ജഡ്ജിമാര്‍ കോടതി മുറിക്കുള്ളിലും പൊതുചടങ്ങുകളിലും നടത്തുന്ന പ്രസ്താവനകള്‍ അവര്‍ വഹിക്കുന്ന ഭരണഘടന പദവിയോട് മാന്യത പുലര്‍ത്തുന്നത് ആയിരിക്കണം; മുന്‍വിചാരം ഇല്ലാതെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കൊളീജിയം ശാസന; ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കില്ല; ജസ്റ്റീസ് യാദവിനെതിരെ കടുത്ത നടപടികളില്ല? കൊളീജിയം ഇടപെടല്‍ ഇങ്ങനെ
ന്യൂഡല്‍ഹി : ഭൂരിപക്ഷ സമുദായത്തിന്റെ ഇഷ്ടപ്രകാരമാകും രാജ്യം പ്രവര്‍ത്തിക്കുകയെന്ന വിവാദ പരാമര്‍ശം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ സുപ്രീംകോടതി കൊളീജിയത്തിന്റെ ശാസന. ഡിസംബര്‍ 17ന് സുപ്രീംകോടതി കൊളീജിയത്തിന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം ജഡ്ജി അനുസരിച്ചിരുന്നു. വിവാദ പരാമശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് യാദവിനോട് സുപ്രീംകോടതി കൊളീജിയം വ്യക്തമാക്കി. വഹിക്കുന്ന ഭരണഘടന പദവിയുടെ മാന്യത കാത്ത് സൂക്ഷിക്കണമെന്നും സുപ്രീംകോടതി കൊളീജിയം അലഹബാദ് ഹൈക്കോടതി ജഡ്ജിയോട് നിര്‍ദേശിച്ചു. ഈ പരാമര്‍ശങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ഇന്നലെ സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരായത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ കൊളീജിയത്തിന് മുമ്പാകെയാണ് ജസ്റ്റിസ് യാദവ് ഹാജരായത്. തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് യാദവ് കൊളീജിയത്തിന് മുമ്പാകെ വിശദീകരിച്ചു.
എന്നാല്‍, ഈ വിശദീകരണം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് യാദവിനോട് കടുത്ത അതൃപ്തി സുപ്രീംകോടതി കൊളീജിയം അറിയിച്ചത്. മുന്‍വിചാരം ഇല്ലാതെ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് ജസ്റ്റിസ് യാദവിനെ കൊളീജിയം ശാസിച്ചത്. സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ കോടതി മുറിക്കുള്ളിലും പൊതുചടങ്ങുകളിലും നടത്തുന്ന പ്രസ്താവനകള്‍ അവര്‍ വഹിക്കുന്ന ഭരണഘടന പദവിയോട് മാന്യത പുലര്‍ത്തുന്നത് ആയിരിക്കണമെന്ന് സുപ്രീംകോടതി കൊളീജിയം നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാകരുത് പ്രസ്താവനകളെന്നും കൊളീജിയം ജസ്റ്റിസ് യാദവിനോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ്, അഭയ് എസ്.ഓക എന്നിവരടങ്ങിയ സുപ്രീംകോടതി കൊളീജിയത്തിന് മുമ്പാകെയാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ഹാജരായി വിശദീകരണം നല്‍കിയത്. കൊളീജിയം നടപടികള്‍ ഏതാണ്ട് അര മണിക്കൂറോളം നീണ്ടു നിന്നു.
കഴിഞ്ഞ ഞായറാഴ്ച ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. പരിപാടിയില്‍ ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏകീകൃത സിവില്‍ കോഡ്, ബഹുഭാര്യത്വം ഉള്‍പ്പെടെ വിഷയങ്ങളിലെ പ്രസ്താവനയാണ് വിവാദമായത്. ഒരു സമുദായം കുട്ടികളെ അഹിംസയും കാരുണ്യവും സഹിഷ്ണുതയും പഠിപ്പിക്കുമ്പോള്‍ മറ്റൊരു സമുദായം കുട്ടികളുടെ മുന്നിലിട്ട് മൃഗങ്ങളെ കശാപ്പ് ചെയ്യുകയാണെന്നും ജഡ്ജി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് നടത്തിയ വിവാദ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ സെക്രട്ടറി ജനറലിന് കത്ത് നല്‍കിയതിനിടയിലാണ് സുപ്രീംകോടതിയുടെ പുതിയ നീക്കം. എന്നാല്‍ ഇംപീച്ച്‌മെന്റിനെ കോളീജിയം അനുകൂലിക്കുന്നില്ല. ഇത് ജഡ്ജിക്ക് ആശ്വാസമാണ്.
രാജ്യസഭയിലെ സ്വതന്ത്ര എം.പിയായ അഡ്വ. കപില്‍ സിബലാണ് ഇംപീച്ച്‌മെന്റ് ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്. തുടര്‍ന്ന് 'ഇന്ത്യ' സഖ്യത്തിലെ പാര്‍ലമെന്റ് അംഗങ്ങളും ചേരുകയായിരുന്നു. ജഡ്ജസ് ഇന്‍ക്വയറി ആക്ടും ഭരണഘടനാ വ്യവസ്ഥകളും പ്രകാരം ഇംപീച്ച് ചെയ്യണമെന്നാണ് പ്രമേയത്തിലെ ആവശ്യം. ജഡ്ജിയുടേത് വിദ്വേഷപ്രസംഗമാണെന്ന് ഓള്‍ ലോയേഴ്‌സ് യൂണിയന്‍ ആരോപിച്ചിരുന്നു. സുപ്രീംകോടതി ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കണം. സ്വതന്ത്ര ജുഡീഷ്യറി എന്ന ആശയത്തിന് ജുഡീഷ്യറിക്കുള്ളില്‍ നിന്ന് തന്നെ തുരങ്കം വയ്ക്കുകയാണെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഓക്‌സിജന്‍ പുറത്തുവിടുന്ന മൃഗമാണ് പശുവെന്നും അതിനാല്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ച ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്.
ഏകസിവില്‍കോഡിനെ പിന്തുണച്ച് ഡിസംബര്‍ എട്ടിന് വി.എച്ച്.പി. പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് ജസ്റ്റിസ് യാദവിന്റെ പുതിയ ചര്‍ച്ചയ്ക്ക് അടിസ്ഥാനമായ വിവാദ പരാമര്‍ശങ്ങളുണ്ടായത്. ഇത് ഹിന്ദുസ്ഥാനാണെന്നും ഭൂരിപക്ഷസമുദായത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ പ്രവര്‍ത്തിക്കുകയെന്നുമാണ് ജസ്റ്റിസ് യാദവ് പറഞ്ഞത്. കുടുംബമായാലും സമൂഹമായാലും ഭൂരിപക്ഷത്തിന്റെ ആഗ്രഹമാണ് പരിഗണിക്കേണ്ടതെന്നുപറഞ്ഞ ജസ്റ്റിസ് യാദവ്, മുസ്ലിങ്ങള്‍ക്കെതിരേ ചിലര്‍ വളരെ മോശമായി ഉപയോഗിക്കാറുള്ള പദപ്രയോഗവും നടത്തി. മുസ്ലിങ്ങള്‍ രാജ്യത്തിന് അപകടകരമാണ്, അവര്‍ രാജ്യത്തിന് എതിരാണ്, രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്, അവരെ കരുതിയിരിക്കണം തുടങ്ങിയ പരാമര്‍ശങ്ങളും ജസ്റ്റിസ് യാദവില്‍നിന്നുണ്ടായി.
വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ സുപ്രീംകോടതി എന്തെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. ജസ്റ്റിസ് യാദവിനെതിരെ കടുത്ത നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.