍ഡിഎ മുന്നണിയില്‍ ദേശീയ തലത്തില്‍ തുടരുന്ന അജിത്പവാറിന്റെ എന്‍സിപിയാണ് മറ്റൊന്ന്. ഇതിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്‍. മമ്മൂട്ടിയാണ്. ദേശീയതലത്തില്‍ പാര്‍ട്ടിഎന്‍ഡിഎയ്ക്കൊപ്പമാണെങ്കിലും കേരളത്തില്‍ ഒരു മുന്നണിയിലുമില്ല.
നേരത്തേ എന്‍സിപി(എസ്പി) സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയായിരുന്നു. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അദ്ദേഹം രാജി വച്ചു. ഏറെക്കാലമായി ഒരു പാര്‍ട്ടിയിലും ഉണ്ടായിരുന്നില്ല. ശേഷിച്ച എംഎല്‍എമാരായ തോമസ് കെ. തോമസും എ.കെ. ശശീന്ദ്രനും മന്ത്രിസ്ഥാനത്തിന് വേണ്ടി പിടിവലി നടത്തി. എന്നാല്‍, പിണറായിയുടെ ഇഷ്ടക്കാരനായ എ.കെ. ശശീന്ദ്രനാണ് മന്ത്രി സ്ഥാനം ലഭിച്ചത്. സഹോദരന്‍ തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കുട്ടനാട് എംഎല്‍എയായ തോമസ് കെ. തോമസ് മന്ത്രി സ്ഥാനത്തിന് അവകാശവാദം തുടര്‍ച്ചയായി ഉന്നയിച്ചിരുന്നു. പി.സി. ചാക്കോ രാജി വച്ച ഒഴിവിലേക്ക് തോമസ് കെ. തോമസിനെ സംസ്ഥാന പ്രസിഡന്റാക്കി പ്രശ്നം പരിഹരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ മത്സരിക്കാനുള്ള സീറ്റ് ലക്ഷ്യമിട്ടാണ് പി.സി. ചാക്കോ തിരിച്ചു വരവിന് ശ്രമിക്കുന്നത് എന്നാണ് വിവരം. കഴിഞ്ഞ തവണ എന്‍.സി.പി മൂന്നു സീറ്റുകളിലാണ് മത്സരിച്ചത്. കുട്ടനാട്ടില്‍ തോമസ് കെ. തോമസ്, എലത്തൂരില്‍ എ.കെ. ശശീന്ദ്രന്‍, കോട്ടയ്ക്കലില്‍ എന്‍. മമ്മൂട്ടി. ഇതില്‍ മമ്മൂട്ടി മാത്രമാണ് തോറ്റത്. അദ്ദേഹം അജിത്ത് പവാറിന്റെ എന്‍സിപിയിലേക്ക് മാറി സംസ്ഥാന പ്രസിഡന്റായി. ഇക്കുറി രണ്ടു സീറ്റ് മാത്രമാകും എന്‍സിപി(എസ്പി)ക്ക് ലഭിക്കുക എന്നാണ് സൂചന. എലത്തൂരില്‍ എന്തായാലും ശശീന്ദ്രന്‍ തന്നെ മത്സരിക്കും. പിണറായിയുടെ താല്‍പര്യവും അതാണ്. പിന്നെയുള്ള സീറ്റ് കുട്ടനാട് ആണ്. അവിടെ തോമസ് കെ. തോമസ് തന്നെ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.
ഇതിനിടെ പി.സി. ചാക്കോ രംഗത്തു വന്നിരിക്കുന്നത് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരു സീറ്റ് ലക്ഷ്യമിട്ടാണ്. ഇതിനായി കുട്ടനാട് സീറ്റ് വച്ചു മാറാനും നീക്കമുണ്ട്. നാളെ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ശരത് പവാര്‍ നിര്‍ണായക തീരുമാനം എടുക്കുമെന്നാണ് അറിയുന്നത്. പി.സി. ചാക്കോയെ വീണ്ടും സംസ്ഥാന പ്രസിഡന്റാക്കുന്നതാകും അതില്‍ പ്രധാനപ്പെട്ടത്. പിന്നീടാകും സീറ്റ് ചര്‍ച്ചകള്‍ നടക്കുക എന്നുമാണ് ലഭിക്കുന്ന സൂചനകള്‍. തോമസിനെ വെട്ടാന്‍ ശശീന്ദ്രനും ഒന്നിക്കുകയാണ്. ശരത് പവാറുമായി അടുത്ത ബന്ധമുള്ള ഇരുവര്‍ക്കും അത് സാധിക്കും. പോരാത്തതിന് കേരളത്തിലെ മന്ത്രിസ്ഥാനം നിലനിര്‍ത്തണമെങ്കില്‍ പിണറായിയുടെ പ്രീതി പിടിച്ചു പറ്റുകയും വേണം. ആ സ്ഥിതിക്ക് ശശീന്ദ്രന്‍ പറയുന്നതു പോലാകും കാര്യങ്ങള്‍ നടക്കുക.
