'അന്ന് ആനന്ദും കാള്‍സണുമെല്ലാം വളരെ കൂളായി കളിക്കുന്നത് ഞാന്‍ നോക്കിനിന്നു; ആ ഇന്ത്യന്‍ പതാകയ്ക്ക് അരികില്‍ ഇരിക്കുന്നത് ഞാന്‍ സങ്കല്‍പിച്ചു; എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി'; വിശ്വകീരീട നേട്ടത്തിന് പിന്നാലെ ഗുകേഷ്; അഭിനന്ദന പ്രവാഹം
എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി; വിശ്വകീരീട നേട്ടത്തിന് പിന്നാലെ ഗുകേഷ്
സിംഗപ്പുര്‍: വീണ്ടും സമനിലയെന്ന് ഉറപ്പിച്ച് ലോക ചെസ് ചാമ്പ്യന്‍ഷിപ്പുകളിലെ ടൈബ്രേക്കറുകളുടെ ചരിത്രം തിരഞ്ഞ് ചതുരംഗത്തിലെ പണ്ഡതന്മാര്‍ നീങ്ങിയപ്പോഴായിരുന്നു ചൈനയുടെ നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറന്റെ അപ്രതീക്ഷിത പിഴവു മുതലെടുത്ത് ദൊമ്മരാജു ഗുകേഷ് എന്ന പതിനെട്ടുകാരന്‍ കന്നിക്കിരീടത്തിലേക്ക് 'ചെക്ക് വച്ചത്'. 14ാം ഗെയിമില്‍ നിലവിലെ ലോക ചാംപ്യന്‍ ഡിങ് ലിറനെ അട്ടിമറിച്ചാണ് 7.5 എന്ന ചരിത്ര സംഖ്യയിലേക്ക് ഗുകേഷ് മുന്നേറിയത്. വ്യാഴാഴ്ച സമനില വഴങ്ങിയിരുന്നെങ്കില്‍ ടൈബ്രേക്കറിന്റെ അതിസമ്മര്‍ദ്ദമായിരുന്നു ഗുകേഷിനെ കാത്തിരിക്കുന്നത്.
എന്നാല്‍ ഡിങ് ലിറന് മുന്‍തൂക്കം ലഭിക്കുമെന്ന് വിലയിരുത്തപ്പെട്ട ടൈബ്രേക്കറിലേക്ക് പോരാട്ടം നീട്ടേണ്ടതില്ലെന്ന ഇന്ത്യന്‍ താരത്തിന്റെ തീരുമാനം ചരിത്രമായി. ആ തീരുമാനം യാഥാര്‍ഥ്യമായതോടെ അട്ടിമറി ജയത്തിന്റെ തിളക്കവുമായി ലോക ചെസ് ചാംപ്യന്‍ഷിപ്പ് നേടുന്ന പ്രായം കുറഞ്ഞ താരമായി ഗുകേഷ് മാറി.
ഇതോടെ വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് ഗുകേഷ്. വര്‍ഷങ്ങളായി താന്‍ കണ്ട സ്വപ്‌നമാണ് ഇന്ന് യാഥാര്‍ത്ഥ്യമായതെന്നും ഇന്ത്യന്‍ കൗമാരതാരം പറയുന്നു.
14-ാം റൗണ്ട് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ചൈനീസ് താരം ഡിങ് ലിറനെ അട്ടിമറിച്ചാണ് ഗുകേഷ് ലോകകിരീടത്തില്‍ മുത്തമിട്ടത്. പത്ത് വര്‍ഷമായി താന്‍ ജീവിക്കുന്ന സ്വപ്നമാണിതെന്നാണ് ഗുകേഷ് തന്റെ നേട്ടത്തെക്കുറിച്ച് പറയുന്നത്. അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്‍ (ഫിഡെ) എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗുകേഷ് തന്നെക്കുറിച്ചും എതിരാളി ഡിങ്ലിറനെക്കുറിച്ചും പറഞ്ഞത്
തന്റെ എതിരാളി ഡിങ്ലിറന് നന്ദിപറയാനും താരം മറന്നില്ല. 'ഡിങ് ആരാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് വര്‍ഷങ്ങളായി അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹമാണ് യഥാര്‍ത്ഥ ലോക ചാമ്പ്യന്‍-ഗുകേഷ് പറയുന്നു
2013 ലെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പ് കാണുന്നതിനായി ഓഡിയന്‍സ്് സീറ്റ് പോലും ലഭിക്കാതിരുന്ന ആളാണ് താനെന്നും ഗുകേഷ് ഓര്‍ക്കുന്നു. അന്ന് വിശ്വനാഥന്‍ ആനന്ദും മാഗ്‌നസ് കാള്‍സണുമെല്ലാം വളരെ കൂളായാണ് കളിക്കുന്നത് ഞാന്‍ നോക്കിനിന്നു. ആ ഇന്ത്യന്‍ പതാകയ്ക്ക് അരികില്‍ ഇരിക്കുന്നത് എന്നെ ഞാന്‍ സങ്കല്‍പിച്ചു.
ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം അതായിരിക്കും. ലോകത്തിലെ എല്ലാ ചെസ് കളിക്കാരും ആഗ്രഹിക്കുന്ന ഒരു വേദിയാണിത്. വളരെക്കുറച്ച് പേര്‍ക്ക് മാത്രം കിട്ടുന്ന അവസരവും. അതിലൊരാളാവാന്‍ എനിക്ക് കഴിഞ്ഞു, ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി'
അതേ സമയം ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ വിശ്വകീരീട നേട്ടത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷിന് അഭിനന്ദന പ്രവാഹം. സമാനതകളില്ലാത്ത കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമാണ് ഗുകേഷിന്റെ വിജയമെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
അദ്ദേഹത്തിന്റെ പേര് ചെസ്സിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് യുവ മനസ്സുകളെ വലിയ സ്വപ്നം കാണാനും മികവ് പിന്‍തുടരാനും പ്രചോദിപ്പിക്കുന്നത് കൂടിയാണെന്നും മോദി പറഞ്ഞു.
ഇന്ത്യക്ക് അഭിമാനകരമായ നേട്ടമാണ് ഗുകേഷ് നല്‍കിയതെന്നും അദ്ദേഹത്തിന്റെ വിജയത്തിലൂടെ, ചെസ്സിന്റെ ശക്തികേന്ദ്രം ഇന്ത്യയാണെന്ന് ഉറപ്പിച്ചിരിക്കുന്നതായും രാഷ്ട്രപതി ദ്രൗപദി മുര്‍മു എക്‌സിലൂടെ ആശംസനേര്‍ന്നു.
വെറും 18-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനാകുന്നത് അത്ഭുതകരമായ നേട്ടമെന്നാണ് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്.
ചെസ്സിനും ഇന്ത്യക്കും അഭിമാന നിമിഷം എന്നായിരുന്നു മുന്‍ ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ ട്വീറ്റ്. തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ അഭിമാനനിമിഷമാണിതെന്നും അദ്ദേഹം കുറിച്ചു.
ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാക്കളായ അഭിനവ് ബിന്ദ്ര, നീരജ് ചോപ്ര, ഹംഗറിയന്‍ ചെസ്സ് ഇതിഹാസ താരം ജൂഡിത്ത് പോള്‍ഗാര്‍, കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യ തുടങ്ങീ നിരവധിപേരാണ് ഗുകേഷിന് ആശംസകളുമായി എത്തിയത്.