അക്കരെയുള്ള പുല്ലെല്ലാം പച്ചയല്ലെന്ന് തിരിച്ചറിഞ്ഞവര്‍ യുകെയിലേക്ക് തന്നെ മടങ്ങുന്നു; കഴിഞ്ഞ വര്‍ഷം യുകെ ഉപേക്ഷിച്ച 99,000 പേരില്‍ 61,000 പേരും മടങ്ങിപ്പോന്നതായി സര്‍ക്കാര്‍ കണക്ക്; ആസ്ട്രേലിയ തേടിപ്പോയ മലയാളികള്‍ ഈ കണക്കില്‍ വരില്ലെങ്കിലും ഒറ്റപ്പെട്ട നിലയില്‍ മലയാളികളും മടങ്ങിയെത്തുന്നു; വിദ്യാഭ്യാസവും ആരോഗ്യവും ജീവിത ചിലവും ഒക്കെ മടങ്ങാന്‍ കാരണങ്ങള്‍

അക്കര പച്ചയല്ലെന്ന് തിരിച്ചറിഞ്ഞ മലയാളികളും യുകെയിലേക്ക് മടങ്ങുന്നു

Update: 2024-12-19 05:24 GMT

കവന്‍ട്രി: എവിടെയും തൃപ്തരല്ലാത്ത മനുഷ്യരെ കുറിച്ച് മലയാളികള്‍ ആദിയായ കാലം മുതലേ പറയുന്നതാണ് അക്കരപ്പച്ചകള്‍ എന്ന വിശേഷണം. സുഖവും സ്വസ്ഥവും ആയി ജീവിക്കുന്നതിനിടയില്‍ പെട്ടെന്ന് തോന്നുന്ന ഒരു ഉന്മാദാവസ്ഥയില്‍ മറ്റൊരു ജീവിതം തേടിപിടിക്കാനുള്ള വ്യഗ്രതയെയാണ് അക്കരപ്പച്ചകള്‍ എന്നതുകൊണ്ട് പൊതുവെ പറയുക. മികച്ച ജോലിയും ശമ്പളവും ഉള്ളവര്‍ അതിനേക്കാള്‍ മികച്ചതെന്നു കരുതി പൊല്ലാപ്പ് നിറഞ്ഞ ജോലിയിലേക്കും ജീവിത സാഹചര്യങ്ങളിലേക്കും മാറുമ്പോഴും കാഴ്ചക്കാര്‍ പറയും അക്കരപ്പച്ച തേടി പോയതല്ലേയെന്ന്. ഇപ്പോള്‍ ബ്രിട്ടനില്‍ നിന്നും ജീവിതം മടുത്തെന്നു പറഞ്ഞു മറുകര തേടിപ്പോയ 99,000 പേരില്‍ 61,000 പേരെക്കുറിച്ചു ടൈംസ് പത്രം പറയുന്നതും ഇത് തന്നെയാണ്.

കാരണം സിനിമാപാട്ടില്‍ പറയുന്നത് പോലെ പോയതിലും വേഗത്തില്‍ വന്നേ എന്ന് പറയും പോലെയാണ് യുകെ മടുത്തെന്നു പറഞ്ഞു അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, ആസ്ട്രേലിയ തുടങ്ങിയ നാടുകള്‍ തേടിപോയവരുടെ അവസ്ഥ. ബ്രിട്ടനില്‍ ലഭിച്ചിരുന്ന സൗജന്യങ്ങള്‍ പലതും ഇല്ലാതാകുന്ന കാഴ്ചയില്‍ ആ സുഖസൗകര്യങ്ങള്‍ അനുഭവിച്ചു ശീലിച്ചവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റാതായതോടെയാണ് പോയ വേഗത്തില്‍ തന്നെ മടങ്ങിയതെന്നും പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പലരും വെളിപ്പെടുത്തുന്നു. നവംബര്‍ 24ന് ഞായറാഴ്ചയാണ് ടൈംസ് ബ്രിട്ടനിലേക്ക് മടങ്ങി എത്തുന്നവരെക്കുറിച്ചു പ്രത്യേക ഫീച്ചര്‍ തയ്യാറാക്കിയത്.

മടങ്ങി വരുന്നവരുടെ ഈ കണക്കില്‍ മലയാളികളുണ്ടോ?

വാര്‍ത്തയുടെ വിശദാംശങ്ങള്‍ അറിയുന്നതിനെക്കാള്‍ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് കൗതുകം ഈ 61,000 പേരില്‍ എത്ര മലയാളികള്‍ ഉണ്ടാകും എന്നതാകും. പക്ഷെ അത്തരം ഒരു ഫില്‍ട്രേഷന്‍ ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്സിന്റെ കണക്കുകളില്‍ ലഭ്യമല്ലാത്തതു കൊണ്ട് ഊഹിക്കാന്‍ മാത്രമേ കഴിയൂ. എന്നാല്‍ ഉത്തരത്തില്‍ നൂറു ശതമാനം ഇല്ല എന്ന് പറയാനാകില്ല.

ബ്രിട്ടന്‍ മടുത്തു പ്രധാനമായും ഓസ്ട്രേലിയക്ക് പോയവരില്‍ ഒറ്റപ്പെട്ട നിലയില്‍ മടങ്ങി വരുന്നവര്‍ ഉണ്ടെന്നു തന്നെയാണ് ഉത്തരം. പക്ഷെ ഇവരുടെ എണ്ണം വളരെ കുറവാണു താനും. വിഷമം പിടിച്ച ജീവിതം ധാരാളം അനുഭവിച്ചിട്ടുള്ള മലയാളികള്‍ക്ക് ലോകത്തിന്റെ എവിടെ ഏതു മുക്കില്‍ ചെന്നാലും പിടിച്ചു നില്‍ക്കാന്‍ പ്രത്യേക മനക്കരുത്തുള്ളതിനാല്‍ യുകെയില്‍ നിന്നും ഓസ്ട്രേലിയയോ കാനഡയോ ന്യുസിലാന്‍ഡോ അമേരിക്കയിലോ എത്തുമ്പോഴും എന്തൊക്കെ പ്രയാസങ്ങള്‍ ഉണ്ടായാലും പിടിച്ചു നില്‍ക്കും എന്നാണ് അങ്ങനെ പോയവരുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്.

കോവിഡിന് ശേഷം യുകെ വിടുന്ന മലയാളികളില്‍ പൊതുവെ പറയുന്നത് ആരോഗ്യപരമായ കാരണങ്ങളും കാലാവസ്ഥയും ആണെങ്കിലും വളരെ നീണ്ട കാലത്തേ തയ്യാറെടുപ്പുകള്‍ നടത്തുന്നവര്‍ തന്നെയാണ് കുടിയേറ്റത്തിന്റെ രണ്ടാം പതിപ്പിലും മൂന്നാം പതിപ്പിലും ഉള്‍പെട്ടതെന്നു വ്യക്തം. ബ്രിട്ടനില്‍ തണുപ്പാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഓരോ മലയാളിയും എത്തുന്നത്. ഓരോ വര്‍ഷവും പ്രായം മുന്നോട്ടും ആരോഗ്യം പിന്നോട്ടും ആണെന്നതും ആര്‍ക്കും അറിയാത്ത രഹസ്യമല്ല.

എന്നാല്‍ ഓസ്ട്രേലിയായില്‍ നല്ല കാലാവസ്ഥയ്‌ക്കൊപ്പം കൂടുതല്‍ ശമ്പളം കിട്ടും എന്ന ആകര്‍ഷണമാണ് തങ്ങളെ പിടിച്ചു വലിക്കുന്നതെന്നു തുറന്നു പറയാന്‍ പലരും തയ്യാറാവുകയുമില്ല. ചിലരെങ്കിലും കുടുംബ ബന്ധങ്ങള്‍ക്ക് വേണ്ടിയാണ് ഓസ്ട്രേലിയക്ക് പറന്നതെങ്കില്‍ അപൂര്‍വ്വം ചിലരൊക്കെ ചിതറിത്തുടങ്ങിയ കുടുംബം തകരാതിരിക്കാനും യുകെയില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്.

മറ്റു കുടുംബാംഗങ്ങള്‍ ഉള്ളതിനാല്‍ അങ്ങോട്ട് ചേക്കേറുന്നവര്‍ പൊതുവേ സന്തോഷമായി തന്നെ കഴിയുന്നു എന്ന ഫീഡ് ബാക്ക് ലഭിക്കുമ്പോള്‍ കൂടുതല്‍ ശമ്പളം എന്ന മരീചിക കണ്ടു പോയവര്‍ക്ക് യുകെയിലെ ലൈഫ് മിസ് ചെയ്യുന്നു എന്ന് രഹസ്യമായി എങ്കിലും പറയേണ്ടി വരും. അടുത്തകാലത്തായി ഗള്‍ഫില്‍ നിന്നും യുകെയിലേക്ക് വന്നവര്‍ പ്രധാനമായും ഓസ്ട്രേലിയ തേടി പോകുമ്പോള്‍ അവരുടെ ഫൈനല്‍ ഡെസ്റ്റിനേഷന്‍ തന്നെ ഓസ്ട്രേലിയ ആയിരുന്നു എന്നും യുകെ വെറും ട്രാന്‍സിഷന്‍ പോയിന്റ് മാത്രമായിരുന്നു എന്നതിനാല്‍ അവരുടെ സന്തോഷ സൂചികയെ കുടിയേറ്റപ്പട്ടികയുമായി ചേര്‍ത്തു വയ്ക്കാനുമാകില്ല. ഇത്തരത്തില്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം കൊണ്ടാണ് യുകെയില്‍ നിന്നും കുടിയേറേണ്ടി വരുന്നത് എന്നും വ്യക്തം.

മടങ്ങി വന്നവര്‍ക്ക് പ്രധാനമായും പറയാനുള്ളത് വിദ്യാഭ്യസം മുതല്‍ ആരോഗ്യം വരെയുള്ള കാരണങ്ങള്‍

യുകെ ഉപേക്ഷിച്ച് ഓടിപോയവര്‍ മടങ്ങി വരുമ്പോള്‍ സ്‌കൂളും യൂണിവേഴ്സിറ്റിയും ഒക്കെ ചിലവേറിയ കാര്യങ്ങള്‍ ആണെന്നതാണ്. സ്വകാര്യ ഇന്‍ഷൂറന്‍സിനു പണം നല്‍കേണ്ടി വരുമ്പോള്‍ മാന്യമായ ചികിത്സാ ലഭിക്കുമെങ്കിലും ആ പണം യുകെയില്‍ ഉണ്ടെങ്കിലും സ്വകാര്യ ചികിത്സയ്ക്ക് കാത്തിരിക്കേണ്ടതില്ല. അപ്പോള്‍ പിന്നെ ആരോഗ്യ രംഗത്തെ കാര്യമെടുത്താല്‍ യുകെ തന്നെയാണ് മികച്ചത് എന്നാണ് മിക്കവരുടെയും അഭിപ്രായം. യുകെയില്‍ നിന്നും പോയ ശേഷം പുതിയ രാജ്യത്തു ജീവിതം കരുപ്പിടിപ്പിക്കാന്‍ നോക്കുമ്പോള്‍ പേഴ്സ് വേഗത്തില്‍ കാലിയാകുന്നു എന്നാണ് ഒരു വിഭാഗത്തിന് പറയാനുള്ളത്.

സര്‍ക്കാര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം യുകെയിലെ ആകെ കുടിയേറ്റം 6,85,000 ആണെന്ന് വ്യക്തം. വാസ്തവത്തില്‍ ആകെ എത്തിയ 12 ലക്ഷത്തില്‍ അധികം പേരില്‍ നിന്നും യുകെ ഉപേക്ഷിച്ച 5,32,000 പേരുടെ എണ്ണം കുറച്ച ശേഷമാണ് ആകെ കുടിയേറ്റ സംഖ്യ പുറത്തു വിടുന്നത്. ഇപ്പോള്‍ ആ കണക്കിലേക്ക് മടങ്ങി എത്തിയ 61,000 പേരുടെ എണ്ണം കൂടി ചേര്‍ക്കേണ്ടി വരും. അങ്ങനെയാകുമ്പോള്‍ ആകെ കുടിയേറ്റം ഏഴര ലക്ഷം എന്ന കണക്കിലേക്ക് എത്തും.

വാര്‍ത്തകളില്‍ നിറയുന്ന കുടിയേറ്റം, ലോകമെങ്ങും അസ്വസ്ഥത

യുകെ പൗരത്വം ഉള്ള 98,000 പേരും രാജ്യം ഉപേക്ഷിച്ച ലിസ്റ്റില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനിടെ ഏറ്റവും വലിയ പ്രത്യേകത ബ്രിട്ടീഷ് കുടിയേറ്റത്തില്‍ ദൃശ്യമാകുന്നത് യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരുടെ തള്ളിക്കയറ്റമാണ്. 2021 മുതല്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ 9,68,000 പേരാണ് ഈ കണക്കില്‍ യുകെയില്‍ എത്തിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കണക്കും ഇതില്‍ ചേര്‍ക്കാനാകും.

എന്നാല്‍ ഈ വര്‍ഷം മുതല്‍ കണക്കുകള്‍ എത്തുമ്പോള്‍ കുടിയേറ്റ നിരക്കില്‍ കാതലായ മാറ്റം ഉണ്ടാകും എന്ന് തന്നെയാണ് വ്യക്തമാകുന്നത്. ബ്രിട്ടനില്‍ വാര്‍ത്ത മാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കവറേജ് നല്‍കുന്നതും കുടിയേറ്റ വിഷയത്തിന് തന്നെയാണ്. കഴിഞ്ഞ സര്‍ക്കാരിനെ മറിച്ചിടുന്നതിലും ഇപ്പോഴത്തെ ലേബര്‍ സര്‍ക്കാറിന് മൃഗീയ ഭൂരിപക്ഷം നല്‍കിയതിലും കുടിയേറ്റത്തിനുള്ള പങ്കു വ്യക്തമാണ്.

കുടിയേറ്റ വിഷയം നന്നായി കൈകാര്യം ചെയ്തു എന്നതാണ് ലേബര്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച മികച്ച സ്ട്രാറ്റജി. കുടിയേറ്റ കണക്ക് നിയന്ത്രണത്തിലാക്കാന്‍ ഋഷി സുനക് സര്‍ക്കാര്‍ അമാന്തം കാട്ടിയതും അവരുടെ പതനത്തിന് ആക്കം കൂട്ടിയ വസ്തുതയാണ്. രാജ്യത്തിന്റെ മുഴുവന്‍ വിഭവങ്ങളും ജോലികളും കുടിയേറ്റക്കാര്‍ സ്വന്തമാക്കുന്നുവെന്ന വികാരമാണ് പൊതുവെ തിരഞ്ഞെടുപ്പില്‍ അലയടിച്ചത്. അയര്‍ലന്‍ഡ് അടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ സമാനമായ തരത്തില്‍ ഉള്ള എതിര്‍പ്പാണ് നിലവിലെ സര്‍ക്കാര്‍ നേരിടുന്നതും. യുക്രൈന്‍ അഭയാര്‍ത്ഥികള്‍ കണക്കില്ലാതെ പെരുകി കയറിയതാണ് ബ്രിട്ടന്റെ അയല്‍രാജ്യമായ അയര്‍ലന്‍ഡിന് തലവേദന ആയത്. ഇപ്പോള്‍ ട്രംപ് അധികാരത്തില്‍ എത്തിയതോടെ അമേരിക്കയിലും കുടിയേറ്റ വിരുദ്ധത ശക്തമാകുന്ന സാഹചര്യമാണ് കാണാനാകുന്നത്.

ഇന്ത്യയില്‍ നിന്നുള്ള പരിധി വിട്ട വിദ്യാര്‍ത്ഥികളുടെയും തൊഴില്‍ അന്വേഷകരുടെയും തള്ളിക്കയറ്റം തടയാന്‍ കാനഡ, ന്യുസിലാന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും നിയന്ത്രണം കടുപ്പിക്കുകയാണ്. കേരളത്തില്‍ നിന്നാകട്ടെ ലോകത്തിന്റെ ഏതു കോണിലും അവസരം ഉണ്ടെങ്കില്‍ പറക്കാന്‍ തയ്യാര്‍ എന്നാണ് യുവ തലമുറയുടെ നിലപാട്. അടുത്തിടെയായി ജര്‍മനിയില്‍ അവസരങ്ങള്‍ കൂടുന്നു എന്ന വാര്‍ത്തകള്‍ വന്നതോടെ വീണ്ടും മലയാളികള്‍ കണ്ണുകള്‍ എല്ലാം ജര്‍മനിയിലേകുടിയേറ്റം, മലയാളി കുടിയേറ്റം

ക്ക് എന്ന നിലയിലേക്ക് ഇതിനകം തന്നെ എത്തിച്ചേര്‍ന്നിരിക്കുകയാണ്.

Tags:    

Similar News