പ്രാഥമിക എന്‍ജിനുകളും ഗ്യാസ് ടര്‍ബൈനുകളും നിര്‍മ്മിച്ചത് യുക്രെയ്‌നില്‍; ഇന്ത്യന്‍ നാവിക സേനയ്ക്ക് പുതിയ പടക്കപ്പല്‍ നിര്‍മ്മിക്കാന്‍ യുദ്ധത്തിനിടെ കൈകോര്‍ത്ത് റഷ്യയും യുക്രെയ്‌നും; ഫ്രിഗേറ്റ് - ഐഎന്‍എസ് തുഷില്‍ ഇന്ത്യക്ക് കൈമാറി; ചടങ്ങിന് സാക്ഷിയായി രാജ്നാഥ് സിങ്
ഇന്ത്യക്ക് കപ്പല്‍ നിര്‍മ്മിക്കാന്‍ കൈകോര്‍ത്ത് റഷ്യയും യുക്രെയ്‌നും
മോസ്‌കോ: ഇന്ത്യന്‍ നാവികസേനയ്ക്കായി യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച് റഷ്യയും യുക്രെയ്‌നും. 2016ല്‍ ഇന്ത്യ റഷ്യയ്ക്ക് ഓര്‍ഡര്‍ നല്‍കിയ രണ്ട് നാവിക കപ്പലുകളില്‍ ഒന്നായ ഫ്രിഗേറ്റ് - ഐഎന്‍എസ് തുഷില്‍ നിര്‍മിക്കാനാണു യുദ്ധത്തിനിടയിലും റഷ്യയും യുക്രെയ്‌നും ഒന്നിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തിങ്കളാഴ്ച മോസ്‌കോയില്‍ എത്തിയപ്പോള്‍ ഈ കപ്പല്‍ ഇന്ത്യയ്ക്കു കൈമാറുകയും ചെയ്തു. 2018ല്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ഭാഗമായി കമ്മീഷന്‍ ചെയ്യുന്ന ആദ്യ യുദ്ധക്കപ്പലാണ് ഐഎന്‍എസ് തുഷില്‍
യുക്രെയ്ന്‍ എന്‍ജിനുള്ള യുദ്ധക്കപ്പല്‍ റഷ്യ ഇന്ത്യയ്ക്കായി നിര്‍മിച്ചത് ഇരു രാജ്യങ്ങള്‍ക്കും ഇന്ത്യയോടുള്ള ബന്ധം വ്യക്തമാക്കുന്നു. കപ്പലിന്റെ പ്രാഥമിക എന്‍ജിനുകള്‍, ഗ്യാസ് ടര്‍ബൈനുകള്‍ എന്നിവ നിര്‍മിച്ചതു യുക്രെയ്‌നിലാണ്. ഇന്ത്യന്‍ നാവികസേനയിലെ ഭൂരിഭാഗം കപ്പലുകളും യുക്രെയ്ന്‍ കമ്പനിയായ സോറിയ-മാഷ്‌പ്രോക്റ്റ് നിര്‍മിച്ച ഗ്യാസ് ടര്‍ബൈനുകളാണ് ഉപയോഗിക്കുന്നത്. എന്‍ജിനുകള്‍ യുദ്ധക്കപ്പലില്‍ സ്ഥാപിക്കുന്നതിനു മുന്‍പ് ഇന്ത്യ ഇത് യുക്രെയ്‌നില്‍നിന്നു വാങ്ങി റഷ്യയില്‍ എത്തിക്കുകയായിരുന്നു. റഷ്യയില്‍ നിന്നുള്ള രണ്ട് കപ്പലുകള്‍ക്ക് പുറമേ, സമാനമായ രണ്ടെണ്ണം കൂടി ഇന്ത്യയില്‍ നിര്‍മിക്കാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. അവ ഗോവയിലെ കപ്പല്‍ശാലയില്‍ നിര്‍മിക്കാനാണ് സാധ്യത.
ഡിസംബര്‍ 9ന് കലിനിന്‍ഗ്രാഡിലെ യന്ത്ര കപ്പല്‍ശാലയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പുതിയ മള്‍ട്ടിറോള്‍ സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റായ ഐഎന്‍എസ് തുഷില്‍ കമ്മീഷന്‍ ചെയ്യും, രാജ്‌നാഥ് സിംഗിന്റെ റഷ്യന്‍ സന്ദര്‍ശനത്തിന്റെ ഏറ്റവും സുപ്രധാന നാഴികക്കല്ലുകൂടിയാണിത്. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠിയും ചടങ്ങില്‍ രാജ്‌നാഥ് സിംഗിനെ അനുഗമിക്കും.അതേസമയം, റഷ്യയില്‍ നിന്ന് നേരിട്ട് രണ്ട് യുദ്ധക്കപ്പലുകള്‍ വാങ്ങാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. ഈ പുതിയ കപ്പലുകള്‍ക്ക് ഇന്ത്യയുടെ പ്രത്യേക ആശയവിനിമയ സംവിധാനങ്ങളും ആയുധങ്ങളും ഉള്‍ക്കൊള്ളാനുള്ള സംവിധാനങ്ങളുണ്ട്.
നടന്നുകൊണ്ടിരിക്കുന്ന സംയുക്ത സംരംഭ പദ്ധതികള്‍, 2018ല്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ഭാഗമായി കമ്മീഷന്‍ ചെയ്യുന്ന ആദ്യ യുദ്ധക്കപ്പലാണ് ഐഎന്‍എസ് തുഷില്‍. അടുത്ത വര്‍ഷം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ദക്ഷിണേഷ്യന്‍ രാഷ്ട്രത്തിലേക്കുള്ള സന്ദര്‍ശനത്തിന് മുന്നോടിയായാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ റഷ്യന്‍ സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുടിനെ ഇന്ത്യയിലേക്ക് ഔപചാരികമായി ക്ഷണിച്ചിട്ടുണ്ടെന്നും സന്ദര്‍ശനത്തിനുള്ള തീയതി 2025 ആദ്യം അറിയിക്കുമെന്നും ക്രെംലിന്‍ വക്താവ് യൂറി ഉഷാക്കോവ് പറഞ്ഞു.
ഇന്ത്യയുടെയും റഷ്യയുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പ്രതിരോധ സഹകരണം. 2021 ഡിസംബര്‍ 6ന് ഡല്‍ഹിയില്‍ നടന്ന ഇന്ത്യ-റഷ്യ യോഗത്തിലാണ് 2021-2031 വര്‍ഷത്തിലേക്കുള്ള കരാര്‍ ഒപ്പുവെച്ചത്. ഇതുപ്രകാരം, ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ സംവിധാനങ്ങളുടെയും വിവിധ സൈനിക ഉപകരണങ്ങളുടെയും ഗവേഷണ വികസനം, ഉത്പാദനം എന്നീ മേഖലകളില്‍ സൈനിക സാങ്കേതിക സഹകരണം കൂടുതല്‍ വികസിപ്പിക്കാം.
കരാറിന്റെ അടിസ്ഥാനത്തില്‍ റഷ്യയും ഇന്ത്യയും തമ്മില്‍ ഇടയ്ക്കിടെ സായുധ സേനാംഗങ്ങളുടെ കൈമാറ്റങ്ങളും സൈനികാഭ്യാസങ്ങളും നടത്തുകയും ചെയ്യുന്നുണ്ട്. അതേസമയം, ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയ്ക്ക് റഷ്യയുമായുള്ളത്. മാത്രമല്ല, റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരനുമാണ്.
സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രകാരം, ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ വിതരണക്കാരന്‍ റഷ്യയാണ്. ഇന്ത്യയും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ബ്രഹ്‌മോസ് മിസൈലുകള്‍ ഇന്ത്യന്‍ സായുധ സേനയുടെ പ്രധാന ഘടകമായും ന്യൂഡല്‍ഹിയിലെ പ്രധാന കയറ്റുമതി ഇനമായും മാറിയിരിക്കുന്നു. ഈ വര്‍ഷം ആദ്യം, ഫിലിപ്പീന്‍സിന് 375 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മിസൈലുകള്‍ ലഭിച്ചു, തായ്ലന്‍ഡ്, വിയറ്റ്‌നാം, സൗദി അറേബ്യ, ഇന്തോനേഷ്യ തുടങ്ങിയ മറ്റ് രാജ്യങ്ങള്‍ സൂപ്പര്‍സോണിക് ആയുധങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
2024ലെ ബ്രിക്‌സ് ഉച്ചകോടിക്കിടെ ഒക്ടോബറില്‍ കസാനില്‍ മോദിയും പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു ശേഷം മറ്റ് രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ തിരിഞ്ഞ കാലത്ത് ഇന്ത്യ-റഷ്യ പങ്കാളിത്തം വിജയകരമായി തന്നെ മുന്നോട്ട് കൊണ്ടുപോയി. മാത്രമല്ല, യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയെ പരസ്യമായി വിമര്‍ശിക്കുന്നതില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.
ഇരുപത്തി രണ്ടാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബറില്‍ റഷ്യയിലേക്ക് പോയി ആഴ്ചകള്‍ക്ക് ശേഷമാണ് പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം. മൂന്നാം തവണയും അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ റഷ്യ സന്ദര്‍ശന വേളയില്‍, ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പ്രധാനമന്ത്രി മോദിക്ക് റഷ്യയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ 'ദ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദി അപ്പോസ്റ്റില്‍' സമ്മാനിച്ചിരുന്നു