കോളിംഗ് ബെല്‍ അടി കേട്ട് വാതില്‍ പഴുതിലൂടെ നോക്കിയ ഷാനി മോള്‍ കണ്ടത് കുറേ ആളുകളെ; ഭയന്നു വിറച്ച് നൈറ്റ് ഡ്രെസില്‍ പുറത്തിറങ്ങിയപ്പോള്‍ അറിഞ്ഞത് പുരുഷ പോലീസ് മാത്രമുള്ള റെയ്ഡ് വിവരം; വിസമ്മതിച്ചപ്പോള്‍ വനിതാ പോലീസ് എത്തി; ശരീരവും ടോയിലറ്റും അടക്കം പരിശോധിച്ചു; എഎ റഹിമിന്റെ 'സംസ്‌കാരമില്ലായ്മ' കാര്യങ്ങള്‍ കൈവിട്ട കളിയാക്കി; ഹോട്ടലില്‍ സംഭവിച്ചത്

Update: 2024-11-06 01:31 GMT

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസിന്റെ പരിശോധനയെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥയുണ്ടാകുമ്പോള്‍ ചര്‍ച്ചയാകുന്നത് കണ്ടെത്താനാകാത്ത കള്ളപ്പണം. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പരിശോധനയ്ക്കിടെ സി പി എം, ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

രാത്രി പന്ത്രണ്ടരയോടെ പോലീസ് ആദ്യം എത്തിയത് ഷാനി മോള്‍ ഉസ്മാന്റെ മുറിയിലാണ്. ബെല്‍ അടിച്ചത് കേട്ട് എണീറ്റ ഷാനിമോള്‍ ഉസ്മാന്‍ വാതില്‍ പഴുതിലൂടെ നോക്കിയത് കുറേ പേരെ. മുറി തുറന്നപ്പോള്‍ അവര്‍ പോലീസാണെന്ന് പറഞ്ഞു. മുറി പരിശോധിക്കണമെന്ന ആവശ്യം നൈറ്റ് ഡ്രൈസിലുണ്ടായിരുന്ന ഷാനിമോള്‍ അംഗീകരിച്ചില്ല. വനിതാ പോലീസില്ല. ഇതിനൊപ്പം പോലീസുകാരുടെ ഐഡന്റിറ്റീകാര്‍ഡും ചോദിച്ചു. അപ്പോള്‍ അവരുടെ കൈയ്യില്‍ ഐഡന്റിറ്റീ കാര്‍ഡ് ഉണ്ടായിരുന്നില്ല. ഇതോടെ ഷാനിമോള്‍ ചോദ്യം ശക്തമാക്കി. മുറി അടച്ചു. പിന്നീട് വനിതാ പോലീസ് എത്തി. മൂറിയിലേക്ക് കയറി. ശരീരം പരിശോധിച്ചു. ടോയിലറ്റ് അടക്കം തുറന്നു നോക്കി. ബാഗെല്ലാം വലിച്ചിട്ടു പരിശോധിച്ചു. ഇതിനൊപ്പം ബിന്ദു കൃഷ്ണയുടെ മുറിയിലും പരിശോധന. അവിടെ ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും ഉണ്ടായിരുന്നില്ല. അവിടെ നിന്നും ഒന്നും പോലീസിനും കിട്ടാനായില്ല.

സ്ത്രീ സുരക്ഷയെ പറയുന്ന പോലീസ് ഇരച്ചു കയറിയെത്തിയ നടപടിയെ ഷാനിമോള്‍ ഉസ്മാന്‍ ചോദ്യം ചെയ്തു. ഈ രണ്ട് വനിതാ നേതാക്കളുടെ മുറി പരിശോധിക്കുമ്പോള്‍ പുറത്ത് വലിയ സംഘര്‍ഷമായിരുന്നു. യൂണിഫോമില്ലാത്ത പോലീസും സംഘത്തിലുണ്ടായിരുന്നു. റെയ്ഡിന് എത്തിയ പോലീസിനെ ബിന്ദു കൃഷ്ണയും തടഞ്ഞു. നാലു പെട്ടിയും അലമാരയും എല്ലാം പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരം അനുസരിച്ചാണ് പരിശോധനയെന്ന് പോലീസ് ബിന്ദു കൃഷ്ണയോടും പറഞ്ഞു.

പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം അര്‍ധരാത്രിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന റൂമുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തു. കൂടാതെ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിക്കൊടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഇതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചത്. ഇതിനിടെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പുറത്ത് തടിച്ച് കൂടി. പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി.

സിപിഎം തിരിക്കഥയാണിതെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കാണിക്കുന്ന നെറികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. പൊലീസുകാരുടെ ഐഡിന്റിറ്റി കാര്‍ഡ് താന്‍ ചോദിച്ചു. വനിതാ പൊലീസ് ഇല്ലാതെ അകത്ത് കയറാനാകില്ലെന്ന് വ്യക്തമാക്കി. പരിശോധന തടസപ്പെടുത്തിയിട്ടില്ലെന്നും ഷാനിമോള്‍ പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷത്തിനുമിടയില്‍ വെളുപ്പിനെ മൂന്ന് മണിവരെ ഹോട്ടലില്‍ പരിശോധന നീണ്ടു. ബിജെപി പ്രവര്‍ത്തകരുടെ മുറിയിലും പൊലീസ് പരിശോധന നടത്തി. അവിടേയും ഒന്നും കിട്ടിയില്ല.

പൊലീസെത്തിയപ്പോള്‍ ഷാനിമോള്‍ ഉസ്മാന്റെ മുറി തുറക്കാതെ സംഘര്‍ഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് എ.എ.റഹീം എം.പി ആരോപിച്ചതാണ് പ്രശ്‌നം കൈവിട്ടതാക്കിയത്. ഷാനി മോള്‍ ഉസ്മാന്റെ മുറി പരിശോധിക്കാന്‍ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ പരിശോധനയില്‍ സഹകരിച്ചെങ്കിലും ഷാനിമോള്‍ സഹകരിച്ചില്ല. ഇതില്‍ അന്വേഷണം വേണമെന്നും റഹീം ആവശ്യപ്പെട്ടു. വ്യാജ ഐ ഡി കാര്‍ഡ് കേസിലെ പ്രതി ഫെനിയാണ് കള്ളപ്പണം എത്തിച്ചതെന്ന് ബിജെപി ആരോപിച്ചു. ഹോട്ടല്‍ സിസിടിവി പരിശോധിക്കണം എന്ന് പൊലീസിനോട് പറഞ്ഞു.

അര്‍ധരാത്രി കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ നടന്ന പൊലീസ് പരിശോധന സിപിഎം - ബിജെപി ഒത്തുകളിയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോലും അറിയാതെയാണ് പരിശോധന നടത്തിയത്. അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പാലക്കാട്ട് ഇന്ന് യുഡിഎഫ് പ്രതിഷേധ ദിനം ആചരിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉപ തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണമെത്തിച്ചെന്ന് ആരോപിച്ചുള്ള പൊലീസ് പരിശോധനക്കിടെ പാലക്കാട്ട് സംഘര്‍ഷമുണ്ടായി. പാതിരാത്രിയില്‍ മൂന്നര മണിക്കൂറോളം നേരമാണ് ഹോട്ടലില്‍ നേതാക്കളും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. വനിതാ നേതാക്കളുടെ മുറികളില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും, എല്ലാ മുറികളിലും പരിശോധന വേണമെന്ന് സിപിഎമ്മും ബിജെപിയും ആവശ്യപ്പെട്ടതോടെ രംഗം വഷളായി. ഹോട്ടലിലും പുറത്തും പലതവണ ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പൊലീസ് പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്. ഷാഫി പറമ്പില്‍, വി.കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിശോധനയില്‍ എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് എഴുതി നല്‍കി. എന്നാല്‍ റെയ്ഡ് തടസപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു.

Similar News