നെട്ടയത്തെ സ്കൂൾ ബസിൽ നടന്ന കത്തിക്കുത്ത്; ആക്രമണം അഴിച്ചുവിട്ടത് ബസ് ഓടിക്കൊണ്ടിരിക്കവേ; കുത്തേറ്റ 9ാം ക്ലാസുകാരന്റെ ആരോഗ്യം തൃപ്തികരമെന്ന് റിപ്പോർട്ട്; കഴുത്തിലും കവിളിലും പരിക്ക്; കുട്ടിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കും; പ്ലസ്ടു വിദ്യാർഥിയെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി; നടുക്കം മാറാതെ സ്കൂൾ അധികൃതർ
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്. വട്ടിയൂർക്കാവിന് സമീപം നെട്ടയത്ത് പ്ലസ് വൺ വിദ്യാർഥിയുടെ കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒൻപതാംക്ലാസുകാരന്റെ ആരോഗ്യനില തൃപ്തികരം. സ്കൂൾ ബസിനുള്ളിൽ വച്ച് കഴുത്തിലും കവിളിലും പരുക്കുള്ള കുട്ടി ആശുപത്രിയിൽ തന്നെ തുടരുകയാണ്.
ഇരു മുറിവുകളും ആഴത്തിൽ ഉള്ളതല്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം നാളെ തീരുമാനിക്കും. നെട്ടയത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾ തമ്മിലാണ് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ വഴക്കുണ്ടായത്. ഇതിന് പിന്നാലെ പ്ലസ് വൺ വിദ്യാർഥി ഒൻപതാം ക്ലാസുകാരനെ സയൻസ് ലാബിൽ ഉപയോഗിക്കാൻ കൊണ്ടു വന്ന കത്തി ഉപയോഗിച്ച് കുത്തിയതെന്നു പോലീസ് വ്യക്തമാക്കി.
അതേസമയം, അക്രമം നടത്തിയ പ്ലസ് വൺ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കുട്ടിയെ ബോർഡിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തുടർനടപടികൾ ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിക്കും. മുൻപ് ഇരുവരും തമ്മിൽ സ്കൂളിൽ നടന്ന വഴക്കിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബസിലും പ്രശ്നമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഒമ്പതാം ക്ലാസുകാരനെതിരെ നേരത്തെയും കൂട്ടം ചേർന്ന് അക്രമത്തിന് ശ്രമം നടന്നിട്ടുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
ആക്രമണം വിദ്യാർത്ഥികൾ തമ്മിലുള്ള വൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നു. എല്ലാം മനസിൽ കരുതിയിറങ്ങിയ വിദ്യാർത്ഥി ലാബിലെ ആവശ്യത്തിന് വേണ്ടി എത്തിച്ച കത്തി ഉപയോഗിച്ചാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിയത്.
നെട്ടയം മലമുകളിൽ വച്ചാണ് ബസിനുള്ളിൽ ആക്രമണം നടന്നത്. ഗുരുതരമായി കുത്തേറ്റ വിദ്യാർത്ഥിയെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. കുത്തിയ വിദ്യാർത്ഥി ഇപ്പോൾ വട്ടിയൂർക്കാവ് പോലീസിന്റെ കസ്റ്റഡിയിലാണ്. കുത്തിയ കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.