'ബാബാ സിദ്ദിഖിയെ വെടിവെച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം മാറി പുതിയ ഷര്‍ട്ട് ധരിച്ചു; മരണം ഉറപ്പിക്കാന്‍ ആശുപത്രിക്ക് മുന്നില്‍ 30 മിനിട്ടോളം കാത്തുനിന്നു; ഏതുനിമിഷവും മരണം സംഭവിക്കാം എന്നറിഞ്ഞതോടെ ആശുപത്രി വിട്ടു'; പ്രതിയായ ശിവ് കുമാര്‍ ഗൗതമിന്റെ മൊഴി പുറത്ത്

സിദ്ദിഖിയുടെ മരണമുറപ്പാക്കാന്‍ പ്രതി ആശുപത്രിക്കു മുന്നില്‍ കാത്തുനിന്നു

Update: 2024-11-14 09:38 GMT

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായിരുന്ന ബാബ സിദ്ദിഖി കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്താനായി അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നില്‍ 30 മിനിറ്റോളം കാത്തുനിന്നുവെന്ന് പ്രധാന പ്രതിയായ ശിവ് കുമാര്‍ ഗൗതമിന്റെ വെളിപ്പെടുത്തല്‍.

ബാബ സിദ്ദിഖിയെ വെടിവെച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം മാറ്റി സിദ്ദിഖിയെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രിയിലെത്തി. ആശുപത്രിക്കുമുന്നില്‍ കാത്തുനിന്ന ആളുകള്‍ക്കൊപ്പം മുപ്പത് മിനിറ്റോളം കാത്തുനിന്നുവെന്നാണ് ശിവ് കുമാര്‍ ഗൗതം പൊലീസിന് മൊഴി നല്‍കിയത്.

സിദ്ദിഖിയുടെ സ്ഥിതി അതീവഗുരുതരമാണെന്നും ഏതുനിമിഷവും മരണം സംഭവിക്കാം എന്നറിഞ്ഞതോടെയാണ് ആശുപത്രി വിട്ടതെന്നും ഗൗതം പോലീസിനോട് പറഞ്ഞു. കൃത്യം നടത്തിയ ശേഷം കൂട്ടാളികളായ ധര്‍മരാജ് കശ്യപിനും ഗുര്‍മൈല്‍ സിങ്ങിനുമൊപ്പം ഉജ്ജെയ്ന്‍ റെയില്‍വേ സ്റ്റേഷനിലെത്താനും അവിടെ നിന്ന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗത്തിനൊപ്പം വൈഷ്ണോ ദേവിയിലേക്ക് കടന്നുകളയാനുമായിരുന്നു പദ്ധതിയെന്ന് ഗൗതം പറഞ്ഞു. ഇതിനിടയില്‍ ധര്‍മരാജും ഗുര്‍മൈലും പോലീസിന്റെ പിടിയിലായതോടെ പദ്ധതി പൊളിയുകയായിരുന്നു.

സിദ്ദിഖിയുടെ നില അതീവ ഗുരുതരമാണെന്ന് അറിഞ്ഞതോടെയാണ് ഇയാള്‍ സ്ഥലംവിട്ടത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനുമായി താന്‍ ആശയവിനിമയം നടത്തിയിരുന്നുവെന്ന് ശിവ് കുമാര്‍ നേരത്തേ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ബാബാ സിദ്ദിഖിയേയോ മകന്‍ സീഷനെയോ വധിക്കാന്‍ ശിവ് കുമാറിന് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി നിര്‍ദേശം നല്‍കിയിരുന്നു.

ആദ്യ കാണുന്നവനെ വെടിവെയ്ക്കാനായിരുന്നു നിര്‍ദേശം. ദൈവത്തിനും സമൂഹത്തിനും വേണ്ടിയാണ് ഈ കൊലപാതകമെന്ന് അന്‍മോല്‍ ശിവ് കുമാറിനോട് പറഞ്ഞിരുന്നതായും പൊലീസ് വ്യക്തമാക്കി. നിലവില്‍ കാനഡയിലുണ്ടെന്ന് കരുതപ്പെടുന്ന അന്‍മോല്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട കുറ്റവാളിയാണ്.

നേപ്പാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉത്തര്‍പ്രേദശില്‍ വച്ചാണ് ശിവ് കുമാര്‍ പിടിയിലാകുന്നത്. ഇയാള്‍ക്ക് താമസസൗകര്യം ഒരുക്കിയതിന്റെയും നേപ്പാളിലേക്ക് കടക്കാന്‍ സഹായിച്ചതിന്റെയും പേരില്‍ അനുരാഗ് കശ്യപ്, ഗ്യാന്‍ പ്രകാശ് ത്രിപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേശേന്ദ്ര പ്രതാപ് സിംഗ് എന്നീ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബര്‍ 12ന് രാത്രി 9.11 നാണ് മുബയിലെ ബാന്ദ്രയില്‍ വച്ച് 66കാരനായ ബാബാ സിദ്ദിഖിക്ക് വെടിയേറ്റത്. നെഞ്ചില്‍ രണ്ട് വെടിയുണ്ടകള്‍ തുളച്ചുകയറിയ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Similar News