വിമാനങ്ങളുടെ വേഗത 15 ശതമാനം കുറയുമോ? കര്‍ബണ്‍ എമിഷന്‍ കുറയ്ക്കാന്‍ നിര്‍ദ്ദേശവുമായി പരിസ്ഥിതി ശാസ്ത്രജ്ഞര്‍; വിമാനയാത്രക്ക് കൂടുതല്‍ സമയമെടുക്കുമ്പോള്‍ അസ്വസ്ഥരാകുന്നവര്‍ക്ക് തിരിച്ചടിയാകും

വിമാനയാത്രയുടെ സമയദൈര്‍ഘ്യം വര്‍ദ്ധിക്കും തോറും അസ്വസ്ഥരാകുന്ന ചിലരുണ്ട്

Update: 2024-09-25 05:42 GMT

വിമാനയാത്രയുടെ സമയദൈര്‍ഘ്യം വര്‍ദ്ധിക്കും തോറും അസ്വസ്ഥരാകുന്ന ചിലരുണ്ട്. ഒരു വിമാനത്തിനുള്ളില്‍ ഒരു മണിക്കൂര്‍ ഇരിക്കുന്നത് പോലും ചിലരെ അസ്വസ്ഥരാക്കും. ഇവര്‍ക്കുള്ള ദുഃഖകരമായ വാര്‍ത്ത, വിമാനയാത്രയുടെ സമയദൈര്‍ഘ്യം ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ട് എന്നതാണ്. യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജിലെ ശാസ്ത്രജ്ഞരുടെ വാക്കുകള്‍ക്ക് അധികൃതര്‍ ചെവി കൊടുത്താല്‍ അത് സംഭവിക്കുക തന്നെ ചെയ്യും.

വിമാനങ്ങളുടെ വേഗത 15 ശതമാനത്തോളം കുറയ്ക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അതായത്, അറ്റ്‌ലാന്റികിന് കുറുകെയുള്ള യാത്രയുടെ സമയത്തില്‍ 50 മിനിറ്റോളം അധികം വരും എന്നര്‍ത്ഥം. വേഗത കുറച്ചാല്‍, ഇന്ധനം കത്തുന്നത് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതുവഴി കാര്‍ബണ്‍ പുറന്തള്ളുന്നതും കുറയ്ക്കാന്‍ കഴിയും. നിശ്ചയദാര്‍ഢ്യത്തോടെ ത്വരിത നടപടികള്‍ സ്വീകരിക്കാതെ, 2050 ഓടെ നെറ്റ് സീറോ എമിഷന്‍ എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.

'വ്യോമയാത്രയുടെ പുതിയ ഭാവി രൂപപ്പെടുത്താന്‍ അഞ്ച് വര്‍ഷങ്ങള്‍' എന്ന് പേരിട്ട റിപ്പോര്‍ട്ടില്‍, ഇന്ധന ഉപയോഗം കുറയ്ക്കാന്‍ മൂന്ന് ധീരമായ നടപടികളാണ് നിര്‍ദ്ദേശിക്കുന്നത്. നിലവിലെ വിമാനങ്ങളുടെ ഉപയോഗ കാലാവധി കുറയ്ക്കുന്നതിനായി കൂടുതല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുക, വിമാനങ്ങളുടെ വേഗത കുറയ്ക്കുക, ഓരോ വിമാനവും അവയുടെ രൂപകല്പന ചെയ്ത റേഞ്ചില്‍ പ്രവര്‍ത്തിക്കുക എന്നിവയാണവ. ഈ രീതികള്‍ കൈക്കൊണ്ടാല്‍ 2050 ആകുമ്പോഴേക്കും ഇന്ധന ഉപയോഗത്തില്‍ 22 ശതമാനം കുറവ് കൈവരിക്കാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ധീരമായ പല നടപടികളും ഉണ്ടെന്നും ഇവയില്‍ പലതും നടപ്പിലാക്കുന്നതിന്‍ നിലവിലെ രീതികളില്‍ സമൂല പരിവര്‍ത്തനം ആവശ്യമാണെന്നും അതില്‍ പറയുന്നു. അവ കൂടി സ്വീകരിക്കാന്‍ തയ്യാറായാല്‍ 2050 ആകുമ്പോഴേക്കും ഇന്ധന ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നും പറയുന്നു. ആതില്‍ ആദ്യ നടപടി നിലവില്‍ 30 വര്‍ഷം എന്നുള്ള വിമാനത്തിന്റെ കാലാവധി 15 വര്‍ഷമായി കുറയ്ക്കുക എന്നതാണ്.

ഈ ഒരു മാറ്റം തന്നെ ഇന്ധന ഉപയോഗത്തില്‍ 11 മുതല്‍ 14 ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. വിമാനത്തിന്റെ വേഗത 15 ശതമാനം കുറച്ചാല്‍ ഇന്ധന ഉപയോഗത്തില്‍ അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ കുറവ് വരുത്താന്‍ കഴിയും.

Tags:    

Similar News