എപ്‌സ്റ്റീൻ ഫയലുകളിൽ ദലൈലാമയും; ലൈംഗിക കുറ്റവാളിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തൽ, 169 തവണ ഇ-മെയിലുകളിൽ പരാമർശം; സംഭാവനയായി കോടികൾ വാങ്ങിയെന്നും ആരോപണം; ആത്മീയ ലോകത്തെ ഞെട്ടിച്ച് പുതിയ റിപ്പോർട്ടുകൾ

Update: 2026-02-03 11:16 GMT

വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ വിവാദമായ കേസുമായി ബന്ധപ്പെട്ട ഫയലുകളില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പേരും. യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട തെളിവുകളില്‍, ദലൈലാമയെക്കുറിച്ച് 169ഓളം തവണ ഇ-മെയിലുകളില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം. 2012ല്‍ എപ്‌സ്റ്റീനുമായി ദലൈലാമ കൂടിക്കാഴ്ച നടത്തിയെന്നും മറ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ദലൈലാമയും എപ്‌സ്റ്റീനും ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചില ഇ-മെയിലുകളില്‍ പരാമര്‍ശമുണ്ട്.

എപ്‌സ്റ്റീന്റെ യു.എസിലെ മാന്‍ഹട്ടനിലുള്ള വസതിയില്‍ നടന്ന ഒത്തുചേരലുകളില്‍ പങ്കെടുത്ത പ്രമുഖ വ്യക്തികളുടെ കൂട്ടത്തില്‍ ദലൈലാമയും ഉണ്ടായിരുന്നതായി മാധ്യമപ്രവര്‍ത്തകനായ മൈക്കല്‍ വൂള്‍ഫ് ഡെയിലി ബീസ്റ്റ് പോഡ്കാസ്റ്റിലൂടെ അവകാശപ്പെട്ടു. സംഭാവനയായി ലഭിച്ച പണമായിരിക്കാം ദലൈലാമയെ എപ്‌സ്റ്റീന് അരികിലെത്തിച്ചതെന്നും വൂള്‍ഫ് ആരോപിച്ചു. വൂള്‍ഫിന്റെ ഈ അവകാശവാദങ്ങളെ "Why was The Dalai Lama at Jeffery Epstein’s House?" എന്ന തന്റെ ലേഖനത്തില്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകനായ ജേക്കബ് സില്‍വര്‍മാനും ആവര്‍ത്തിക്കുന്നുണ്ട്.

ദലൈലാമയുടെ അനുയായികളും എപ്‌സ്റ്റീനെ സന്ദര്‍ശിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ മാധ്യമമായ നെക്‌സ്റ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഈ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദലൈലാമയുടെ ഓഫീസ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് സില്‍വര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. എപ്‌സ്റ്റീനു പുറമെ, ലൈംഗികാരാധനകള്‍ കാരണം വിവാദത്തിലാവുകയും 2019-ല്‍ ഏഴ് കുറ്റകൃത്യങ്ങളില്‍ 120 വര്‍ഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്ത ക്രിമിനല്‍ കുറ്റവാളി കീത്ത് അലന്‍ റാനിയറുമായും ദലൈലാമയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്.

ദലൈലാമ 2009-ല്‍ റാനിയറിനൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കുകയും ടിബറ്റന്‍ ആചാരപ്രകാരമുള്ള സ്കാര്‍ഫ് അദ്ദേഹത്തെ അണിയിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കീത്ത് ദലൈലാമയ്ക്ക് ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയെന്നും സില്‍വര്‍മാന്‍ ആരോപിക്കുന്നു. ലൈംഗിക കുറ്റകൃത്യങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ ജെഫ്രി എപ്‌സ്റ്റീന്റെ ഫയലുകളിലെ വെളിപ്പെടുത്തലുകള്‍, ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ പ്രതിക്കൂട്ടിലാക്കുകയും പുതിയ ചോദ്യങ്ങളുയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദലൈലാമയുടെ പേരും ഈ പട്ടികയില്‍ ഇടംപിടിക്കുന്നത്.

Tags:    

Similar News