ഹിപ്പോക്രാറ്റസിന്റെ ജന്മസ്ഥലമായ ഗ്രീസിലെ കോസ് ദ്വീപിലെ പാറക്കല്ലില്‍ ഡോ. ചെറിയാന്റെ പേരും കൊത്തിവച്ചിട്ടുണ്ട്; വൈദ്യശാസ്ത്രത്തിന് വിലമതിക്കാന്‍ കഴിയാത്ത സംഭാവനകള്‍ നല്‍കിയ മലയാളി; ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ അന്തരിച്ചു

Update: 2025-01-26 04:02 GMT

ബംഗളൂരു: ഹൃദയ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ അന്തരിച്ചു. ഇന്നലെ രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബെംഗളൂരുവില്‍ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായപ്പോഴാണ് ഹൃദയ പ്രശ്‌നങ്ങളുണ്ടായത്. രാജ്യത്തെ ആദ്യത്തെ കൊറോണി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാന്‍. ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ടിഎംആര്‍ (ലേസര്‍ ഹാര്‍ട്ട് സര്‍ജറി) എന്നിവ നടത്തിയതും ചെറിയാനാണ്. 1990 മുതല്‍ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സര്‍ജനായിരുന്നു. രാജ്യം 1991ല്‍ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

വേള്‍ഡ് കോണ്‍ഗ്രസ് ഓഫ് തൊറാസിക് കാര്‍ഡിയാക് സര്‍ജന്‍ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയില്‍ നിന്നുള്ള അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് തൊറാസിക് സര്‍ജറിയിലെ ആദ്യ അംഗവുമായിരുന്നു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയാക് തൊറാസിക് സര്‍ജന്റെ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. പീഡിയാട്രിക് കാര്‍ഡിയാക് സൊസൈറ്റി ഓഫ് ഇന്ത്യയുടെയും പ്രസിഡന്റായിരുന്നു. ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു. ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ ഫെലോയും മലേഷ്യന്‍ അസോസിയേഷന്‍ ഫോര്‍ തൊറാസിക് ആന്‍ഡ് കാര്‍ഡിയോവാസ്‌കുലര്‍ സര്‍ജറിയുടെ ഓണററി അംഗവുമായും അദ്ദേഹം സേവനമനുഷ്ടിച്ചു.

ഡോ. കെ.എം ചെറിയാന്‍ വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സര്‍ജറിയില്‍ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1975-ല്‍ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി നടത്തി. ഹൃദയം- ശ്വാസകോശം മാറ്റിവയ്ക്കല്‍, ആദ്യത്തെ പീഡിയാട്രിക് ട്രാന്‍സ്പ്ലാന്റ്, ആദ്യത്തെ ടിഎംആര്‍ (ലേസര്‍ ഹാര്‍ട്ട് സര്‍ജറി) എന്നിവയും നടത്തി. ലഖ്നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി, ഡോ.എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി മെഡിക്കല്‍ യൂണിവേഴ്സിറ്റി എന്നിവയില്‍ നിന്ന് ഓണററി ഡോക്ടര്‍ ഓഫ് സയന്‍സ് ലഭിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ സംഘടിപ്പിച്ച ഒരു പാനലിലൂടെ 2005-ല്‍ അദ്ദേഹത്തിന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെ ജന്മസ്ഥലമായ ഗ്രീസിലെ കോസ് ദ്വീപിലെ പ്രശസ്തമായ പാറക്കല്ലില്‍ ഡോ. ചെറിയാന്റെ പേരും കൊത്തിവച്ചിട്ടുണ്ട്. ഹൃദയശസ്ത്രക്രിയയിലെ വൈദഗ്ദ്യത്തിനുള്ള അംഗീകാരമാണ് ഇത്. ഭാര്യ: സെലിയന്‍ ചെറിയാന്‍. മക്കള്‍: സഞ്ജയ് ചെറിയാന്‍, സന്ധ്യ ചെറിയാന്‍.

Tags:    

Similar News