സൗത്ത് വെയില്‍സ് പോര്‍ട്ട് ടബോള്‍ട്ടിലെ ടാറ്റ സ്റ്റീല്‍ പ്ലാന്റ് അടച്ചു പൂട്ടി; 100 വര്‍ഷം പ്രവര്‍ത്തിച്ച പ്ലാന്റിലെ ജീവനക്കാര്‍ പ്രതിഷേധത്തില്‍; ജീവനക്കാരോട് ക്ഷമാപണം നടത്തി സി ഇ ഒ രാജേഷ് നായര്‍

പോര്‍ട്ട് ടബോള്‍ട്ടിലെ ടാറ്റ സ്റ്റീല്‍ പ്ലാന്റ് അടച്ചു പൂട്ടി

Update: 2024-10-01 04:25 GMT

സൗത്ത് വെയില്‍സ്: ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തിന് വിരാമമിട്ടുകൊണ്ട് പോര്‍ട്ട് ടബോള്‍ട്ടിലെ ടാറ്റാ സ്റ്റീലിലുള്ള അവസാന ഫര്‍ണസ് ആയ ബ്ലാസ്റ്റ് ഫര്‍ണസ് 4 ഉം പ്രവര്‍ത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഫര്‍ണസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ അവസാന ഉരുക്ക് ദണ്ഡും നിര്‍മ്മിച്ചു. വെയ്ല്‍സിലെ പരമ്പരാഗത ഉരുക്ക് നിര്‍മ്മാണത്തിന് അന്ത്യമായി എന്നറിയിച്ചുകൊണ്ട് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വെളുത്ത പുക കുഴലിലൂടെ ഉയര്‍ന്നു, അവസാന വട്ടത്തേക്ക് കൂടി.

അതീവ വൈകാരികമായ ക്ലേശമേറിയ ഒരു ദിനം എന്നാണ് ടാറ്റ യു കെയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായര്‍ ജീവനക്കാര്‍ക്ക് എഴുതിയ ഈമെയില്‍ സന്ദേശത്തില്‍ പറയുന്നത്. നിലവിലെ ഫര്‍ണസുകള്‍ നീക്കംചെയ്ത്, കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസുകള്‍ സ്ഥാപിക്കാനാണ് ഇപ്പോള്‍ കമ്പനി അടച്ചത്. സ്‌ക്രാപ്പ് സ്റ്റീല്‍ ഉപയോഗിച്ചുള്ള സ്റ്റീല്‍ നിര്‍മ്മാണമായിരിക്കും പുതിയ ഫര്‍ണസുകള്‍ പ്രവര്‍ത്തനക്ഷമമായാല്‍ ഉണ്ടാവുക. 2028 മുതല്‍ ഇവ പ്രവര്‍ത്തനം ആരംഭിച്ചു തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

പരിസ്ഥിതി സൗഹാര്‍ദ്ദ സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റത്തിന് 1.25 ബില്യണ്‍ പൗണ്ടിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 500 മില്യന്‍ പൗണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കും. മാറ്റം നിലവില്‍ വരുന്നതോടെ 3,000 ഓളം പേറ്ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. മൊത്തം തൊഴിലാളികളുടെ 75 ശതമാനത്തോളം വരും ഇത്. ബ്രിട്ടനിലെ ഇരുമ്പ് ഉരുക്ക് നിര്‍മ്മാണത്തിന്റെ ചരിത്രത്തില്‍ ഒരു നൂറ്റാണ്ടോളം നിര്‍ണ്ണായക ശക്തിയായി നിലകൊണ്ട ടാറ്റ സ്റ്റീല്‍, പ്ലാന്റിന്റെ ആയുസ്സ് കഴിഞ്ഞതോടെ അടച്ചു പൂട്ടുകയാണ് എന്നാണ് കമ്പനി അറിയിച്ചത്.

എന്നാല്‍, 2027-28 ല്‍ അതേ സ്ഥലത്ത് ഉരുക്ക് നിര്‍മ്മാണം പുനരാരംഭിക്കുമെന്നും, കുറവ് കാര്‍ബണ്ഡൈ ഓക്സൈഡ് പുറംതള്ളുന്ന പുതിയ സാങ്കേതിക വിദ്യയില്‍ മുതല്‍ മുടക്കിയതിനാല്‍ പരിസ്ഥിതി സൗഹാര്‍ദ്ദമായ രീതിയില്‍ ഉരുക്ക് നിര്‍മ്മാണം സാധ്യമാകുമെന്നും ഇത് രാജ്യത്തിന്റെ ഹരിത ഭാവി കൂടുതല്‍ ശോഭനമാക്കുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു. ബ്രിട്ടനില്‍ 5000 തൊഴില്‍ സാധ്യതകള്‍ ഉറപ്പാക്കുമെന്നും, ഏറെ മത്സരം അഭിമുഖീകരിക്കുന്ന ബ്രിട്ടീഷ് വിപണിയില്‍ ഈ മാറ്റം കമ്പനിക്ക് ഏറെ ഗുണകരമാകുമെന്നും കമ്പനി വക്താവ് അറിയിച്ചു.

Tags:    

Similar News