എയർപോർട്ടിൽ നിന്ന് വിമാനം സേഫായി ടേക്ക് ഓഫ്; 19,000 അടി ഉയരത്തിൽ പറന്നു; നിമിഷങ്ങൾക്കകം പരിഭ്രാന്തി; ഫ്ലൈറ്റ് 'റാഞ്ചാൻ' പോകുന്നുവെന്ന് അലറിവിളിച്ച് യാത്രക്കാരൻ; ഹൈ അലർട്ട് നൽകി പൈലറ്റ്; ഭയന്ന് നിലവിളിച്ച് സഹയാത്രക്കാർ; കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമം; താഴേക്ക് ചാടുമെന്നും ഭീഷണി; പതറാതെ കാര്യങ്ങൾ വീക്ഷിച്ച് എയർഹോസ്റ്റസ്; സഹികെട്ട് ചെയ്തത്; 'വോളാരിസ്' എയർലൈൻസിൽ നടന്നത്!
മെക്സിക്കോ സിറ്റി: വിമാന യാത്രക്കിടെ പല വിചിത്രമായ സംഭവങ്ങളാണ് നടക്കുന്നത്. വിമാനത്തിനുള്ളിലെ ശുചിമുറിയിലിരുന്ന് പുകവലിക്കുന്നതും യാത്രക്കാരോട് മോശമായി പെരുമാറി പണിവാങ്ങുന്നതുമെല്ലാം എപ്പോഴും കാണാറുണ്ട്. ഇപ്പോഴിതാ 'വോളാരിസ്' എയർലൈൻസിൽ നടന്ന നാടകീയ സംഭവങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഫ്ലൈറ്റ് പറന്നുയർന്ന് നിമിഷങ്ങൾക്കകം ആകാശമധ്യത്തിൽ വച്ച് തനിച്ച് വിമാനം റാഞ്ചാൻ ശ്രമിച്ച യുവാവിനെ സഹയാത്രികർ ചേർന്ന് കീഴ്‌പ്പെടുത്തിയതാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച മെക്സിക്കോയിലെ ലിയോൺ വിമാനത്താവളത്തിൽ നിന്ന് ടിജുവാന വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വോളാരിസ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
'എയർബസ് എ 320' ഇനത്തിലുള്ള വിമാനത്തിൽ നിറയെ യാത്രക്കാരുള്ള സമയത്താണ് വിമാനം വഴി തിരിച്ച് വിടാൻ ആവശ്യപ്പെട്ട് യാത്രക്കാരൻ എയർഹോസ്റ്റസിനെ അടക്കം മുൾമുനയിൽ നിർത്തിയത്. ബന്ധുക്കളിൽ ആരെയോ തട്ടിക്കൊണ്ട് പോയെന്നും ടിജുവാനയിലേക്ക് പോവുന്നത് അപകടമാണെന്നും ആരോപിച്ചായിരുന്നു യുവാവ് വിമാനം ഭീഷണിപ്പെടുത്തി വഴി തിരിച്ച് വിടാൻ ശ്രമം നടത്തിയത്.
വിമാനം ടേക്ക് ഓഫ് ചെയ്തിന് തൊട്ട് പിന്നാലെയായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. അമേരിക്കൻ അതിർത്തിയിലുള്ള വിമാനത്താവളമാണ് ടിജുവാന. 31 കാരനായ മാരിയോ എന്ന യുവാവാണ് എയർ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയും വിമാനത്തിൽ നിന്ന് ചാടുമെന്നും വിശദമാക്കി വലിയ രീതിയിൽ ക്യാബിനുള്ളിൽ ബഹളമുണ്ടാക്കിയത്. ഇയാളെ യാത്രക്കാർ പിടികൂടി ബലപ്രയോഗത്തിലൂടെ അധികൃതർക്ക് കൈമാറുന്ന ദൃശ്യങ്ങളാണ് ഇതിനോടകം പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പമായിരുന്നു 31കാരൻ വിമാനത്തിൽ കയറിയത്.
അമേരിക്കയിലേക്ക് വിമാനം തിരിച്ചുവിടാൻ പൈലറ്റിനോട് ആവശ്യപ്പെടുകയും കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഇയാൾ വിമാനത്തിൽ നിന്ന് താഴേക്ക് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിന് പിന്നാലെ പൈലറ്റ് ഒരു അലേർട്ട് കോഡ് പുറപ്പെടുവിക്കുകയും സെൻട്രൽ മെക്സിക്കോയിലെ ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും ആയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. അടുത്ത ബന്ധുവിനെ തട്ടിക്കൊണ്ടുപോയെന്നും ടിജുവാനയിലേക്ക് പോയാൽ മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാൾ എയർലൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പോലീസ് വ്യക്തമാക്കി. മരിയോ തൻ്റെ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് യാത്ര ചെയ്തത്. സംഭവം തീവ്രവാദ ബന്ധമുണ്ടോ അതോ മറ്റെന്തെങ്കിലുമാണോയെന്ന് പോലീസ് പരിശോധിക്കുന്നതായും വിവരങ്ങൾ ഉണ്ട്.