കടുംനിറത്തിലുള്ള ലിപ്‌സറ്റിക് ഉപയോഗിക്കരുതെന്ന് ദഫേദാറിനോട് പറഞ്ഞ മേയറുടെ പിഎ; ചോദ്യം ചെയ്തപ്പോള്‍ സ്ഥലം മാറ്റം; ചെന്നൈയില്‍ നിന്നൊരു രാഷ്ട്രീയ ലിപ്സ്റ്റിക് വിവാദം

ലിപ്സ്റ്റിക്കുമായി ബന്ധപ്പെട്ടല്ല മാധവിയുടെ സ്ഥലം മാറ്റമെന്നും മേയര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Update: 2024-09-25 07:13 GMT


ചെന്നൈ: ചെന്നൈയില്‍ ലിപ് സ്റ്റിക് വിവാദം. ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് വിലക്കിയതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനിലെ ദഫേദാറായ എസ്ബി മാധവിയെ സ്ഥലം മാറ്റിയെന്നാണ് ആരോപണം. 336 വര്‍ഷം പഴക്കമുള്ള ചെന്നൈ കോര്‍പറേഷന്റെ ചരിത്രത്തില്‍ ആദ്യ ദളിത് വനിതാ മേയറായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തി കൂടിയാണ് 30-കാരിയും ഡി.എം.കെ. പ്രവര്‍ത്തയുമായ പ്രിയ. മേയറെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് പുതിയ വിവാദം.

ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനിലെ ആദ്യ വനിതാ ദഫേദാറാണ് മാധവി. മേയറുടെ ഔദ്യോഗിക പരിപാടിക്കെത്തുമ്പോള്‍ ലിപ്സ്റ്റിക്ക് ഉപയോഗിക്കരുതെന്ന് മാധവിയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആരോപണം. ഇത് അവര്‍ അനുസരിച്ചില്ല. ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ തമിഴ്നാട്ടിലെ മണലി സോണിലേക്ക് മാധവിയെ മാറ്റി. ഇതാണ് വിവാദത്തിന് കാരണം. മാധവി കൃത്യമായി ജോലിക്കെത്തുന്നില്ലെന്നും മേലുദ്യോഗസ്ഥരുടെ ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നുമാണ് മെമ്മോയില്‍ പറയുന്നത്. എന്നാല്‍ മറുപടിയില്‍ മാധവി നിറച്ചത് ലിപ്സ്റ്റിക് വിവാദമാണ്.

ലിപ്സ്റ്റിക്ക് വിലക്കിയുള്ള സര്‍ക്കാരിന്റെ ഉത്തരവ് കാണിക്കാന്‍ മേയര്‍ പ്രിയ രാജന്റെ പേഴ്സണല്‍ അസിസ്റ്റന്റായ ശിവശങ്കറിനോട് മാധവി ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. 'ലിപ്സ്റ്റിക്ക് ഉപയോഗിക്കരുതെന്ന് നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടു. പക്ഷേ ഞാന്‍ അത് അനുസരിച്ചില്ല. അതൊരു നിയമലംഘനമാണെങ്കില്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവ് എന്നെ കാണിക്കണം.'- മെമ്മോയ്ക്ക് നല്‍കിയ മറുപടിയില്‍ മാധവി പറയുന്നു.

ഇത്തരം നടപടികള്‍ മനുഷ്യാവകാശ ലംഘനമാണെന്നും ജോലിയെടുക്കാത്ത തരത്തിലുള്ള തെറ്റുകള്‍ തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും മാധവി വ്യക്തമാക്കുന്നു. അതിനിടെ വിശദീകരണവുമായി മേയര്‍ പ്രിയ രംഗത്തെത്തി. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി റിപ്പണ്‍ ബില്‍ഡിങ്ങില്‍ നടന്ന ഫാഷന്‍ ഷോയില്‍ ദഫേദാര്‍ പങ്കെടുത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായെന്ന് പ്രിയ വ്യക്തമാക്കുന്നു.

' ഇക്കാര്യം അവരെ അറിയിച്ചതാണ്. പെട്ടെന്ന് കണ്ണിലുടക്കുന്ന തരത്തിലുള്ള കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കുകളാണ് ദഫേദാര്‍ ഉപയോഗിക്കാറുള്ളത്. എംബസി അധികൃതരില്‍നിന്നും മന്ത്രിമാരുടെ ഓഫീസുകളില്‍നിന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ എപ്പോഴും വരാറുണ്ട്. അതിനാല്‍ കടുംനിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ ഉപയോഗിക്കരുതെന്ന് എന്റെ പി.എ. അവരോട് പറയുക മാത്രമാണ് ചെയ്തത്. - മേയര്‍ പറയുന്നു.

ലിപ്സ്റ്റിക്കുമായി ബന്ധപ്പെട്ടല്ല മാധവിയുടെ സ്ഥലം മാറ്റമെന്നും മേയര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഈ നടപടി ആസൂത്രിതമാണെന്നും സിംഗിള്‍ മദറായ തനിക്ക് ഏറെ ദൂരെയുള്ള മണലിയിലേക്ക് സ്ഥലം മാറ്റം നല്‍കിയത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മാധവി പ്രതികരിച്ചു.

Tags:    

Similar News