ലെബനനില്‍ സെമിത്തേരിക്ക് താഴെ കൂറ്റന്‍ തുരങ്കം; കണ്‍ട്രോള്‍ റൂമുകളും റോക്കറ്റുകള്‍ ഉള്‍പ്പെടെ ആയുധ ശേഖരവും; ഹിസ്ബുല്ലയുടെ ടണലുകള്‍ തകര്‍ത്ത് ഇസ്രയേല്‍; ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവച്ച് ഐഡിഎഫ്

ഹിസ്ബുല്ലയുടെ ടണലുകള്‍ തകര്‍ത്ത് ഇസ്രയേല്‍

Update: 2024-11-11 09:48 GMT

ടെല്‍ അവീവ്: ലെബനനില്‍ ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ത്ത് ഇസ്രയേല്‍. ഇവയില്‍ സെമിത്തേരിക്ക് അടിയിലായി സ്ഥിതി ചെയ്തിരുന്നതും ഉള്‍പ്പെടുന്നു. കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന ഈ തുരങ്കം കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. ഹിസ്ബുള്ളയുടെ അംഗങ്ങള്‍ വിശ്രമകേന്ദ്രമായും ഉപയോഗിച്ചിരുന്ന തുരങ്കത്തില്‍ ആയുധങ്ങളുടെ വന്‍ ശേഖരവും ഇസ്രയേല്‍ സൈന്യം കണ്ടെത്തി.

കൂറ്റന്‍ കോണ്‍ക്രീറ്റ് പാളികള്‍കൊണ്ടാണ് തുരങ്കം നിര്‍മിച്ചിരുന്നത്. ഇവിടെ റൈഫിളുകള്‍, ഗ്രനേഡ് ലോഞ്ചറുകള്‍, റോക്കറ്റ് സംവിധാനങ്ങള്‍ എന്നിവയുടെ വന്‍ ശേഖരം കണ്ടെത്തി. തുരങ്കത്തിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 4,500 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് പമ്പ് ചെയ്ത് തുരങ്കം അടച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

''ജീവിച്ചിരിക്കുന്നതോ ജീവന്‍ നഷ്ടപ്പെട്ടതോ ആയ മനുഷ്യ ജീവനുകളെ ഹിസ്ബുല്ല വിലമതിക്കുന്നില്ല' എന്ന വാക്കുകളോടെയാണ് ഇസ്രയേല്‍ പ്രതിരോധ സേന തുരങ്കത്തിനുള്ളിലെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 4,500 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് പമ്പ് ചെയ്താണ് തുരങ്കം അടച്ചതെന്നാണ് റിപ്പോര്‍ട്ട്.

'ഇത് ഞങ്ങള്‍ ഗാസയില്‍ കണ്ട തുരങ്കങ്ങള്‍ പോലെയല്ല, തീവ്രവാദികള്‍ക്ക് ദിവസങ്ങളോളം തങ്ങാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്' എന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. തെക്കന്‍ ലെബനനില്‍ നിന്നുള്ള ദൃശ്യം എന്നാണ് സൈനിക ഉദ്യോഗസ്ഥ പറഞ്ഞത്. എന്നാല്‍ ഇത് എപ്പോള്‍ കൃത്യമായി എവിടെ ചിത്രീകരിച്ചതാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമല്ല. ഈ വിഡിയോ പുറത്തുവന്ന് ഒരു മാസത്തിന് ശേഷമാണ് ടണലുകള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.

തോക്കുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്. ഹിസ്ബുള്ള, ഒരു ലെബനീസ് പൗരന്റെ വീടിന് അടിയിലായി നിര്‍മിച്ചിരുന്ന തുരങ്കത്തിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.

സെപ്തംബറില്‍ ലെബനനില്‍ കരമാര്‍ഗം നടത്തിയ ആക്രമണത്തില്‍ അനേകം തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ വ്യക്തമാക്കി. 25 മീറ്റര്‍ നീളമുള്ള ഇതിലൊന്ന് ഇസ്രയേലിലേക്ക് എത്തിച്ചേരുന്നതായിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ലെബനീസ് അതിര്‍ത്തിയില്‍ ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും ഏറ്റുമുട്ടുകയാണ്.

അതിനിടെ, ലെബനനില്‍ സെപ്തംബര്‍ മാസത്തില്‍ 40 പേരുടെ മരണത്തിനും 3000 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ പേജര്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് സമ്മതിച്ചിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലെബനനിലെ പേജര്‍ ആക്രമണത്തിന് താനാണ് അനുമതി നല്‍കിയതെന്ന് നെതന്യാഹു സമ്മതിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമെര്‍ ദോസ്ത്രി ആണ് വെളിപ്പെടുത്തിയത്.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ കൊലപ്പെടുത്തിയതും തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് നെതന്യാഹു സമ്മതിച്ചു. പ്രതിരോധ വിഭാഗത്തിലെ മുതിര്‍ന്ന അംഗങ്ങളുടെയും രാജ്യത്തെ മറ്റ് രാഷ്ട്രീയ നേതാക്കളുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് താന്‍ ഈ രണ്ട് തീരുമാനവും എടുത്തതെന്ന് നെതന്യാഹു പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ പിന്തുണയോടെ ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ഹിസ്ബുള്ള. ഹമാസിനൊപ്പം ചേര്‍ന്ന് ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ചതോടെ ഐഡിഎഫിന്റെ ടാര്‍ഗെറ്റില്‍ ഹിസ്ബുള്ളയും ഇടംപിടിക്കുകയായിരുന്നു. സെപ്തംബര്‍ 27 നാണ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെ ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ വധിച്ചത്.

ഇതിന് പിന്നാലെ പിന്‍ഗാമിയായി വരാനിരുന്ന ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിനെയും ഇസ്രായേല്‍ പ്രതിരോധ സേന വകവരുത്തി. കഴിഞ്ഞ ദിവസം തെക്കന്‍ ലെബനീസ് നഗരമായ ടയറിലെ ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകളില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിയിരുന്നു.

Tags:    

Similar News