അപ്പയുടെ തണലില്ലാതെ സൈബറാക്രമണങ്ങളെ പുഷ്പം പോലെ നേരിട്ടു; 'മത്സരിക്കുമോ എന്ന് ചോദിച്ചാല്‍ 'നോ' എന്ന് പറയില്ല! മൗനം വെടിഞ്ഞ് മറിയ ഉമ്മന്‍; പാര്‍ട്ടിയും ജനങ്ങളും ആവശ്യപ്പെട്ടാല്‍ വഴങ്ങുമോ? ചെങ്ങന്നൂരില്‍ 'വിസ്മയം' കാട്ടാന്‍ മറിയ ഇറങ്ങുമോ? എല്ലാം മാധ്യമസൃഷ്ടിയെന്ന് ചാണ്ടി ഉമ്മന്‍ പറയുമ്പോഴും ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പം വോട്ടായി മാറ്റാന്‍ കോണ്‍ഗ്രസ്
മറിയ ഉമ്മന്‍ മത്സരിക്കുമോ?
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ വിഷയത്തില്‍ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, പാര്‍ട്ടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ആലോചിക്കുമെന്നാണ് മറിയ ഉമ്മന്‍ മറുപടി നല്‍കിയത്. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും, തന്റെ പേര് സ്ഥാനാര്‍ത്ഥിയായി പ്രചരിക്കുന്നതിന്റെ കാരണം അറിയില്ലെന്നും, ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്ക് ഉണ്ടെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു.ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.
അടുത്തിടെ നടത്തിയ ഡല്‍ഹി യാത്ര പൂര്‍ണ്ണമായും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നു എന്ന് അവര്‍ വിശദീകരിച്ചു. തന്റെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് മതമേലധ്യക്ഷന്മാരെ കണ്ടതെന്നും അവര്‍ പറഞ്ഞു. വീട്ടില്‍ മക്കള്‍ക്കിടയില്‍ തുല്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലെന്നും പിതാവ് ഉമ്മന്‍ ചാണ്ടി മൂന്ന് മക്കളെയും ഒരുപോലെയാണ് കണ്ടിരുന്നതെന്നും മറിയ ഉമ്മന്‍ പറഞ്ഞു. പാര്‍ട്ടി തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അച്ചടക്കമുള്ള പ്രവര്‍ത്തകനായതിനാലാണ് മത്സരരംഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ചാണ്ടി ഉമ്മന്‍ അങ്ങനെ പ്രതികരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത കാലത്തായി ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടികളിലും മറ്റ് സാംസ്‌കാരിക പരിപാടികളിലും മറിയ ഉമ്മന്‍ സ്ഥിര സാന്നിധ്യമാണ്. പ്രത്യേകിച്ച് ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഒരു പ്രത്യേക സ്ഥലം കേന്ദ്രീകരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. തന്നെ ക്ഷണിക്കുന്ന എല്ലാ പരിപാടികളിലും പോകാന്‍ ശ്രമിക്കാറുണ്ട്. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റുകളും മറ്റ് സംഘടനകളും നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളിലും അനുസ്മരണങ്ങളിലും പങ്കെടുക്കാറുണ്ട്.
ചെങ്ങന്നൂരില്‍ മാത്രമല്ല, കഴിഞ്ഞ ആഴ്ചകളില്‍ ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ സ്ഥലങ്ങളിലും പരിപാടികള്‍ക്കായി പോയിരുന്നുവെന്ന് അവര്‍ പറഞ്ഞു. ആളുകള്‍ സ്‌നേഹത്തോടെ ക്ഷണിക്കുന്നത് കൊണ്ടാണ് ഇത്തരം യാത്രകള്‍ നടത്തുന്നത്. ചാണ്ടി ഉമ്മന്‍ തിരക്കുള്ള എംഎല്‍എ ആയതിനാല്‍ പല പരിപാടികളിലും അദ്ദേഹത്തിന് എത്താന്‍ കഴിയില്ല. സഹോദരി അച്ചു ഉമ്മന്‍ ദുബായിലായതിനാല്‍ നാട്ടിലുള്ള താനും അമ്മയുമാണ് ഇത്തരം ക്ഷണം സ്വീകരിച്ച് പലയിടത്തും പോകുന്നതെന്നും അവര്‍ പറഞ്ഞു.
കോട്ടയം ഡിസിസി കാഞ്ഞിരപ്പള്ളിയില്‍ മറിയ ഉമ്മനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന് നിര്‍ദ്ദേശിച്ചതായുള്ള വാര്‍ത്തകളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അവര്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ വാര്‍ത്തകളിലൂടെ ഇത് കേട്ടിരുന്നു എന്നല്ലാതെ പാര്‍ട്ടിയില്‍ നിന്ന് ആരും ഇതുവരെ ഇക്കാര്യം സംസാരിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ വന്നാല്‍ മാത്രമേ മറ്റുള്ളവരെ സഹായിക്കാന്‍ കഴിയൂ എന്ന് താന്‍ കരുതുന്നില്ലെന്ന് മറിയ ഉമ്മന്‍ പറഞ്ഞു. ഒരാളെ സഹായിക്കാന്‍ നല്ലൊരു മനസ്സ് മാത്രം മതിയെന്ന പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പാഠമാണ് ജീവിതത്തില്‍ താന്‍ പിന്തുടരുന്നതെന്നും അവര്‍ വ്യക്തമാക്കി.
താന്‍ രാഷ്ട്രീയത്തിലേക്ക് വരുമോ ഇല്ലയോ എന്നത് ഇപ്പോള്‍ ഒരു ചര്‍ച്ചാവിഷയം ആക്കേണ്ട കാര്യമില്ലെന്ന് മറിയ ഉമ്മന്‍ പറഞ്ഞു. നിലവില്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയിലെ എംഎല്‍എയാണ്. അതിനാല്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ 15 വര്‍ഷമായി താന്‍ സാമൂഹിക സേവന രംഗത്തുണ്ട്. ഇനിയും അത് തുടര്‍ന്നു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. തന്റെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയുടെ മരണസമയത്ത് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കുടുംബത്തില്‍ യാതൊരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. ചാണ്ടി ഉമ്മന്‍ മത്സരിക്കുക എന്നത് അന്ന് വളരെ വ്യക്തമായ തീരുമാനമായിരുന്നുവെന്നും മറിയ ഉമ്മന്‍ ഓര്‍മ്മിപ്പിച്ചു. പരിപാടികള്‍ക്ക് പോകുമ്പോള്‍ ആളുകള്‍ സ്‌നേഹത്തോടെ വന്ന് സംസാരിക്കാറുണ്ട്. കൂടുതല്‍ സജീവമാകണമെന്ന് ആവശ്യപ്പെടാറുണ്ട്. അതെല്ലാം തന്റെ പിതാവിനോടുള്ള സ്‌നേഹമായാണ് താന്‍ കാണുന്നതെന്നും അവര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നത് നിലവില്‍ വെറും ഒരു സാങ്കല്പിക ചോദ്യം മാത്രമാണെന്ന് മറിയ ഉമ്മന്‍ പറഞ്ഞു. അത്തരമൊരു സാഹചര്യത്തെക്കുറിച്ച് ഇപ്പോള്‍ ഉത്തരം പറയേണ്ട ഒരു നിലയിലല്ല താനുള്ളതെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, അങ്ങനെയൊരു സാഹചര്യം വന്നാല്‍ അപ്പോള്‍ പ്രതികരിക്കാമെന്നായിരുന്നു അവരുടെ മറുപടി. നിലവില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് തന്റെ താല്പര്യമെന്നും അവര്‍ ആവര്‍ത്തിച്ചു. നിലവിലെ സാഹചര്യത്തില്‍ സാമൂഹിക പ്രവര്‍ത്തകയായി തന്നെ തുടരാനാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി സാമൂഹിക പ്രവര്‍ത്തന മേഖലയിലുണ്ട്. ഒപ്പം തൊഴില്‍പരമായ തിരക്കുകളും പിതാവിന്റെ അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഒക്കെയായി സന്തോഷത്തോടെ മുന്നോട്ട് പോകുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മറിയ ഉമ്മനെ രംഗത്തിറക്കുന്നതിലൂടെ സംസ്ഥാനത്തുടനീളം വലിയൊരു ചലനം ഉണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ വൈകാരികമായ അടുപ്പം വോട്ടായി മാറുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. ചെങ്ങന്നൂര്‍, ആറന്മുള, കാഞ്ഞിരപ്പള്ളി എന്നീ മണ്ഡലങ്ങളാണ് മറിയയ്ക്കായി സജീവമായി പരിഗണിക്കപ്പെടുന്നതെന്നാണ് വിവരം.
സ്ഥാനാര്‍ത്ഥിത്വത്തില്‍ ചാണ്ടി ഉമ്മന് ഭിന്നാഭിപ്രായമോ?
സഹോദരിമാരുടെ പേരുകള്‍ പല മണ്ഡലങ്ങളിലേക്കും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും തല്‍ക്കാലം മത്സരിക്കാന്‍ രണ്ടുപേര്‍ക്കും താല്‍പ്പര്യമില്ലെന്നാണ് തന്നോട് പറഞ്ഞതെന്ന് കഴിഞ്ഞ മാസമാദ്യം ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. അച്ചു ഉമ്മന്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ കേവലം മാധ്യമസൃഷ്ടിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പുതുപ്പള്ളിയില്‍ ഇക്കുറി ആര് മത്സരിക്കണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും, പാര്‍ട്ടിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്പയെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ഡോ. മറിയ ഉമ്മന്‍
പിതാവിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോള്‍ ഡോ. മറിയ ഉമ്മന്‍ പലപ്പോഴും കരഞ്ഞുപോകാറുണ്ട്. 'നിയമസഭയില്‍ എന്നെ വ്യക്തിപരമായി ആക്ഷേപിച്ചപ്പോള്‍ അത്ര വിഷമം തോന്നിയില്ല, കാരണം അന്ന് അപ്പയുണ്ടായിരുന്നു. എന്നാല്‍ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് കാലത്ത് സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ ഞാന്‍ ഉലഞ്ഞുപോയി. അന്ന് കൂടെ നില്‍ക്കാന്‍ അപ്പയില്ലായിരുന്നു,' മറിയ ഓര്‍ക്കുന്നു. മംഗലാപുരത്തെ നാല് വര്‍ഷത്തെ പഠനകാലമൊഴിച്ചാല്‍ എന്നും അപ്പയോടൊപ്പമായിരുന്നു ജീവിതം. വിമാനത്താവളത്തില്‍ മകനെയാക്കാന്‍ പോയപ്പോള്‍ തനിച്ചു നിന്ന നിമിഷം പോലും അപ്പയുടെ കരുതലിനെ ഓര്‍ത്ത് കരഞ്ഞുപോയെന്നും മറിയ പറയുന്നു.
അക്കാദമിക് മികവില്‍ ഡോക്ടറേറ്റ്
തിരുവനന്തപുരം ഏണസ്റ്റ് ആന്‍ഡ് യംഗിലെ ഉദ്യോഗസ്ഥയായ മറിയ ഉമ്മന്‍ മാനേജ്‌മെന്റില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരുന്നു. ജയ്പൂര്‍ മഹാത്മാ ജ്യോതി റാവു ഫൂലെ സര്‍വകലാശാലയില്‍ നിന്ന് 'ഐടി മേഖലയിലെ മാനേജര്‍മാരുടെ ഗുണനിലവാരത്തില്‍ മാനേജ്‌മെന്റിന്റെ സ്വാധീനം' എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഡോ. വര്‍ഗീസ് ജോര്‍ജാണ് ഭര്‍ത്താവ്. എഫിനോവ ഏക മകനാണ്.
