ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാര്‍ട്ടികള്‍ക്കും ഡ്രൈ ഡേ ഇളവ് പരിഗണനയില്‍; ആവശ്യം ഉന്നയിച്ച് ബാറ് ഉടമകളും ഡിസ്ലറി ഉടമകളും; കള്ളുഷാപ്പുകളുടെ ദൂരപരിധിയിലും അവ്യക്തത; കരട് മദ്യനയത്തിലെ വ്യവസ്ഥകളില്‍ സംശയം ഉന്നയിച്ച് മന്ത്രിമാര്‍; സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും
സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം വൈകും. കരട് മദ്യനയത്തിലെ വ്യവസ്ഥകളില്‍ മന്ത്രിമാര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം മദ്യനയം പരിഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മദ്യനയമാണ് മന്ത്രിസഭയുടെ പരിഗണനയിലേക്ക് വന്നത്. എന്നാല്‍, പ്രധാനമായും രണ്ടു കാര്യങ്ങളില്‍ അന്തിമമായ തീരുമാനത്തിലെത്താന്‍ മന്ത്രിസഭാ യോഗത്തിന് കഴിഞ്ഞില്ല.
ഡ്രൈ ഡേ ആണ് ഇതിലൊന്ന്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മദ്യനയത്തില്‍ ശുപാര്‍ശയുണ്ടായിരുന്നു. പക്ഷെ ഇത് എങ്ങനെ നടപ്പാക്കണമെന്നതില്‍ അവ്യക്തതയുണ്ടായി. ടൂറിസം മേഖലകളില്‍ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ട് മറ്റു മേഖലകളില്‍ ഡ്രൈ ഡേ തുടരാം എന്നതായിരുന്നു ഒടുവില്‍ വന്ന അഭിപ്രായം. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയശേഷം മദ്യനയത്തിന് അംഗീകാരം നല്‍കിയാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
മറ്റൊന്ന് കള്ളുഷാപ്പുകളുടെ ദൂരപരിധിയാണ്. പുതുതായി കള്ളുഷാപ്പുകള്‍ അനുവദിക്കുമ്പോള്‍ നിലവിലുള്ള ദൂരപരിധിയില്‍ ഇളവു വേണമെന്ന് വിവിധ യൂണിയനുകള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഒരു തീരുമാനത്തിലെത്താന്‍ മന്ത്രിസഭാ യോഗത്തിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. കൂടാതെ, മദ്യനിര്‍മാണ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയവും യോഗത്തിന്റെ പരിഗണയില്‍ വന്നില്ല.
കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷന്‍ ഡ്രൈ ഡേയ്ക്ക് മദ്യം നല്‍കുന്നതിലും കൂടുതല്‍ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കൂടുതല്‍ വിശദമായ ചര്‍ച്ചക്കായി മദ്യനയം മാറ്റി. പുതിയ കള്ളു ഷാപ്പുകള്‍ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തില്‍ വ്യക്തയില്ലെന്നുമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്. ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാര്‍ട്ടികള്‍ക്കും ഒന്നാം തീയതി ഡ്രൈ ഡേ ദിവസം ഇളവ് അനുവദിക്കുന്നതാണ് പ്രധാനമായും പുതിയ മദ്യ നയം. ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്നാണ് പുതിയ മദ്യനയം നേരത്തെ മാറ്റി വച്ചിരുന്നത്. തലസ്ഥാനത്തില്ലാത്ത എക്‌സൈസ് മന്ത്രി ഓണ്‍ ലൈന്‍ വഴിയാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്.
ഫോര്‍ സ്റ്റാര്‍ , ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ഇളവ് നല്‍കുന്നത് മദ്യ നയത്തില്‍ പറയുന്നു. ടൂറിസം കോണ്‍ഫറന്‍സ്, രാജ്യാന്തര സെമിനാര്‍ എന്നിവയുണ്ടെങ്കില്‍ മാത്രമേ മദ്യം വിളമ്പാന്‍ അനുമതിയുള്ളു. ടൂറിസം പരിപാടിയുണ്ടെങ്കില്‍ പ്രത്യേകം പണം കെട്ടി വെച്ച് മദ്യം വിളമ്പാനാണ് അനുമതി നല്‍കുന്നത്. ഈ വ്യവസ്ഥയില്‍ പുതിയ നിര്‍ദേശങ്ങള്‍ വന്നതും നയം മാറ്റി വെക്കാന്‍ കാരണമായി. കള്ള് ചെത്ത് സംബന്ധിച്ച് വ്യവസ്ഥകളില്‍ സിപിഐയും എതിര്‍പ്പ് ഉന്നയിച്ചു.
എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഒന്നാം തീയതി മദ്യ വില്‍പന നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കിയിരുന്നത്. ചാരായം നിരോധനം ബന്ധപ്പെട്ട തീരുമാനങ്ങളും അക്കാലത്താണ് ഉണ്ടായത്. ഇതിലാണ് പുതിയ മദ്യനയത്തിലൂടെ മാറ്റം വരുന്നത്. ഡ്രൈഡേയിലെ ഭാഗിക ഇളവ് സംബന്ധിച്ച് ബാറ് ഉടമകളും ഡിസ്ലറി ഉടമകളും ആവശ്യം ഉന്നയിച്ചിരുന്നു. ടൂറിസം മേഖലയില്‍ നിന്നുള്ള നിരന്തരമായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് ഇപ്പോള്‍ ഭാഗിക ഇളവിന് ശുപാര്‍ശ ചെയ്തിരുന്നു. കരട് മദ്യനയത്തില്‍ ബാറുകളുടെ സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇടം നേടിയിട്ടില്ല.