ബംഗ്ലാദേശില്‍ ന്യൂക്ലിയര്‍ പ്ലാന്റ് നിര്‍മിക്കാന്‍ റഷ്യയുമായി കോടികളുടെ ഇടപാട് നടത്തി; കീര്‍ സ്റ്റാര്‍മാര്‍ സര്‍ക്കാരിലെ ബംഗ്ലാദേശ് വംശജയായ മന്ത്രിക്ക് പണി തെറിച്ചേക്കും;ഷെയ്ഖ് ഹസീനയുടെ ബന്ധുവായ ടുലിപ് സിദ്ധിക്കിക്കെതിരെ അന്വേഷണം തുടങ്ങി

Update: 2024-12-19 04:30 GMT

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ബന്ധുവും യു കെ സിറ്റി മിനിസ്റ്ററുമായ ടുലിപ് സിദ്ദിക്കിക്കെതിരെ അന്വേഷണം. അവരും അവരുടെ ചില കുടുംബാംഗങ്ങളും 4 ബില്യന്‍ പൗണ്ട് വരെ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിലാണ് അന്വേഷണം നടത്തുന്നത്. ബ്രിട്ടനിലെ സാമ്പത്തിക മേഖലയില്‍ നിന്നും അഴിമതി തുടച്ചു നീക്കുന്നതിനുള്ള ചുമതലയുള്ള ടുലിപ്, തന്റെ സ്വദേശമായ ബംഗ്ലാദേശില്‍ ഒരു ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അന്വേഷണം നേരിടുന്നത്.

ടുലിപ് സിദ്ധിഖിക്കൊപ്പം യു കെയില്‍ താമസിക്കുന്ന അവരുടെ മാതാവ് ഷെയ്ഖ് രെഹാന സിദ്ധിഖി, കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ബംഗ്ലാദേശ് ഭരിച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസിന എന്നിവരും ആന്റി കറപ്ഷന്‍ കമ്മീഷന്‍ (എ സി സി) നടത്തുന്ന അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ആഴ്ചകള്‍ നീണ്ട പ്രക്ഷോഭത്തിന് ശേഷം ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് രക്ഷപ്പെടുമ്പോള്‍ ഷെയ്ഖ് രഹാന സിദ്ധിഖിയും അവരുടെ ഒപ്പമുണ്ടായിരുന്നു.

മൊത്തം 10 ബില്യനോളം ചെലവ് വരുന്ന ന്യൂക്ലിയാര്‍ ഇടപാടില്‍ ടുലിപ് ഇടനില വഹിച്ചിട്ടുണ്ടാകാം എന്ന പരാതിയെ തുടര്‍ന്ന് രാജ്യത്തെ ഹൈക്കോടതിയായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. റഷ്യന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള റൊസാറ്റോം എന്ന കമ്പനിയാണ് പ്ലാന്റ് നിര്‍മ്മിച്ചത്. ഇതിനായുള്ള കരാര്‍, 2013 ല്‍ ക്രെംലിനില്‍ വെച്ച് ടുലിപ് സിദ്ദിഖിയുടെ സാന്നിദ്ധ്യത്തിലായിരുന്നു റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിറ്റ് പുടിനും അന്ന് ബംഗ്ലാദേശ് മുഖ്യമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയും ഒപ്പിട്ടത്. അന്ന് ടുലിപ് ലേബര്‍ പാര്‍ട്ടിയുടെ ഒരു കൗണ്‍സിലര്‍ ആയിരുന്നു.

ടുലിപ് സിദ്ധിഖിയുടെ മാതൃസഹോദരന്‍, അമേരിക്കയില്‍ താമസിക്കുന്ന സജീബ് വസേദ് ജോയ്, പിതാവിന്റെ അമ്മാവന്‍ താരിഖ് സിദ്ദിഖി എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ട്. താരിഖ് സിദ്ധിഖി ബംഗ്ലാദേശില്‍ ഒളിവിലാണെന്നാണ് കരുതുന്നത്. കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഇവരുടെ പേരുകളും പരാമര്‍ശിച്ചിട്ടുണ്ട്. പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നവരുടെ സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ നോക്കാതെ തന്നെ വിശ്വാസ്യതയും സുതാര്യതയും നിലനിര്‍ത്തി അന്വേഷണം മുന്നോട്ട് പോകുമെന്ന് എ സി സി വക്താവ് അറിയിച്ചു.

ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ടുലിപ് സിദ്ധിഖി വിസമ്മതിച്ചപ്പോള്‍, അവരുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ പറയുന്നത്, നേരത്തെ ഒരു അമേരിക്കന്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഈ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്നാണ്. കെട്ടിച്ചമച്ച കഥകളാണ് അവയെന്നും വക്താവ് ആരോപിച്ചു. നിലവിലെ ബംഗ്ലാദേശ് ഭരണകൂടം ഷെയ്ഖ് ഹസീനയോട് വെച്ചു പുലര്‍ത്തുന്ന ശത്രുത മാത്രമാണ് ഈ ആരോപണത്തിന് പിന്നിലെന്ന് ഹസീനയുടെ അവാമി ലീഗ് യു കെ ജനറല്‍ സെക്രട്ടറി സയ്യദ് ഫറൂഖും ആരോപിച്ചു. ഹസീനയുടെ അനന്തിരവളായി എന്നതുകൊണ്ടു മാത്രമാണ് ടുലിപിന് ഈ ആരോപണങ്ങള്‍ നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News