എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിന് സമീപത്തെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചത് തമിഴ്‌നാട്ടുകാരനായ 'മനോരോഗി'; ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ പവര്‍ ബാങ്കിനെ ബോംബാക്കി അവതരിപ്പിച്ചത് 'സ്ലോവാക്യന്‍ കുബുദ്ധി'; അമ്മാവനെ യാത്രയാക്കാന്‍ ടിക്കറ്റില്ലാതെ കയറിയ ആലപ്പുഴക്കാരന്‍; നെടുമ്പാശ്ശേരിയില്‍ സംഭവിക്കുന്നത് എന്ത്? സുരക്ഷ കൂട്ടി സിയാല്‍; അതീവ ജാഗ്രത തുടരും

Update: 2025-01-25 02:50 GMT

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷ അതീവ ശക്തമാക്കും. നെടുമ്പാശേരി വിമാനത്താവള റണ്‍വേയിലേക്ക് മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയ സാഹചര്യത്തിലാണ് ഇത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന് സമീപത്തെ മതില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് സ്വദേശിയാണ് സിഐഎസ്എഫിന്റെ പിടിയിലായത്. ഇയാളെ പിന്നീട് നെടുമ്പാശേരി പോലീസിനു കൈമാറി. തിരിച്ചറിയല്‍ രേഖകളൊന്നും ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. പരസ്പരവിരുദ്ധമായാണു സംസാരിച്ചത്. മനോദൗര്‍ബല്യം ഉണ്ടെന്നു കരുതുന്ന ഇയാളെ പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു. എന്നാല്‍ സംശയങ്ങള്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് നിരീക്ഷണവും സുരക്ഷയും കൂടുതല്‍ കര്‍ശനമാക്കുന്നത്. തീര്‍ത്തും അസ്വാഭാവികമാണ് മതില്‍ ചാടി കടക്കല്‍ ശ്രമം.

ഇന്നലെ രാവിലെ 6 മണിയോടെ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിനു സമീപത്തെ മതില്‍ ചാടാന്‍ തമിഴ്‌നാട് സ്വദേശി ശ്രമിച്ചത്. കഴിഞ്ഞ ദിവസം ചെക്ക്-ഇന്‍ ചെയ്യുന്നതിനിടെ കൈയിലുള്ള പവര്‍ ബാങ്ക് ബോംബ് ആണെന്ന് പറഞ്ഞ സ്ലോവാക്യന്‍ പൗരന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായിരുന്നു. ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാനെത്തിയ റെപന്‍ മാറെക്കാണ് പിടിയിലായത്. ചെക്ക് ഇന്‍ ചെയ്യുന്നതിനായി കൈയിലുണ്ടായിരുന്ന പവര്‍ ബാങ്ക് കൗണ്ടറില്‍ വച്ചു. ഇത് എന്താണെന്ന് ചോദിച്ച എയര്‍ ഇന്ത്യ ജീവനക്കാരനോട് തമാശയായി ബോംബ് ആണെന്നു പറഞ്ഞു. ജീവനക്കാരന്‍ വളരെ ഗൗരവത്തിലെടുത്ത ഈ തമാശയാണ് യാത്രക്കാരന് പൊല്ലാപ്പായതെന്നാണ് പറയുന്നത്.

അപ്പോഴും ചില സംശയങ്ങള്‍ പോലീസിന് അടക്കമുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ എത്രത്തോളമുണ്ടെന്ന് പരീക്ഷിക്കാനായിരുന്നോ ഇതെന്ന ചോദ്യം സജീവമാണ്. ജീവനക്കാരന്‍ വിവരം സുരക്ഷാ വിഭാഗത്തിനു റിപ്പോര്‍ട്ട് ചെയ്തതോടെ സുരക്ഷാ വിഭാഗം ഇയാളെ പിടികൂടി ബാഗും മറ്റും വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം നെടുമ്പാശേരി പോലീസിനു കൈമാറുകയും ചെയ്തു. വിമാനത്താവളത്തിലെ ബോംബ് ത്രെട്ട് അസെസ്‌മെന്റ് കമ്മിറ്റി ക്രമപ്രകാരം യോഗം ചേര്‍ന്നാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മാറെകിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

റദ്ദാക്കിയ ടിക്കറ്റുമായി ഇന്നലെ പുലര്‍ച്ചെ ടെര്‍മിനലില്‍ പ്രവേശിച്ചയാളെയും സുരക്ഷാ വിഭാഗം പിടികൂടിയിരുന്നു. ആലപ്പുഴ സ്വദേശി ജോസഫ് മാത്യുവാണു വിമാനത്താവളത്തില്‍ പിടിയിലായത്. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്കു പോകുന്നതിനായി എടുത്ത ടിക്കറ്റ് പിന്നീടു റദ്ദാക്കിയിരുന്നു. ഈ ടിക്കറ്റുമായി ഇയാളുടെ മാതൃസഹോദരന്‍ റെജിയെ ദുബായിലേക്കു യാത്രയാക്കുന്നതിനാണു വിമാനത്താവളത്തില്‍ പ്രവേശിച്ചത്. വീല്‍ചെയറില്‍ ആയിരുന്ന ബന്ധുവിനെ ടെര്‍മിനലില്‍ സഹായിക്കുന്നതിനാണു പ്രവേശിച്ചതെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി. ജോസഫ് മാത്യുവിനെ പിന്നീടു ജാമ്യത്തില്‍ വിട്ടു. ഇതെല്ലാം കണക്കിലെടുത്താണ് സുരക്ഷ കൂട്ടിയത്. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് രാജ്യത്താകെ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

സുരക്ഷ ശക്തമാക്കി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കൊച്ചി വിമാനത്താവളത്തിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയതായി വിമാനത്താവള കമ്പനി അധികൃതര്‍ അറിയിച്ചു. തിരക്കേറുന്ന സാഹചര്യങ്ങളില്‍ വിമാനത്താവളത്തിലെ വിവിധ സുരക്ഷാ നടപടികള്‍ക്കു കൂടുതല്‍ സമയമെടുത്തേക്കാമെന്നതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പതിവിലും നേരത്തെ എത്തിച്ചേരണമെന്നു സിയാല്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.

Similar News