രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ വിശ്രമം വേണമെന്ന നിബന്ധനയും അപ്രായോഗികം; 36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തില്‍ ഈ നിര്‍ദേശം പാലിക്കണമെങ്കില്‍ ഇരട്ടി ആനകള്‍ വേണ്ടി വരും; ആനയെഴുന്നള്ളിപ്പില്‍ അപ്പീല്‍ ആലോചനയില്‍ സര്‍ക്കാര്‍

Update: 2024-11-16 02:57 GMT

തിരുവനന്തപുരം: ആനയെഴുന്നള്ളിപ്പിന് ദൂരപരിധിയടക്കമുള്ള മാനദണ്ഡങ്ങള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തി സര്‍ക്കാര്‍. ഉത്സവങ്ങളെ ഇത് പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആന എഴുന്നള്ളിപ്പ് വിധിയില്‍ ഹൈക്കോടതി വിധിയില്‍ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിശോധിക്കുന്നു. ക്ഷേത്രാങ്കണത്തിലടക്കം ജനങ്ങളില്‍നിന്ന് എട്ടുമീറ്റര്‍ അകലം പാലിച്ചെങ്കില്‍മാത്രമേ ഉത്സവത്തിന് ആനകളെ അനുവദിക്കാവൂവെന്നാണ് കോടതിവിധി. തൃശൂര്‍ പൂരത്തെ അടക്കം ഇത് ബാധിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ സര്‍ക്കാരിനാകും ദോഷം ചെയ്യുക. അതുകൊണ്ടാണ് അപ്പീല്‍ സാധ്യത തേടുന്നത്.

ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാല്‍ തൃശൂര്‍ പൂരച്ചടങ്ങുകള്‍ പലതും തിരുത്തേണ്ടിവരും. രാവിലെ ഒമ്പതുമുതല്‍ അഞ്ചുവരെ പൊതുറോഡിലൂടെ എഴുന്നള്ളിപ്പുകള്‍ പാടില്ലെന്ന നിര്‍ദേശം പാലിച്ച് തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ളവ നടത്താനാകില്ല. പകല്‍ മുഴുവന്‍ തുടരുന്ന എഴുന്നള്ളിപ്പുകളാണ് തൃശ്ശൂര്‍ പൂരത്തിനുള്ളത്. ഇവയെല്ലാം തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലൂടെയാണ് നീങ്ങുന്നതും. ഇലഞ്ഞിത്തറമേളവും മഠത്തില്‍വരവും തെക്കോട്ടിറക്കവുമെല്ലാം ഈ സമയത്താണ് നടക്കുന്നത്. എല്ലാ ഉത്സവങ്ങളേയും ഇത് ബാധിക്കും. കാണികളില്‍നിന്ന് എട്ടുമീറ്റര്‍ അകലം പാലിക്കണമെന്നതും പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കും.

പരിമിതമായ സ്ഥലങ്ങളിലാണ് പല ക്ഷേത്രങ്ങളിലും ആനയെഴുന്നള്ളിപ്പും മേളവും നടത്തുന്നത്. തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണമായ കുടമാറ്റത്തിന് 15 ആനകള്‍ നിരന്നുനില്‍ക്കുന്നത് തെക്കേഗോപുരനടയുടെ മുന്നിലാണ്. മൂന്ന് മീറ്റര്‍ അകലം പാലിച്ച് ആനകളെ നിരത്താനുള്ള സ്ഥലം ഇവിടെയില്ല. റിപ്പോര്‍ട്ടിലെ നിബന്ധനകള്‍ പാലിച്ച് തൃശൂര്‍ പൂരത്തിന്റെ തെക്കോട്ടിറക്കം, കുടമാറ്റം, മടത്തില്‍വരവ്, ഇലഞ്ഞിത്തറമേളം എന്നിവ നടത്താനാവില്ല. ക്ഷത്രമതില്‍ക്കെട്ടിനുള്ളില്‍ നടക്കുന്ന ആനയെഴുന്നള്ളിപ്പിനും ഈ മാനദണ്ഡം വെല്ലുവിളിയാകും. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ വിശ്രമം വേണമെന്ന നിബന്ധനയും അപ്രായോഗികമാണ്. 36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തില്‍ ഈ നിര്‍ദേശം പാലിക്കണമെങ്കില്‍ നിലവിലുള്ള ആനകളുടെ എണ്ണത്തിന്റെ ഇരട്ടി ആനകളെ കൊണ്ടുവരേണ്ടി വരും. ആനകളുടെ ലഭ്യതയും പണച്ചെലവും പ്രതിസന്ധിയാണ്. ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍ അപ്പീല്‍ ആലോചനയിലേക്ക് കടക്കുന്നത്.

രാത്രി പത്തിനും പുലര്‍ച്ചെ നാലിനുമിടയില്‍ ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുതെന്നും ദിവസം 30 കിലോമീറ്ററിലധികം നടത്തരുതെന്നുമുള്ള മാര്‍ഗനിര്‍ദേശവും കോടതിനല്‍കിയിട്ടുണ്ട്. എന്നാല്‍ ദൂരപരിധിയിലാണ് സര്‍ക്കാരിന്റെ ആശങ്ക. അപ്പീല്‍ നല്‍കുന്നകാര്യം പരിഗണിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ''തൃശ്ശൂര്‍പ്പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ പരമ്പരാഗതമായ രീതിയില്‍ത്തന്നെ തടസ്സമില്ലാതെ നടത്തുന്നതിനാവശ്യമായ നടപടിയാണ് വേണ്ടത്. ജനങ്ങളുടെ സുരക്ഷയും ആനകളുടെ സംരക്ഷണവും ഉറപ്പാക്കണം. അതിനാല്‍, പ്രായോഗികവശങ്ങള്‍ പഠിച്ചശേഷം തുടര്‍നടപടിയെടുക്കും'' -അദ്ദേഹം പറഞ്ഞു.

കരട് നാട്ടാനപരിപാലന ചട്ടം ചര്‍ച്ചചെയ്യാന്‍ 20-ന് വനംവകുപ്പ് ആസ്ഥാനത്ത് ശില്പശാല സംഘടിപ്പിച്ചിട്ടുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍, ഗുരുവായൂര്‍ ദേവസ്വം, തിരുവിതാംകൂര്‍ ദേവസ്വം, മറ്റ് ബന്ധപ്പെട്ട ദേവസ്വം പ്രതിനിധികള്‍, ആനയുടമകളുടെ പ്രതിനിധികള്‍, സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍, നിയമവിദഗ്ധര്‍, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ ശില്പശാലയിലെ നിര്‍ദേശങ്ങളും പ്രായോഗികവശങ്ങളും ഗൗരവത്തോടെ എടുക്കും. ഈ യോഗം അഭിപ്രായ രൂപീകരണത്തിന്റെ വേദിയാക്കി മാറ്റും. അതിന് ശേഷം അപ്പീലില്‍ തീരുമാനം എടുക്കും.

ജനങ്ങള്‍ക്കും ആനയ്ക്കും ഇടയില്‍ ബാരിക്കേഡ് വേണമെന്ന നിര്‍ദേശവും നടപ്പാക്കാന്‍ ബുദ്ധിമുട്ടും. വെടിക്കെട്ട് നടക്കുമ്പോള്‍ ആനകളും ആളുകളും തമ്മിലുള്ള ദൂരപരിധി 100 മീറ്ററാക്കണം എന്ന നിര്‍ദേശം നടപ്പാക്കിയാല്‍ തൃശൂര്‍ പൂരപ്പന്തലുകളില്‍ വെടിക്കെട്ടുസമയത്ത് ആനയെ നിര്‍ത്താന്‍ സാധിക്കാതെയാകും. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ ദൂരപരിധി വേണമെന്ന് നിഷ്‌കര്‍ഷിച്ചാല്‍ തെക്കോട്ടിറത്തില്‍പോലും 15 ആനകളെ നിരത്താനാകില്ല. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ മൂന്നുദിവസത്തെ എങ്കിലും വിശ്രമം വേണമെന്ന നിര്‍ദേശവും ബുദ്ധിമുട്ടുണ്ടാക്കും. ഇതെല്ലാം അപ്പീലില്‍ ഉയര്‍ത്തും.

കോടതിയുടെ മറ്റ് നിര്‍ദേശങ്ങള്‍ ചുവടെ

ചട്ടപ്രകാരം രൂപവത്കരിച്ചിരിക്കുന്ന ജില്ലാകമ്മിറ്റിയില്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തണം

ആനയെ എഴുന്നള്ളിക്കാനുള്ള അനുമതിക്കായി ഒരുമാസം മുന്‍പ് ജില്ലാസമിതിക്ക് അപേക്ഷ നല്‍കണം

ആനയെ എഴുന്നള്ളിക്കുന്ന സമയം സ്ഥലം എന്നിവയൊക്കെ ഇതോടൊപ്പം നല്‍കണം

ഓരോ പ്രദര്‍ശനത്തിനു ശേഷവും കുറഞ്ഞത് മൂന്നുദിവസത്തെ വിശ്രമം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം

ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണം

ആനയുടെ മദപ്പാട് എന്നാണെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും വേണം

ഒരു വര്‍ഷത്തിനുള്ളില്‍ ആന ഇടഞ്ഞിട്ടുണ്ടോ ഇല്ലയോയെന്ന് വ്യക്തമാക്കുന്ന രേഖവേണം

ആനകള്‍ക്ക് ഭക്ഷണമടക്കം ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാസമിതി ഉറപ്പാക്കണം

ആനകളെ തളയ്ക്കാന്‍ മതിയായ സൗകര്യമുണ്ടെന്ന് ഉറപ്പാക്കണം

അടിയന്തരസാഹചര്യമുണ്ടെങ്കില്‍ ആനകളെ മാറ്റാന്‍ പ്രത്യേകമായ സ്ഥലംവേണം

സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ നല്‍കുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കാവൂ. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കണം

ദേവസ്വങ്ങള്‍ക്ക് എലിഫന്റ് സ്‌ക്വാഡ് വേണ്ടാ. ഇടഞ്ഞോടുന്ന ആനകളെ തളയ്ക്കാന്‍ ക്യാപ്ചര്‍ ബെല്‍റ്റും വേണ്ടാ

Tags:    

Similar News