ഏഴു കുട്ടികളെ കൊന്നതിനും മറ്റ് ഏഴു പേരെ കൊല്ലാന്‍ ശ്രമിച്ചതിനും ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയുന്ന നഴ്‌സ് ലൂസിയെ ജയിലില്‍ ചോദ്യം ചെയ്ത് പോലീസ്; ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ നഴ്സിംഗ് പരിശീലനകാലത്തും കൊല നടത്തിയെന്ന് സൂചന; ബ്രിട്ടണിലെ ക്രൂരതയില്‍ അന്വേഷണം

Update: 2024-12-04 04:08 GMT

ലണ്ടന്‍: ബ്രിട്ടണിലെ നടുക്കുന്ന കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കാനാണ് പോലീസ് ശ്രമം. ഏഴ് കുട്ടികളെ കൊന്നതിനും മറ്റ് ഏഴ് കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചതിനും ജീവിതാന്ത്യം വരെ തടവ് ശിക്ഷ അനുഭവിക്കുന്ന 'കില്ലര്‍ നഴ്‌സ്' ലൂസി ലെറ്റ്ബിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു.

കൂടുതല്‍ കുട്ടികള്‍ ഇവര്‍ക്ക് ഇരയായിട്ടുണ്ടാകാം എന്ന സംശയത്തിലാണത്. കൗണ്ടസ്സ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നടന്ന അപ്രതീക്ഷിത മരണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇവരെ ചോദ്യം ചെയ്തത്. അതിനോടൊപ്പം ഇവര്‍ നഴ്സിംഗ് പരിശീലനം നേടിയ ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലിലെ കേസുകളുമായി ബന്ധപ്പെട്ടും ഇവരെ ചോദ്യം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലൂസി ലെറ്റ്ബിക്ക് കോടതി ശിക്ഷ വിധിച്ചതിന് പുറമെ, ഇവരുടെ തൊഴില്‍ കാലത്ത് ഇവര്‍ക്ക് ചികിത്സാ ഉത്തരവാദിത്തമുണ്ടായിരുന്ന 4000 ശിശുക്കളുടെ കാര്യം പോലീസ് അന്വേഷിച്ചിരുന്നു. 2012 ജനുവരി മുതലുള്ള കേസുകള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ടായിരുന്നു ജയിലില്‍ ലൂസി ലെറ്റ്ബിയെ ചോദ്യം ചെയ്തത്. കൗണ്ടസ്സ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റല്‍, ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഇക്കാലയളവില്‍ നടന്ന ശിശുമരണങ്ങളും, മരണത്തിനിടയാക്കിയെക്കാവുന്ന വിധത്തില്‍ നവജാത ശിശുക്കള്‍ക്കുണ്ടായ ആരോഗ്യ പ്രശ്നങ്ങളുമാണ് അന്വേഷണ വിധേയമാക്കുന്നത്.

എപ്പോഴാണ് ചോദ്യം ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, എത്ര കേസുകളിലാണ് ലെറ്റ്ബിയെ ചോദ്യം ചെയ്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല. ബ്രിട്ടീഷ് നീതിന്യായ ചരിത്രത്തില്‍ ഇതുവരെ നാല് സ്ത്രീകളെ മാത്രമെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ചിട്ടുള്ളു. നിലവില്‍, സറേ ആഷ്‌ഫോര്‍ഡിലെ എച്ച് എം പി ബ്രോണ്‍സ്ഫീല്‍ഡിലാണ് ഇവര്‍ തടവില്‍ കഴിയുന്നത്. മുന്‍കൂട്ടി നിശ്ചയിച്ചയിരുന്നു ചോദ്യം ചെയ്യല്‍, ഇവരുടെ അഭിഭാഷകനും തത്സമയം അവിടെ സന്നിഹിതനായിരുന്നു.

കഴിഞ്ഞ വര്‍ഷമായിരുന്നു ഏഴ് കുട്ടികളുടെ കൊലപാതകത്തിനും മറ്റ് ഏഴ് കുട്ടികളെ വധിക്കാന്‍ ശ്രമിച്ചതിനും ലൂസി ലെറ്റ്ബിയെ ശിക്ഷിച്ചത്. പിന്നീട് ജൂലായ് മാസത്തില്‍ പുനര്‍വിചാരണ നടത്തിയപ്പോള്‍, മറ്റൊരു കുട്ടിയുടെ വധശ്രമത്തിനു കൂടി ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. ശിക്ഷാവിധിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള അനുമതി ഈ വര്‍ഷം അവര്‍ക്ക് നിഷേധിച്ചിരുന്നു. ഇതോടെ ഇവരുടെ മരണം ജയിലില്‍ തന്നെ ആയിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

Tags:    

Similar News