'കേരളത്തിലെ വ്യവസായമേഖലക്ക് ഒരു പൊന്‍തൂവല്‍ കൂടി; ഇടപ്പള്ളിയില്‍ പുതിയ യു ടേണ്‍ നാട മുറിച്ച് ഉത്ഘാടനം ചെയ്ത് വ്യവസായ മന്ത്രി; പുതിയ വ്യാവസായിക ഇടനാഴിക്ക് തുടക്കമിട്ട മന്ത്രി നീണാള്‍ വാഴട്ടെ'; ഇടപ്പള്ളി ടോളില്‍ പുതിയ യു-ടേണ്‍ തുറന്നതും ചടങ്ങാക്കി മാറ്റിയ മന്ത്രി രാജീവിന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം

മന്ത്രി രാജീവിന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം

Update: 2024-11-03 07:30 GMT

കളമശ്ശേരി: കളമശേരിയില്‍ ട്രാഫിക് പരിഷ്‌കാരത്തിന്റെ ഭാഗമായി എറണാകുളത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഇടപ്പള്ളി ടോളില്‍ കഴിഞ്ഞ ദിവസം പുതിയ യു ടേണ്‍ തുറന്നിരുന്നു. വ്യവസായ മന്ത്രി പി രാജീവ് നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ട്രാഫിക് പരിഷ്‌കാരം വന്‍ വിജയമായതോടെയാണ് പുതിയ യു ടേണ്‍ ഒരുക്കിയത്. നേരത്തേ 377, 378 മെട്രോ തൂണുകള്‍ക്കിടയിലായിരുന്നു യു ടേണ്‍ സൗകര്യം. ഇവിടെ റോഡിന് വീതി കുറവായിരുന്നതിനാല്‍ എറണാകുത്തേക്കുള്ള വാഹനങ്ങള്‍ നിര്‍ത്തിയിട്ടശേഷമാണ് യു ടേണ്‍ എടുത്തിരുന്നത്. റോഡിന് വീതികൂടിയ ഭാഗത്ത് 380, 381 മെട്രോ തൂണുകള്‍ക്കിടയിലേക്കാണ് പുതിയ യു ടേണ്‍ മാറ്റിയത്. ഇതോടെ ഇരുഭാഗത്തേയും ഗതാഗതം തടസ്സപ്പെടാതെ വാഹനങ്ങള്‍ക്ക് തിരിഞ്ഞുപോകാന്‍ കഴിയും.

ദേശീയപാതയിലെയും എച്ച്എംടി റോഡിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയതോടെ വാഹനങ്ങളില്‍നിന്നുള്ള കാര്‍ബണ്‍ പുറംതള്ളലിന്റെ തോത് 94ല്‍നിന്ന് 34 ആയി കുറഞ്ഞതായി കണ്ടെത്തി. ദിവസേന സ്വകാര്യ ബസുകള്‍ക്ക് ഏഴ് ലിറ്റര്‍വരെ ഡീസല്‍ ചെലവില്‍ കുറവുമുണ്ടായി. ഈ ഭാഗത്ത് ദേശീയപാതയില്‍ അപകടങ്ങളും കുറഞ്ഞു. ഇടപ്പള്ളി മേല്‍പ്പാലത്തിന് അടിയിലൂടെ ചെറുവാഹനങ്ങള്‍ക്ക് വലത്തോട്ട് തിരിഞ്ഞുപോകാന്‍ (ഫ്രീ റൈറ്റ്) സൗകര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി നിലവിലെ നടപ്പാത മാറ്റി റോഡിന് വീതി കൂട്ടും. ഇടപ്പള്ളി ടോളില്‍ ആലുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് പുതുക്കി നിര്‍മിക്കുമെന്നും ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു.

യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഉപകാരപ്രദമാണ് മാറ്റമെങ്കിലും പുതിയ യു ടേണ്‍ തുറക്കുന്നതും വ്യവസായ മന്ത്രി നേരിട്ടെത്തി നാട മുറിച്ച് ഉദ്ഘാടന ചടങ്ങാക്കി മാറ്റിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 'വ്യവസായ മന്ത്രി പി രാജീവിനെ ഇതുവരെ അവിശ്വസിച്ചതിന് മാപ്പ്. കേരളത്തിലെ വ്യവസായമേഖലക്ക് ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിച്ച് ഇടപ്പള്ളിയില്‍ പുതിയു ടേണ്‍ നാട മുറിച്ച് ഉത്ഘാടനം ചെയ്ത് മാന്യ മന്ത്രി. പുതിയ വ്യാവസായിക ഇടനാഴിക്ക് തുടക്കമിട്ട മന്ത്രിയദ്ദേഹം നീണാള്‍ വാഴട്ടെ' എന്നായിരുന്നു ഫേസ്ബുക്ക് പേജില്‍ വന്ന പരിഹാസം.

കേരളത്തിലെ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി വര്‍ധിപ്പിക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാരിന് നേട്ടം കൈവരിക്കാനായില്ലെന്ന് മാത്രമല്ല, പല വ്യവസായ സ്ഥാപനങ്ങളും പൂട്ടി പോകുകയോ, കേരളം ഉപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയോ ചെയ്തതടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. വ്യവസായ മേഖലയില്‍ വന്‍ നിക്ഷേപം ലക്ഷ്യമിട്ട് മന്ത്രിമാര്‍ നടത്തിയ വിദേശ യാത്രകളും, പ്രവാസി നിക്ഷേപം ലക്ഷ്യമിട്ട ലോക കേരള സഭയും വന്‍ പരാജയമായി മാറിയ പശ്ചാത്തലത്തിലാണ് വിമര്‍ശനമുയരുന്നത്. കേരളത്തിലെ തകര്‍ന്നു കിടക്കുന്ന വിവിധ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയും വിമര്‍ശനം ഉയരുന്നുണ്ട്.

'സമ്മതിക്കണം , ഒരു റോഡിലെ യു ടേണ്‍ നാടമുറിച്ച് ഉത്ഘാടിക്കാന്‍ മന്ത്രിയും പരിവാരങ്ങളും ..കഷ്ടം. ഈ നാട മുറിച്ചതിന് എന്ത് ചെലവ് വന്നു എന്നും കൂടി ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും. വ്യവസായമന്ത്രിയുടെ ഭാരിദ്ര്യം എത്രത്തോളമെന്ന് നിങ്ങള്‍ക്കൊന്നും മനസ്സിലാകില്ല, ഇവരെ ഒക്കെ എന്ത് പറയാന്‍ ഉണ്ടാക്കിയ യു ടേണ്‍ നേരെ ചൊവ്വേ ഒന്ന് ടാര്‍ ചെയ്യുകയെങ്കിലും ചെയ്തിട്ട് warning ടേപ്പ് മുറിച്ചു ഉല്‍ഘാടനം നടത്തമായിരുന്നു, ഇത് പോലെ കോമാളി വേഷം കെട്ടാന്‍ കുറെ മന്ത്രിമാര്‍. നമ്മുടെ സര്‍ക്കാരും, സര്‍ക്കാര്‍ സംവിധാനങ്ങളും വെറും സര്‍ക്കസ്സ് ആണ്. കുറേ പണം, കുറച്ച് വ്യക്തികള്‍ പച്ചക്ക് കക്കുന്ന ഒരു സംവിധാനം. അത് ഒരു പാട് സംരഭകര്‍ക്ക് U ടേണ്‍ അടിക്കാന്‍ ഉള്ളതുകൊണ്ടാണ് ആ ഉദ്ഘാടനം. 3500 കോടി രൂപ ആയിക്കാണുമല്ലേ ഈ പുതിയ സംരംഭത്തിന്?എത്ര പേര്‍ക്ക് തൊഴില്‍ കിട്ടും?'

'ഖേറളം ഇതുപോലുള്ളവരെ അര്‍ഹിക്കുന്നു. മറ്റു മുതലാളിത്ത രാജ്യങ്ങളില്‍ ജീവനോപാധി കണ്ടെത്തുന്നവര്‍ പോലും തിരിച്ചു നാട്ടില്‍ വരുമ്പോള്‍ സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും വേണ്ടി വാദിക്കുന്ന അത്രയും ഒരു പ്രത്യകതരം ജീന്‍ മ്യൂടേഷന്‍ സംഭവിച്ച ജനതയ്ക്ക് ഇതുപോലുള്ളവര്‍ ആണ് അവരെ നയിക്കാന്‍ വേണ്ടത്. തൊഴിലാളി സംഘടനകള്‍ മൂലം വ്യവസായിക ദാരിദ്ര്യം വരുത്തിയ ഒരു നാടിന്റെ അവസ്ഥ.....ഇങ്ങനെയാണെങ്കില്‍ കമ്മികള്‍ ഭരിക്കുന്ന ഏതെങ്കിലും പഞ്ചായത്തിന്റെ ഏതെങ്കിലുമൊക്കെയുള്ള മൂലയില്‍ ഉള്ള ഏതെങ്കിലും ടോയ്ലറ്റ് ഉദ്ഘാടനം ഇവന്‍ ചെയ്യും... അങ്ങനെ ആയി ഇവറ്റകള്‍.... ഇങ്ങനെ പോകുന്നു മന്ത്രിയുടെ യു ടേണ്‍ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍'.

Tags:    

Similar News