ആണിയും എഞ്ചിനുമില്ല, കാറ്റടിച്ചാല്‍ കടല്‍ പിളര്‍ന്ന് പായും; അജന്താ ചിത്രത്തിലെ അത്ഭുത കപ്പലിലേറി ഇന്ത്യന്‍ നാവികര്‍ ഒമാനില്‍; സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സമുദ്രപാത പുനരാവിഷ്‌കരിച്ച് ഐഎന്‍എസ്വി കൗണ്ഡിന്യ; അത്ഭുത കടല്‍ യാത്രയ്ക്ക് ബേപ്പൂര്‍ കൈയ്യൊപ്പും
ലണ്ടന്‍: പുരാതന കാലത്തെ സമുദ്രയാത്രകളുടെ പ്രതാപം വീണ്ടെടുത്ത് ഇന്ത്യന്‍ നാവികസേനയുടെ അത്ഭുത കപ്പല്‍ 'കൗണ്ഡിന്യ' ഒമാനിലെത്തി. ഒരു ആധുനിക എഞ്ചിന്‍ പോലും ഇല്ലാതെ, കാറ്റിന്റെ വേഗതയില്‍ മാത്രം സഞ്ചരിക്കുന്ന ഈ മരക്കപ്പല്‍ 17 ദിവസം കൊണ്ടാണ് ഒമാന്‍ തീരത്തെത്തിയത്. മസ്‌കറ്റിലെത്തിയ കപ്പലിന് ഗംഭീരമായ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് ഒമാന്‍ സ്വീകരിച്ചത്.
ഡിസംബര്‍ 29-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നാണ് ഈ സാഹസിക യാത്ര ആരംഭിച്ചത്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഇന്ത്യയെ ലോകവുമായി ബന്ധിപ്പിച്ചിരുന്ന പുരാതന സമുദ്രപാത പുനരാവിഷ്‌കരിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. അഞ്ചാം നൂറ്റാണ്ടിലെ അജന്ത ഗുഹാചിത്രങ്ങളില്‍ കാണുന്ന കപ്പലിന്റെ അതേ മാതൃകയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ബേപ്പൂരിലെ 'ഖലാസി'മാരുടെയും ഉരു നിര്‍മാണ വിദഗ്ധരുടെയും മേല്‍ നോട്ടത്തിലാണ് 'ഐ എന്‍ എസ് വി' കൗണ്ഡിന്യ ഒരുങ്ങിയത്. പ്രശസ്തനായ ഉരുനിര്‍മ്മതാവ് ബാബു ശങ്കരന്റെ നേതൃത്വത്തില്‍ ബേപ്പൂരിലെ പരമ്പരാഗത കപ്പല്‍ നിര്‍മ്മാണ തൊഴിലാളികളാണ് കപ്പല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2023 സെപ്റ്റംബറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച 'ഐ എന്‍ എസ് വി കൗണ്ഡിന്യ' 2025 മേയ് മാസത്തിലാണ് പൂര്‍ത്തീകരണം നടത്തി ഇന്ത്യന്‍ നാവിക സേനയില്‍ ചേര്‍ന്നത്.
കപ്പലിന്റെ നിര്‍മ്മാണമാണ് ഏറ്റവും ശ്രദ്ധേയം. ലോകത്ത് ഇന്ന് നിലവിലുള്ള ഏക 'തുന്നിയ കപ്പലായ' 'ഐ എന്‍ എസ് വി കൗണ്ഡിന്യ' ലോഹ ആണികള്‍ക്ക് പകരം ചകിരികയറും ചകിരിനാരും ഉപയോഗിച്ച് മരപ്പലകകള്‍ തുന്നിച്ചേര്‍ത്താണ് നിര്‍മിച്ചിരിക്കുന്നത്. ആധുനിക എന്‍ജിനുകളോ ലോഹ ആണികളോ ഒന്നുമില്ലാതെ, പൂര്‍ണമായും കാറ്റിന്റെ ദിശയും പായകളും ഉപയോഗിച്ചാണ് കപ്പലിന്റെ യാത്ര. ഒരു ആണി പോലും ഇതില്‍ ഉപയോഗിച്ചിട്ടില്ല.
മരപ്പലകകള്‍ തെങ്ങിന്‍ നാരുകള്‍ കൊണ്ടുണ്ടാക്കിയ കയര്‍ ഉപയോഗിച്ച് തുന്നിച്ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചത്. വിടവുകള്‍ അടയ്ക്കാന്‍ പ്രകൃതിദത്തമായ കറയാണ് ഉപയോഗിച്ചത്. പൂര്‍ണ്ണമായും പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച ഈ കപ്പല്‍ ചതുരപ്പായകള്‍ ഉപയോഗിച്ച് കാറ്റിന്റെ ഗതിക്കനുസരിച്ചാണ് നീങ്ങുന്നത്. കപ്പലിന്റെ പായയില്‍ വിഷ്ണുവിന്റെ പ്രതീകമായ ഗണ്ഡഭേരുണ്ഡത്തിന്റെയും സൂര്യന്റെയും ചിത്രങ്ങളുണ്ട്. മുന്‍ഭാഗത്ത് സിംഹരൂപവും കപ്പലിന്റെ തട്ടില്‍ ഹാരപ്പന്‍ ശൈലിയിലുള്ള കല്ല് നങ്കൂരവും ഒരുക്കിയിട്ടുണ്ട്.
യാത്ര അത്ര സുഖകരമായിരുന്നില്ലെന്ന് കപ്പലിന്റെ ചുമതലയുള്ള കമാന്‍ഡര്‍ ഹേമന്ത് കുമാര്‍ പറഞ്ഞു. എയര്‍ കണ്ടീഷണറോ സുഖപ്രദമായ കിടക്കകളോ കപ്പലില്‍ ഉണ്ടായിരുന്നില്ല. കൊടുംചൂടും കടല്‍ചുഴിയും നാവികരെ വല്ലാതെ അലട്ടി. കനത്ത മഴ പെയ്യുമ്പോഴും പായകള്‍ ഉപയോഗിച്ച് കാറ്റിനെ മെരുക്കിയായിരുന്നു യാത്ര. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാലും ഈ ദൗത്യത്തില്‍ പങ്കാളിയായിരുന്നു.
2023 സെപ്റ്റംബറില്‍ നിര്‍മ്മാണം തുടങ്ങിയ കപ്പല്‍ 2025 ഫെബ്രുവരിയിലാണ് ഗോവയില്‍ നീറ്റിലിറക്കിയത്. ഇന്ത്യയുടെ അതിപുരാതനമായ നാവിക പാരമ്പര്യത്തെ ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി വിളിച്ചോതുന്നതാണ് കൗണ്ഡിന്യയുടെ ഈ സാഹസിക യാത്ര. കപ്പല്‍ എന്ന് ഇന്ത്യയിലേക്ക് മടങ്ങും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
