സൈറണുകള്‍ മുഴങ്ങി; എല്ലാവരും സുരക്ഷയ്ക്കായി ബോംബ് ഷെല്‍റ്ററുകളില്‍; ഇസ്രയേലിന് നേരേ ഇറാന്റെ മിസൈലാക്രണം; ബാലിസ്റ്റിക് മിസൈലുകള്‍ എന്നുസൂചന; കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക; വലിയ വെല്ലുവിളിയെന്ന് നെതന്‍യ്യാഹു; പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കില്‍

ഇസ്രയേലിന് നേരേ ഇറാന്റെ മിസൈലാക്രണം

Update: 2024-10-01 17:12 GMT

ടെല്‍അവീവ്: ഇസ്രയേലില്‍ സൈറണുകള്‍ മുഴങ്ങി. ജനങ്ങള്‍ ഷെല്‍ട്ടറുകളില്‍ അഭയം തേടി. യുദ്ധം വ്യാപിക്കുകയാണ്. ഇറാന്‍ ഇസ്രയേലിന് നേരേ മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന( ഐ ഡി എഫ് ) അറിയിച്ചു. ഇസ്രയേലിനെ ആക്രമിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന അമേരിക്കയുടേതടക്കം മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഇറാന്‍ മിസൈലുകള്‍ പായിച്ചത്. ഇവ ബാലിസ്റ്റിക് മിസൈലുകള്‍ ആണോ എന്ന് വ്യക്തമല്ല. ഇസ്രയേല്‍ പ്രതീക്ഷിക്കുന്നത് ബാലിസ്റ്റിക് മിസൈലുകളെയാണ്. ഇവയ്ക്ക് 12 മിനിറ്റിനകം ഇസ്രയേലില്‍ എത്താം. ഡ്രോണുകളോ, ക്രൂസ് മിസൈലുകളോ കൂടുതല്‍ സമയമെടുക്കും.




ഏപ്രിലില്‍ ഇറാന്‍ അഴിച്ചുവിട്ട ഡ്രോണ്‍, മിസൈലാക്രമണത്തേക്കാള്‍ കടുത്തതായിരിക്കും ഇക്കുറിയെന്നാണ് കണക്കുകൂട്ടല്‍. ഇസ്രയേലിലെ മൂന്നും സൈനിക വ്യോമ താവളങ്ങള്‍, ടെല്‍അവീവിലെ മൊസാദിന്റെ ആസ്ഥാനം എന്നിവ ലക്ഷ്യമാക്കിയാണ് മിസൈലുകള്‍ തൊടുത്തുവിട്ടതെന്നാണ് കരുതുന്നത്.




ഇറാനില്‍ നിന്നുള്ള ഏതുമിസൈലാക്രമണവും വിപുലമായ തോതിലാകുമെന്നും ആളുകള്‍ ഷെല്‍റ്ററുകളില്‍ കഴിയണമെന്നും ഐ ഡി എഫ് വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി ആവശ്യപ്പെട്ടു. ഇറാന് പുറമേ ഹിസ്ബുള്ളയും ടെല്‍അവീവ് ലക്ഷ്യമാക്കി റോക്കറ്റുകള്‍ അയച്ചിരുന്നു.

ഇസ്രയേലിന് നേരേ ഇറാന്റെ വലിയ തോതിലുള്ള ആക്രമണം പശ്ചിമേഷ്യയില്‍ മൊത്തം യുദ്ധം വ്യാപിക്കുന്നതിന് ഇടയാക്കിയേക്കുമെന്ന് ആശങ്കയുണ്ട്. യുദ്ധത്തിന്റെ തീവ്രതയേറിയാല്‍, തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രയേലിന്റെ തുണയ്ക്കായി അമേരിക്ക പാഞ്ഞെത്തും.




 

ഇറാനിയന്‍ അച്ചുതണ്ടിനോട് മല്ലിടുന്ന ഇസ്രയേല്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്‍യ്യാഹു വൈകുന്നേരം പറഞ്ഞു. ജനങ്ങള്‍ സുരക്ഷാമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജെറുസലേമിലെ യുഎസ് ഏംബസിയും തങ്ങളുടെ ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു.




യുദ്ധം വ്യാപിക്കുന്നു

വെള്ളിയാഴ്ച ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ വകവരുത്തിയതോടെ യുദ്ധം അവസാനിച്ചെന്ന് കരുതേണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക ഇസ്രയേലിന്റെ പോരാട്ടത്തെ സജീവമായി പിന്തുണയ്ക്കുന്നുണ്ടെന്നാണ് യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. ആക്‌സിയോസിന്റെ രാഷ്ട്രീയ ലേഖകനും ഇസ്രയേലി മാധ്യമപ്രവര്‍ത്തകനുമായ ബാരക് റാവിഡ് ആണ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാന്റെ ഭീഷണി പുറത്തുവിട്ടത്.

അമേരിക്കയില്‍ നിന്നും ഇന്റലിജന്‍സ് വിവരം കിട്ടിയതായി ഐ ഡി എഫ് വക്താവ് റെയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി രാവിലെ പറഞ്ഞിരുന്നു. ഇസ്രയേലി പ്രതിരോധ സേന തെക്കന്‍ ലെബനനില്‍ കൂടുതല്‍ ഉള്ളിലേക്ക് കടന്നുകയറുമെന്ന സൂചന നല്‍കി കൊണ്ട് അതിര്‍ത്തിയിലെ 20 ഓളം പട്ടണങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിര്‍ത്തിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ അവാലി നദിയുടെ വടക്കുഭാഗത്തേക്ക് പോകാനാണ് ലെബനീസ് പൗരന്മാരോട് ഐഡിഎഫ് വക്താവ് അവിചയ് ആഡ്രേയ് ആവശ്യപ്പെട്ടത്.



അതേസമയം, വടക്കന്‍ ലെബനനില്‍, ഹിസ്ബുള്ളയും ഇസ്രയേലി സൈന്യവും തമ്മില്‍ കടുത്ത പോരാട്ടം തുടരുകയാണ്. ഇസ്രയേല്‍ സൈനിക വക്താവാണ് ഇത് അറിയിച്ചത്. ഇസ്രയേല്‍ പ്രതിരോധ സേന( ഐ ഡി എഫ്) യുടെ വ്യോമാക്രമണത്തിന് തിരിച്ചടിയായി അതിര്‍ത്തിയിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹിസ്ബുള്ള റോക്കറ്റുകള്‍ തൊടുത്തുവിട്ടു.

അതിര്‍ത്തി ഗ്രാമങ്ങളായ ഷ്തുല, മെറ്റുല, അവിവിം എന്നിവ കൂടാതെ ഇസ്രയേലിന്റെ വടക്കന്‍ തുറമുഖ നഗരമായ ഹൈഫയും ടെല്‍അവീവും ലക്ഷ്യമാക്കിയായിരുന്നു റോക്കറ്റുകള്‍ പായിച്ചത്. കരയുദ്ധം തുടങ്ങുന്നതിന്റെ ഭാഗമായി ഗസ്സയില്‍ ഹമാസിനെ എതിരിടാന്‍ നിയോഗിച്ചിരുന്ന 98 ാം ഡിവിഷനെയാണ് തെക്കന്‍ ലബനനിലെ ഗ്രാമങ്ങളിലെ ആക്രമണത്തിനായി തിരിച്ചുവിട്ടത്. വ്യോമസേനയും പീരങ്കിപ്പടയും കരസൈനികര്‍ക്ക് പിന്തുണ നല്‍കി. കരയുദ്ധത്തിന് ഇന്നലെയാണ് പച്ചക്കൊടി വീശിയത്.




ഇസ്രയേലി പട്ടണങ്ങള്‍ക്ക് ഭീഷണിയായ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങള്‍ തച്ചുതകര്‍ക്കാനാണ് പരിശ്രമമെന്ന് സൈനിക വക്താവ് റെയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഇസ്രയേലി ഗ്രാമങ്ങളോട് ചേര്‍ന്നുള്ള ലെബനീസ് ഗ്രാമങ്ങളെ സൈനിക താവളങ്ങളായി ഹിസ്ബുള്ള മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ 7 ന് ഹമാസ് കടന്നുകയറി ശൈലയില്‍ ഇസ്രയേലികളുടെ വീടുകളിലേക്ക് ഇരച്ചുകയറി നിരപരാധികളായവരെ കൂട്ടക്കുരുതി നടത്തി അധിനിവേശത്തിനായി ഹിസ്ബുള്ള പദ്ധതിയിട്ടിരുന്നെന്നും ഹഗാരി പറഞ്ഞു.

ഇപ്പോള്‍, പരിമിതമായ രീതിയിലാണ് സൈനിക നടപടിയെങ്കിലും, ഭീകര സംഘടനയെ തകര്‍ക്കും വിധം ഓപ്പറേഷന്‍ വ്യാപിപ്പിക്കണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിലെ തീവ്രപക്ഷക്കാര്‍, വിശേഷിച്ചും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിലെ പോലുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തില്‍ നിന്ന് രക്ഷയ്ക്കായി ലക്ഷക്കണക്കിന് ഇസ്രയേലികള്‍ ഷെല്‍റ്ററുകളില്‍ അഭയം തേടി. മധ്യഇസ്രയേലില്‍ ഉടനീളം സൈറനുകള്‍ മുഴങ്ങി. ഹിസ്ബുള്ള തൊടുത്തുവിട്ട ഒരു റോക്കറ്റ് ഫാര്‍ കാസ്സന്‍ പട്ടണത്തിലെ ഒരു റോഡില്‍ പതിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ചുരുങ്ങിയ തോതില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയതോടെയാണ് ലെബനനില്‍ നിന്ന് ഹിസ്ബുള്ളയുടെ മിസൈല്‍-റോക്കറ്റ് ആക്രമണം രൂക്ഷമായത്.



ടെല്‍അവീവിന് സമീപമുള്ള ഇസ്രയേലി സൈനിക താവളമായ ഗിലോട്ടിനെ ലക്ഷ്യമാക്കി റോക്കറ്റുകള്‍ തൊടുത്തതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ഫാദി 4 റോക്കറ്റുകളാണ് സൈനിക ഇന്റലിജന്‍സ് യൂണിറ്റിനും മൊസാദ് ആസ്ഥാനത്തിനും നേരേ തൊടുത്തുവിട്ടത്. ഇവ ലക്ഷ്യം കണ്ടുവോയെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയില്ല.

Tags:    

Similar News