നാവികസേനാ സ്പീഡ്ബോട്ടിന്റെ പരീക്ഷണ ഓട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഫെറിയില്‍ വന്നിടിച്ചു; സ്പീഡ് ബോട്ടിന്റെ ആക്സിലറേറ്റര്‍ കുടുങ്ങിയത് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായി; ആ ബോട്ടില്‍ എത്രപേരുണ്ടായിരുന്നു എന്നതിന് കണക്കില്ല; വിശദ അന്വേഷണത്തിന് നാവിക സേന; ഇത് അസാധാരണ മുംബൈ ദുരന്തം
മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് യാത്ര ബോട്ട് മുങ്ങി അപകടമുണ്ടാകുമ്പോള്‍ ദുരന്ത വ്യാപ്തി ഇനിയും ഉയരും. 13 പേര്‍ മരിച്ചു. 110ന് മുകളില്‍ ആളുകളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. വൈകീട്ട് നാലോടെയാണ് സംഭവം.
മുംബൈ തീരത്തുനിന്ന് എലിഫന്റാ ദ്വീപിലേക്ക് പുറപ്പെട്ട നീല്‍കമല്‍ എന്ന ഫെറി ബോട്ടാണ് മുങ്ങിയത്. നാവികസേനയുടെ സ്പീഡ്ബോട്ടിന്റെ പരീക്ഷണ ഓട്ടത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്പീഡ്ബോട്ട് ഫെറിയില്‍ വന്നിടിക്കുകയായിരുന്നു. സ്പീഡ്ബോട്ടിന്റെ ആക്സിലറേറ്റര്‍ കുടുങ്ങിയതാണ് നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം. നാവികസേനയിലെ രണ്ട് ജീവനക്കാരും സ്പീഡ്ബോട്ടിന്റെ എഞ്ചിന്‍ നിര്‍മിച്ച കമ്പനിയിലെ നാല് ജീവനക്കാരുമാണ് സ്പീഡ്ബോട്ടിലുണ്ടായിരുന്നത്. നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാബോട്ടിലിടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. യാത്രാബോട്ടിലുള്ള ഒരാളാണ് ഇത് ചിത്രീകരിച്ചത്. സ്പീഡ് ബോട്ട് പാഞ്ഞുവന്ന് ഇടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
നാവികസേന, ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖ അതോറിറ്റി, കോസ്റ്റ്ഗാര്‍ഡ്, മത്സ്യതൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്തിയത്. 101 പേരെ നിലവില്‍ രക്ഷപ്പെടുത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ ദുരന്തമാണ് മുംബൈയില്‍ നടക്കുന്നത്. ബെസ്റ്റ് ബസ് തട്ടി എട്ടുപേര്‍ മരിച്ച സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ബോട്ടപകടത്തില്‍ 13 പേര്‍ മരണം. നൂറുകണക്കിനാളുകളാണ് ദിവസവും ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍നിന്ന് വിനോദസഞ്ചാരകേന്ദ്രമായ എലിഫെന്റ് കേവ്സിലേക്ക് യാത്രതിരിക്കുന്നത്. അപകടത്തില്‍പ്പെട്ടിട്ടുള്ളവരില്‍ ഭൂരിപക്ഷവും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാകുമെന്നാണ് സൂചന. വിദേശികളും ഉണ്ട്. അപകടംപറ്റിയ ബോട്ടില്‍ 80 യാത്രക്കാരുണ്ടെന്നായിരുന്നു ബോട്ടുടമ ആദ്യം പറഞ്ഞത്. എന്നാല്‍ 13 മൃതദേഹം കണ്ടെടുക്കുകയും 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതോടെ ആള്‍ക്കൂട്ടം ബോട്ടിലുണ്ടായിരുന്നുവെന്ന് വ്യക്തമായി. ടിക്കറ്റ് വേണ്ടാത്തതിനാല്‍ എത്രകുട്ടികള്‍ ബോട്ടിലുണ്ടെന്നതിനെക്കുറിച്ചും അറിവായിട്ടില്ല.
സ്പീട് ബോട്ട് ഇടിച്ച് ഒരുഭാഗത്ത് ഇടിയുടെ ശക്തിയില്‍ കേടുപറ്റിയ ബോട്ടിലേക്ക് വെള്ളംകയറാനും തുടങ്ങി. കുറച്ചുസമയമെടുത്താണ് ബോട്ട് മുങ്ങിയതെന്നതുകൊണ്ട് ഏറെപ്പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. നല്ലൊരു ശതമാനം യാത്രക്കാരും ലൈഫ് ജാക്കറ്റ് അണിഞ്ഞിരുന്നുവെന്നതും തുണയായി. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍നിന്ന് എലിഫെന്റ് കേവ്സിലേക്ക് തുടര്‍ച്ചയായി ബോട്ടുകള്‍ അങ്ങോട്ടുമിങ്ങോട്ടും പോയിക്കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ പരിക്കേറ്റവരെ അതിവേഗം മാറ്റാനായി. നാവികസേനയും മറൈന്‍ പോലീസും തീരരക്ഷാസേനയുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായത്. 11 നാവികസേനാ ബോട്ടും മറൈന്‍ പോലീസിന്റെ നാലുബോട്ടും തീരരക്ഷാസേനയുടെ ഒരു ബോട്ടും നാലു ഹെലികോപ്റ്ററുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സ്പീഡ് ബോട്ടിലെ ഒരു നാവിക സേന ഉദ്യോഗസ്ഥനും ട്രയല്‍ റണ്ണിന്റെ ഭാഗമായ രണ്ട് പേരും മരിച്ചു. ഇരുപതോളം കുട്ടികള്‍ ഉള്‍പ്പെടെ നൂറ്റിപ്പത്തിലധികം യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. പലര്‍ക്കും ലൈഫ് ജാക്കറ്റ് ഇല്ലാതിരുന്നത് അപകടത്തിന്റെ ആഘാതം കുട്ടി. പരുക്കേറ്റ് ചികിത്സയിലുള്ള ഏതാനും പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ നാവികസേന വിശദമായ അന്വേഷണം തുടങ്ങി. മതിയായ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ യാത്രാ ബോട്ടിന്റെ ഉടമയെ അറസ്റ്റു ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.