ആഗോള അയ്യപ്പസംഗമത്തില്‍ 'കണക്കില്ലാത്ത' ധൂര്‍ത്ത്; സര്‍ക്കാരിന് ഹൈക്കോടതിയില്‍നിന്ന് വീണ്ടും പ്രഹരം കിട്ടുമോ? ഊരാളുങ്കല്‍ കരാറിലും ദുരൂഹത; സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ സിപിഎമ്മിനെ വിയര്‍പ്പിച്ച് പുതിയ വിവാദം; ശബരിമലയില്‍ പിണറായിയെ 'ശനിദശ' പിന്തുടരുമ്പോള്‍
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം വരുത്തിവെച്ച രാഷ്ട്രീയ മുറിവുകള്‍ ഉണക്കാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ആഗോള അയ്യപ്പ സംഗമം ഒടുവില്‍ എല്‍.ഡി.എഫിന് തന്നെ തിരിച്ചടിയാകുന്നു. സംഗമത്തിന്റെ വരവുചെലവ് കണക്കുകളില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന കണ്ടെത്തലോടെ സി.പി.എം വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ദേവസ്വം ബോര്‍ഡ് മതിയായ ജാഗ്രത കാട്ടിയില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് കൃത്യമായി പരിശോധിക്കാതെയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും ആഭ്യന്തര ചര്‍ച്ചകളില്‍ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. നാലു കോടിയോളം ചെലവായി. ഈ ചെലവ് തുകയാണ് ദേവസ്വം ബോര്‍ഡിന് കിട്ടിയത്. എന്നാല്‍ ഇനി കൊടുക്കാനുള്ള തുക ഇപ്പോഴും ഉണ്ട്.
സ്വര്‍ണ്ണക്കൊള്ള വിവാദങ്ങളില്‍ നിന്ന് കഷ്ടിച്ച് കരകയറി വരുമ്പോഴാണ് പുതിയ പാരയായി അയ്യപ്പ സംഗമത്തിലെ കണക്കിലെ കളി പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി ഒരുക്കിയ ലക്ഷങ്ങള്‍ വിലമതിക്കുന്ന കട്ടിലും മെത്തയും 'നന്ദഗോവിന്ദം' ഭജന്‍സുമെല്ലാം ഇപ്പോള്‍ സര്‍ക്കാരിനെ തിരിഞ്ഞുകൊത്തുകയാണ്. താമസസൗകര്യത്തിനായി മുന്‍ പ്രസിഡന്റ് പറഞ്ഞ കണക്കും അന്തിമ റിപ്പോര്‍ട്ടിലെ കണക്കും തമ്മില്‍ ലക്ഷങ്ങളുടെ വ്യത്യാസമാണുള്ളത്. 24.37 ലക്ഷം രൂപയെന്ന് പറഞ്ഞ സ്ഥാനത്ത് 37.25 ലക്ഷം രൂപ എങ്ങനെ വന്നുവെന്നതിന് ആര്‍ക്കും ഉത്തരമില്ല. 17ന് ദേവസ്വം ബോര്‍ഡ് വിശദ ചര്‍ച്ച നടത്തും. അതിന് ശേഷം പുതിയ കണക്കുകള്‍ ഹൈക്കോടതിയില്‍ നല്‍കും.
കരാര്‍ നല്‍കിയതിലും ദുരൂഹതയുണ്ട്. ഊരാളുങ്കല്‍ സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനത്തിന് ടെന്‍ഡറില്ലാതെ കരാര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്ന ആക്ഷേപം ശക്തമാണ്. ഊരാളുങ്കലിനുള്ള ആനുകൂല്യം ഉപസ്ഥാപനങ്ങള്‍ക്കും ലഭിക്കുമോ എന്ന നിയമപ്രശ്‌നം സര്‍ക്കാരിനെ വിയര്‍പ്പിക്കുന്നുണ്ട്. 'കണക്ക് പറയേണ്ടത് അത് നടത്തിയവരാണ്' എന്ന് പറഞ്ഞ് എം.വി. ഗോവിന്ദനും, 'എല്ലാം ദേവസ്വം ബോര്‍ഡിനോട് ചോദിക്കൂ' എന്ന് പറഞ്ഞ് മന്ത്രി വി.എന്‍. വാസവനും കൈകഴുകുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ഇടത് മുന്നണിയാണ്. രാഷ്ട്രീയ നേട്ടം കൊയ്യാന്‍ നോക്കിയ അയ്യപ്പ സംഗമം ഇപ്പോള്‍ സര്‍ക്കാരിന്റെ ഗതിമാറ്റുന്ന പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.
ശബരിമല യുവതീപ്രവേശമുണ്ടാക്കിയ പേരുദോഷം മാറ്റാനുള്ള ശുദ്ധിക്രിയയായാണ് ആഗോള അയ്യപ്പസംഗമത്തിന് സര്‍ക്കാര്‍ ഒരുങ്ങിയത്. എന്‍ എസ് എസിനെ അടുപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ അയ്യപ്പ സംഗമം പൊളിഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസും സി.പി.എമ്മിന്റെ രണ്ടുനേതാക്കള്‍ ജയിലിലായതും സര്‍ക്കാരിനും മുന്നണിക്കും തലവേദനയുണ്ടാക്കി. തദ്ദേശതിരഞ്ഞെടുപ്പില്‍ ഇതിന്റെ ഫലം കൊയ്തത് യു.ഡി.എഫാണ്. ഈ കേസിലെ പ്രതികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ബന്ധം പുറത്തുവന്നതോടെ ഇടതുപക്ഷത്തിനേറ്റ ആഘാതം കുറഞ്ഞുതുടങ്ങിയതാണ്. ഇതിനിടെയാണ് പുതിയ വിവാദം. ഇതാണ് സര്‍ക്കാരിനും സിപിഎമ്മിനും തലവേദനയാകുന്നത്.
ഈ ഘട്ടത്തിലാണ് ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുകണക്കുകളില്‍ അടിമുടി പിഴവുകളും ധൂര്‍ത്തും ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്. ഫലത്തില്‍ കണക്കും കണക്കുകൂട്ടലും പിഴച്ച് ആഗോള അയ്യപ്പസംഗമം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിരിക്കുകയാണ്. അയ്യപ്പസംഗമത്തിന്റെ നടത്തിപ്പു കരാര്‍മുതല്‍ ചെലവിന്റെ കണക്കുവരെ ദുരൂഹവും സംശയങ്ങള്‍ ഏറെയുള്ളതുമാണ്. ഊരാളുങ്കല്‍ സൊസൈറ്റിക്കു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന് ടെന്‍ഡറില്ലാതെ കരാര്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഊരാളുങ്കല്‍ അക്രഡിറ്റഡ് ഏജന്‍സിയായതിനാല്‍ ടെന്‍ഡര്‍ വേണ്ടതില്ലെന്നാണ് സി.പി.എം. നേതാക്കളുടെ വിശദീകരണം.
എന്നാല്‍, ഊരാളുങ്കലിന് ലഭിച്ച പദവി അതിനുകീഴിലുള്ള പ്രത്യേകസ്ഥാപനങ്ങള്‍ക്ക് എങ്ങനെ ബാധകമാകുമെന്നതാണ് ഇതില്‍ ആദ്യത്തെ ചോദ്യം. സ്വയംഭരണസ്ഥാപനമായ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കുന്ന രീതിയില്‍ അക്രഡിറ്റഡ് ഏജന്‍സിയെന്നപേരില്‍ ടെന്‍ഡറില്ലാതെ കരാര്‍ നല്‍കാനാകുമോയെന്നതാണ് രണ്ടാമത്തെ ചോദ്യം. ഇവയ്‌ക്കൊന്നും കൃത്യമായ വിശദീകരണം ഉണ്ടായിട്ടില്ല.
