ടിക്കറ്റ് എടുക്കാതെ യാത്രകാരന്‍ വിമാനത്തിനുള്ളില്‍ കയറി; മാഞ്ചസ്റ്ററില്‍ സംഭവിച്ചത് വന്‍ വീഴ്ച; വിമാനം മാറി കയറിയതോ എന്നും സംശയം; അന്വേഷണം പ്രഖ്യാപിച്ചു; ഈസി ജെറ്റില്‍ സംഭവിച്ചത്

ഇയാള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Update: 2024-10-06 04:20 GMT

ലണ്ടന്‍: മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് പാസ്സ് ഇല്ലാതെ ഒരു യാത്രാ വിമാനത്തില്‍ കയറിപറ്റിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായം ഇരുപതുകളില്‍ ഉള്ള ഇയാള്‍ക്ക് സെക്യൂരിറ്റി ടേര്‍മിനല്‍ 1 ലെ സെക്യൂരിറ്റി ചെക്കുകളിലൂടെ വളരെ എളുപ്പം കടന്നു പോകാനായി. വെള്ളിയാഴ്ച രാത്രിയിലെ ഈസിജെറ്റിന്റെ മിലനിലേക്കുള്ള ഇ സെഡ് വൈ 2127 വിമാനത്തിലാാണ് ഇയാള്‍ കയറിയതെന്ന് ഐ ടി വി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് പൂര്‍ണ്ണമായും യാത്രക്കാരുണ്ടായിരുന്ന വിമാനം റണ്‍വേയിലൂടെ നീങ്ങിക്കൊണ്ടിരുന്ന സമയത്താണ് ജീവനക്കാര്‍ ഇയാള്‍ക്ക് ടിക്കറ്റില്ലാത്ത വിവരം അറിഞ്ഞത്.

ഉടന്‍ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു. യാത്രക്കാരെ എല്ലാവരെയും വിമാനത്തില്‍ നിന്നും ഇറക്കുകയും ലഗേജുകള്‍ യാത്രക്കാര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. വിശദമായ പരിശോധന നടത്തി വിമാനത്തിനോ യാത്രക്കാര്‍ക്കോ ഭീഷണി ഒന്നുമില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. സംശയകരമായ രീതിയില്‍ ഒന്നും കണ്ടെത്തിയില്ല എന്ന് മാത്രമല്ല, സംഭവത്തിന് തീവ്രവാദ പ്രവൃത്തനവുമായി ബന്ധമുണ്ട് എന്ന് സംശയിക്കത്തക്ക തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടുമില്ല.

ഒക്ടോബര്‍ 4 വെള്ളിയാഴ്ച രാത്രി 7 മണീയോടെയാണ് ടിക്കറ്റില്ലാത്ത ഒരാള്‍ വിമാനത്തില്‍ കയറിയതായി വിമാനത്താവളത്തില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്നതെന്ന് ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പറഞ്ഞു. തിരികെ ടെര്‍മിനലില്‍ എത്തിച്ച അയാളെ അവിടെ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. മതിയായ രേഖകള്‍ ഇല്ലാതെ വിമാനത്തില്‍ കയറിയതിനും പൊതു ശല്യം ഉണ്ടാക്കിയതിനുമാണ് ഇയാളുടെ പേരില്‍ കേസ് എടുത്തിട്ടുള്ളത്. ഇയാള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇക്കാര്യം ഈസിജെറ്റും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ എങ്ങനെ വിമാനത്തില്‍ കയറിപ്പറ്റി എന്ന് അറിയുവാന്‍ ജീവനക്കാരുമായി കമ്പനി സംസാരിക്കുകയാണ്. സി സി ടിവി ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഇതിനെ കുറിച്ച് കൂടുതല്‍ വിശദവിവരങ്ങള്‍ പുറത്തു വിടാന്‍ കമ്പനി തയ്യാറായിട്ടില്ല. അയാള്‍ വിമാനം തെറ്റി കയറിയതാവും എന്ന് കമ്പനി വക്താവ് പറയുന്നുണ്ടെങ്കിലും, അയാളുടെ കൈവശം ബോര്‍ഡിംഗ് പാസ്സ് ഇല്ലായിരുന്നു എന്നാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്.

Tags:    

Similar News