തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ വിജയത്തിനുവേണ്ടി രാഷ്ട്രീയ കരുവാക്കി ഉപയോഗപ്പെടുത്തി; അന്വേഷിച്ചേ തീരൂവെന്ന് വി.എസ് സുനില്‍ കുമാര്‍

പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം

Update: 2024-09-25 10:23 GMT

തൃശ്ശൂര്‍: തൃശൂര്‍ പൂരം പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നേ മതിയാകൂവെന്നും തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായിരുന്ന വി.എസ്. സുനില്‍കുമാര്‍. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് ആസൂത്രിതമായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് ഇടയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

ഇപ്പോഴും ബിജെപി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇടതുപക്ഷത്തിനെതിരേയും വ്യക്തിപരമായി തനിക്കെതിരേയും പൂരവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള രാഷ്ട്രീയ ഗൂഢാലോചന പുറത്തുവന്നേ മതിയാകൂ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത് പുറത്തുകൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.

ഇനി എത്രനാള്‍ കഴിഞ്ഞിട്ടാണെങ്കിലും പൂരത്തേക്കുറിച്ച് അന്വേഷിച്ചേ പറ്റൂ. അടുത്ത പൂരം വരുന്നതിന് മുന്‍പ് ഈ പ്രശ്നത്തില്‍ ഒരു വ്യക്തതയുണ്ടാകണം. അടുത്ത കൊല്ലത്തെ പൂരത്തിന് തര്‍ക്കം ഉണ്ടാകാന്‍ പാടില്ല. അടുത്ത കൊല്ലത്തെ പൂരം സുഗമമായി നടത്താന്‍ കഴിയണം, അദ്ദേഹം പറഞ്ഞു.

പൂരത്തെ രാഷ്ട്രീയവിജയത്തിനുള്ള കരുവാക്കി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ജനം അറിയേണ്ട കാര്യമാണ്. അത് അറിഞ്ഞേ പറ്റൂ. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിന് ഇതില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് റിപ്പോര്‍ട്ട് പുറത്തുവരുന്ന ഘട്ടത്തില്‍ എനിക്ക് പറയാനുള്ള കാര്യങ്ങള്‍ മാധ്യമങ്ങളോടു പറയുമെന്നായിരുന്നു സുനില്‍കുമാറിന്റെ മറുപടി.

വിഷയത്തില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങി എന്ന കാര്യത്തില്‍ സംശയമില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. അഞ്ചുമാസമൊന്നും നീട്ടിക്കൊണ്ടുപോകേണ്ട കാര്യം വാസ്തവത്തില്‍ അന്നുണ്ടായിരുന്നില്ല. അത് നേരത്തേതന്നെ പറഞ്ഞിരുന്നു. ഒരിക്കലും വരാതിരിക്കുന്നതിനേക്കാള്‍ നല്ലത് വൈകിയിട്ടാണെങ്കിലും വരുന്നതാണല്ലോ, അദ്ദേഹം പറഞ്ഞു.

തൃശ്ശൂര്‍ പൂരത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ വിജയത്തിനുവേണ്ടി രാഷ്ട്രീയമായ കരുവാക്കി ഉപയോഗപ്പെടുത്തി എന്നത് സത്യമാണ്. അങ്ങനെ ഉപയോഗപ്പെടുത്താനായി പൂരം അലങ്കോലപ്പെടുത്തുന്നതിന്റെ പിന്നിലും അത്തരം ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് ആരൊക്കെ കൂട്ടുനിന്നിട്ടുണ്ട്, ആരൊക്കെയാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നത് ജനങ്ങള്‍ക്ക് അറിയണം. അത് ജനങ്ങളുടെ അവകാശമാണെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. ദേവസ്വങ്ങളെ പഴിചാരാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുക എന്നറിഞ്ഞതിന് ശേഷം ഔദ്യോഗിക പ്രതികരണം നടത്തുമെന്നും ആ ഘട്ടത്തില്‍ അഭിപ്രായം പറയുന്നതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട് പരിശോധിച്ച് തള്ളേണ്ടതാണോ കൂടുതല്‍ നടപടി ആവശ്യമാണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് സുനില്‍ കുമാര്‍ വ്യക്തമാക്കി. പൂരം കലക്കലുമായി ബന്ധപ്പെട്ട ദുരൂഹതകളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗൂഢാലോചന പുറത്തുവന്നേ മതിയാകൂ. എത്രനാള്‍ കഴിഞ്ഞാലും പൂരം കലക്കലിനെപ്പറ്റി അന്വേഷിച്ചേ തീരൂവെന്നും പൂരം രാഷ്ട്രീയ വിജയത്തിന് കരുക്കളായി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് ജനം അറിയണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News