പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ ഇടിമിന്നല്‍; ദുരന്തത്തിന് ഇരയായത് സുഡാനിലെ ആഭ്യന്തര കലാപത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയവര്‍; വടക്കന്‍ ഉഗാണ്ടയിലെ പലബോക്ക് അഭയാര്‍ത്ഥി ക്യാമ്പില്‍ മരിച്ചത് 14 പേര്‍

Update: 2024-11-04 03:34 GMT

പലബോക്ക് : ഉഗാണ്ടയില്‍ ശക്തിമായ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഒമ്പത് വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ ഉഗാണ്ടയിലെ പലബോക്ക് അഭയാര്‍ത്ഥി ക്യാമ്പിലെ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയവരാണ് ദുരന്തത്തിന് ഇരയായത്.

മരിച്ചവരില്‍ കൂടുതലും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. അഭയാര്‍ത്ഥി ക്യാമ്പിലെ അന്തേവാസികള്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന അധികൃതര്‍ ഇനിയും വെളിപ്പടുത്തിയിട്ടില്ല. ഉഗാണ്ടയുമായി അതിര്‍ത്തി പങ്കിടുന്ന സുഡാനില്‍ നിന്നുള്ളവരാണ് ഈ ക്യാമ്പിലെ ഭൂരിപക്ഷം പേരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

സുഡാനില്‍ നിന്നുള്ള അമ്പതിനായിരത്തോളം പേരാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്. 2011 ല്‍ സുഡാന്‍ സ്വാതന്ത്യം നേടിയതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് ഉഗാണ്ടയിലെ ഇത്തരം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. അന്നത്തെ രക്തരൂക്ഷിതമായ ആഭ്യന്തര കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. വൈകുന്നേരം അഞ്ചര മണിയോടെയാണ് ശക്തമായ മഴയും ഒപ്പം ഇടിയും മിന്നലും ആരംഭിച്ചത്.

അഞ്ചര മണിയോടെയാണ് അതിശക്തമായ മിന്നല്‍ ഉണ്ടായതും വന്‍ ദുരന്തത്തിലേക്ക് അത് എത്തിയതും. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ശക്തമായ ഇടിമിന്നലില്‍ ഓരോ വര്‍ഷവും നിരവധി പേരാണ് കൊല്ലപ്പെടുന്നത്. മിന്നല്‍ രക്ഷാകവചങ്ങള്‍ ഇല്ലാത്ത ഇവിടുത്തെ സ്‌ക്കൂളില്‍ പലപ്പോഴും കുട്ടികള്‍ കൂട്ടത്തോടെ ഇടിമിന്നലേറ്റ് മരിക്കുന്നതും പതിവാണ്.

Tags:    

Similar News