വന്യജീവി ആക്രമണത്തിലെ മരണം 'സവിശേഷ ദുരന്തം' എന്ന വിഭാഗത്തിലാക്കിയത് 9 മാസം മുമ്പ്; പക്ഷേ ചട്ടമുണ്ടാക്കാന്‍ മറന്ന ഭരണ സംവിധാനം; മാര്‍ഗ്ഗ നിര്‍ദ്ദേശമില്ലാത്തതു കൊണ്ട് തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് ആ പണം ഇനിയും കിട്ടുന്നില്ല; ദുരന്ത നിവാരണ വകുപ്പിലെ മറ്റൊരു വീഴ്ചയും ചര്‍ച്ചകളില്‍
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലെ മരണം 'സവിശേഷ ദുരന്തം' എന്ന വിഭാഗത്തില്‍പ്പെടുത്തിയിട്ടും ആര്‍ക്കും ഫലമില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രഖ്യാപനം വന്ന് 9 മാസം പിന്നിട്ടിട്ടും തുടര്‍ നടപടിയെടുക്കാത്തതാണ് ഇതിന് കാരണം. ഇതോടെ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം ഇതോടെ അനിശ്ചിതത്വത്തിലായി. മാര്‍ച്ച് ഏഴിലെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി നഷ്ടപരിഹാരം സംബന്ധിച്ച് അതോറിറ്റി മാനദണ്ഡം തീരുമാനിക്കണമായിരുന്നു. ഇതിന് പക്ഷേ വകുപ്പ് മറന്നു.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ വില്ലേജ്, താലൂക്ക്, കലക്ടറേറ്റ് ഓഫിസുകളില്‍ അപേക്ഷ നല്‍കാമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശം ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ഈ നിധിയില്‍ നിന്നു നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച തീരുമാനവും വൈകുകയാണ്. 18 സംസ്ഥാനങ്ങളും ചില കേന്ദ്ര ഭരണ പ്രദേശങ്ങളും പാമ്പുകടിയേറ്റുള്ള മരണം സവിശേഷ ദുരന്തത്തില്‍ പെടുത്തിയിട്ടുണ്ട് . കേരളത്തിലും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ 2022ല്‍ത്തന്നെ ചീഫ് സെക്രട്ടറിയോട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചെങ്കിലും തീരുമാനമുണ്ടായില്ല.
എട്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ട 940 പേരില്‍ 600ല്‍പ്പരം പേരുടെയും മരണം പാമ്പുകടിയേറ്റാണെന്നാണ് വനം വകുപ്പിന്റെ കണക്ക്. വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപ സമാശ്വാസ സഹായം മാത്രമാണ് വനം വകുപ്പ് നല്‍കുന്നത്. പാമ്പുകടിയേറ്റുള്ള മരണം വന്യജീവി സംഘര്‍ഷത്തിന്റെ പരിധിയില്‍ പെടുത്തുന്നത് പരിശോധിക്കുമെന്നും കടന്നല്‍, തേനീച്ച ആക്രമണത്തിനിരയായവര്‍ക്ക് ധനസഹായം അനുവദിക്കുന്നുണ്ടെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
വല്ലപ്പോഴുമുള്ള കാട്ടാനശല്യത്തില്‍ ഒതുങ്ങിനിന്നിരുന്ന വിഷയമാണ് കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയവയുടെ കാടിറക്കത്തിലൂടെ കുറേക്കൂടി ഗുരുതര സ്വഭാവമുള്ളതായി മാറുകയും, വനങ്ങളുള്ള ജില്ലകളില്‍ പൊതുനിരത്തുകളില്‍പ്പോലും മനുഷ്യര്‍ക്ക് പേടികൂടാതെ സഞ്ചരിക്കാനോ, വീടുകളില്‍ സമാധാനത്തോടെ രാത്രി കിടന്നുറങ്ങാനോ കഴിയാത്ത വിധം ഉത്കണ്ഠയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരിക്കുന്നത്. വന്യജീവി ആക്രമണത്തില്‍ അടുത്തിടെയുണ്ടായ ദാരുണ മരണങ്ങള്‍ കണക്കിലെടുത്തും, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ജനകീയ പ്രതിഷേധം പരിഗണിച്ചും മനുഷ്യ- വന്യജീവി സംഘര്‍ഷത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയും ചെയ്തു.
വന്യജീവികള്‍ കാടുവിട്ട് നാട്ടിലിറങ്ങുന്നതിനും മനുഷ്യവാസമുള്ള കേന്ദ്രങ്ങളില്‍ വിഹരിക്കുന്നതിനും വനഭൂമിയിലെ അനിയന്ത്രിതമായ കൈയേറ്റവും കാലാവസ്ഥാ വ്യതിയാനവും ഉള്‍പ്പെടെ കാരണങ്ങള്‍ പലതുണ്ട്. കാരണം തിരയലല്ല, പരിഹാരം തേടലാണ് ഇപ്പോള്‍ അടിയന്തരമായി വേണ്ടത. ദുരന്തങ്ങളുണ്ടാകുന്ന വേളയില്‍ ആ മേഖലയിലെ ഏകോപന ചുമതല ദുരന്ത നിവാരണ അതോറിട്ടിക്കായിരിക്കും. അതോറിട്ടിക്ക് കേന്ദ്രം നല്‍കുന്ന ഫണ്ടില്‍ നിന്ന് നിശ്ചിത ശതമാനം തുക നഷ്ടപരിഹാരത്തിനുള്‍പ്പെടെ ഉപയോഗിക്കാനാകും.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള പണവും വിനിയോഗിക്കാം. ഇതെല്ലാമായിരുന്നു തീരുമാനം. പക്ഷേ ചട്ടമുണ്ടാക്കാത്തത് വിനയായി മാറുകയാണ്.