പഞ്ചാബി വീട്ടമ്മയ്ക്ക് ബ്രിട്ടീഷ് എംബസ്സി ഒരു വര്‍ഷത്തിനിടെ വിസ നിഷേധിച്ചത് അഞ്ചു തവണ; ഒരുമിച്ച് പിറന്ന മൂന്ന് കൊച്ചുക്കളെ കാണാനുള്ള യാത്ര ഒടുവില്‍ സാധിച്ചത് നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍; വൈറലായ ഒരു വിസിറ്റിംഗ് വിസയുടെ കഥ

സഹായിക്കാന്‍ ഒരു നിയമജ്ഞനെത്തിയപ്പോള്‍, അനാവശ്യമായി കുരുക്കിക്കെട്ടിയ ചുവപ്പു നാടകളൊക്കെ താനെ അഴിഞ്ഞു വീഴുകയായിരുന്നു

Update: 2024-10-02 01:27 GMT

ലണ്ടന്‍: ഒരുമിച്ച് പിറന്ന മൂന്ന് കൊച്ചുമക്കളെ കാണാന്‍ ഒടുവില്‍ മുത്തശ്ശിയെത്തി. പന്ത്രണ്ട് മാസക്കാലത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് അയ്യായിരത്തോളം മൈലുകള്‍ താണ്ടി മുത്തശ്ശി ബ്രിട്ടനിലെത്തിയത്. അഞ്ചു തവണ വിസ അപേക്ഷ നിരാകരിച്ചുകൊണ്ടായിരുന്നു ഇന്ത്യയില്‍ താമസിക്കുന്ന ഗുര്‍മീത് കൗറിന് തന്റെ കൊച്ചുമക്കളെ കാണാനുള്ള അവസരം നിഷേധിച്ചത്. എന്നാല്‍, ഒരു സോളിസിറ്റര്‍ ഈ മുത്തശ്ശിയെ സഹായിക്കാന്‍ എത്തിയതോടെ, അവസാനം അവര്‍ മാഞ്ചസ്റ്ററിലെ ഹെയ്ലില്‍ തന്റെ കൊച്ചുമക്കളുടെ സമീപത്ത് എത്തുകയായിരുന്നു.

ഒരേ ദിവസം ജനിച്ച കൊച്ചുമക്കള്‍ക്ക് സമീപം മുത്തശ്ശിയെത്തിയത് ആഹ്ലാദകരമാണെന്നായിരുന്നു, അവരുടെ മകനും മൂന്ന് കുട്ടികളുടെ പിതാവുമായ ബല്‍ജിത്തിന്റെ പ്രതികരണം. വെണ്ണ കിട്ടിയ പൂച്ചയുടെ അവസ്ഥയാണ് ബല്‍ജിത്തിനെന്നാണ് അയാളുടെ ഭാര്യാ മാതാവായ പാം ബാര്‍നെസ് പറയുന്നത്. ആ മുഖത്തെ വിസ്മയം കലര്‍ന്ന പുഞ്ചിരി ഇനിയും മാഞ്ഞട്ടില്ല. തന്റെ അമ്മ, സമീപത്തെത്തി എന്ന് ഇനിയും വിശ്വസിക്കാന്‍ ആവുന്നില്ല തന്റെ മരുമകന് എന്നും അവര്‍ പറയുന്നു. കൊച്ചുമക്കള്‍ മുത്തിശ്ശിയുടെ ജീവനായി മാറിയപ്പോള്‍ അവര്‍ക്കും മുത്തശ്ശിയെ വിട്ടു നില്‍ക്കാന്‍ ആകാതെയായി.

2023 ഏപ്രിലിലായിരുന്നു ബല്‍ജിത്തിനും ഭാര്യ മാഡിക്കും മൂന്ന് കുട്ടികള്‍ പിറന്നത്. വെറും രാഷ്ട്രീയക്കളികള്‍ കാരണമാണ് കൗറിന് വിസ ലഭിക്കാതെ പോയതെന്ന് അവര്‍ പറയുന്നു. ഇവിടെ എത്തിയാല്‍ പിന്നെ മുത്തശ്ശി ഇന്ത്യയിലേക്ക് തിരികെ പോകില്ലെന്നായിരുന്നു അപേക്ഷ നിരാകരിക്കാന്‍ കാരണമായി പറഞ്ഞത്. എന്നാല്‍, ഇത് വെറും വിഢിത്തമാണെന്ന് ബല്‍ജിത്തും ഭാര്യയും പറയുന്നു. തന്റെ അച്ഛനും മറ്റു കുടുംബാംഗങ്ങളും ഇപ്പോഴും താമസിക്കുന്നത് ഇന്ത്യയിലാണെന്നും അവരെ വിട്ട് ഏറെ നാള്‍ ബ്രിട്ടനില്‍ നില്‍ക്കാന്‍ അമ്മക്ക് എങ്ങനെ കഴിയും എന്നുമാണ് അയാള്‍ ചോദിക്കുന്നത്.

മുപത്തിഒന്നാമത്തെ ആഴ്ചയിലായിരുന്നു മൂന്ന് കുട്ടികള്‍ പിറന്നത്. ജനനത്തിനു ശേഷം വിമാനയാത്രക്ക് അവര്‍ക്ക് കഴിയുമായിരുന്നില്ല. മെഡിക്കല്‍ കാരണങ്ങള്‍ കൊണ്ട് കുട്ടികളുടെ വിമാനയാത്ര സുരക്ഷിതമല്ലായിരുന്നു. അതുകൊണ്ടാണ് ബല്‍ജിത്തിനും കുടുംബത്തിനും ഇന്ത്യയിലെത്തി അമ്മയെ കാണാന്‍ കഴിയാതെ വന്നത്. ഗ്രാന്‍ഡ്പാ റിപ്പോര്‍ട്ട്‌സില്‍ ഇവരുടെ കഥ കണ്ടിട്ടാണ് ഒരു സോളിസിറ്റര്‍ സഹായവുമായി മുന്‍പോട്ട് വന്നത്. അത് വിസയിലേക്കുള്ള വഴി തുറന്നു എന്ന് മാഡി പറയുന്നു.

സാമ്പത്തിക ശേഷിയും, അമ്മ ബ്രിട്ടനില്‍ വന്നാല്‍ അവര്‍ക്ക് താമസ സൗകര്യം ഒരുക്കുവാനുള്ള കഴിവും എല്ലാം തെളിയിക്കുന്ന രേഖകളും നല്‍കിയിരുന്നതായി ബല്‍ജിത്ത് പറയുന്നു. എന്നിട്ടും അനാവശ്യമായി ചുവപ്പ് നാടകള്‍ മുറുക്കുകയായിരുന്നു അധികൃതര്‍. ഇത്തരത്തില്‍, യുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ നിരത്തി വിസ നിഷേധിക്കുന്നത് ഇതാദ്യമായിട്ടല്ല. എന്നാല്‍, അധികമാരും അതിനെതിരെ പോരാടാന്‍ തുനിയാറില്ല എന്ന് മാത്രം. ഇവിടെ ഒരു കുടുംബം ധീരമായ നിലപാടെടുത്തപ്പോള്‍, അവരെ സഹായിക്കാന്‍ ഒരു നിയമജ്ഞനെത്തിയപ്പോള്‍, അനാവശ്യമായി കുരുക്കിക്കെട്ടിയ ചുവപ്പു നാടകളൊക്കെ താനെ അഴിഞ്ഞു വീഴുകയായിരുന്നു.

Tags:    

Similar News