ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള ക്രിമിനല്‍ കേസ് അല്ലേ? ദിവ്യക്ക് ഒരു നീതി.... പത്മകുമാറിന് മറ്റൊരു നീതി; സിപിഎമ്മില്‍ പുകയുന്ന 'സ്വര്‍ണ്ണക്കൊള്ള' പേടി; ജയിലില്‍ കിടക്കുന്നവന്‍ പുണ്യാളനോ? മഹിളാ അസോസിയേഷനിലെ ഗോവിന്ദ ശാസനം ചര്‍ച്ചകളില്‍
തിരുവനന്തപുരം: സിപിഎമ്മിനുള്ളില്‍ പടലപ്പിണക്കവും ഇരട്ടത്താപ്പും മറനീക്കി പുറത്തുവരുന്നു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പി.പി. ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കിയതോടെയാണ് പാര്‍ട്ടിയിലെ 'രണ്ടുതരം നീതി' ചര്‍ച്ചയാകുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെ കമ്മിറ്റിയില്‍ വെക്കേണ്ടതില്ലെന്ന് എം.വി. ഗോവിന്ദന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ ദിവ്യ പുറത്തായി. എന്നാല്‍, ഇതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതിയായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഇതുവരെ ഒരു അച്ചടക്ക നടപടിയും എടുക്കാന്‍ സിപിഎം തയ്യാറായിട്ടില്ല എന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. പത്തനംതിട്ടയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം പത്മകുമാറാണെന്ന് വ്യക്തമായിട്ടും നേതൃത്വം കണ്ണടയ്ക്കുകയാണ്. പത്മകുമാര്‍ സ്വര്‍ണ്ണക്കൊള്ളയില്‍ ജയിലില്‍ കിടക്കുമ്പോഴും പാര്‍ട്ടി അംഗത്വം നിലനിര്‍ത്തുന്നു. അതേസമയം, കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ഇപ്പോള്‍ മഹിളാ അസോസിയേഷനില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരിക്കുന്നു.
സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ഉന്നത നേതാക്കളുടെ പേരുകള്‍ പുറത്തുവരുമോ എന്ന ഭയമാണ് പത്മകുമാറിനെ സംരക്ഷിക്കാന്‍ പാര്‍ട്ടിക്ക് പ്രേരണയാകുന്നത് എന്നാണ് സൂചന. പത്മകുമാറിനെ തൊട്ടാല്‍ പല ഉന്നതരുടെയും കസേര തെറിക്കുമെന്ന പേടി നേതൃത്വത്തിനുണ്ട്. എന്നാല്‍ ദിവ്യയുടെ കാര്യത്തില്‍ കണ്ണൂരിലെ മഹിളാ നേതാവും എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമളയെ സംരക്ഷിക്കാന്‍ കാണിച്ച ആവേശം പാര്‍ട്ടി കാണിച്ചില്ലെന്നും വിമര്‍ശനമുണ്ട്. ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയില്‍ പ്രതിക്കൂട്ടിലായിരുന്ന ശ്യാമളയെ അന്ന് സംരക്ഷിച്ച പാര്‍ട്ടി, ഇപ്പോള്‍ ദിവ്യയെ ബലികൊടുത്ത് മുഖം രക്ഷിക്കാന്‍ നോക്കുകയാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
മഹിളാ അസോസിയേഷന്‍ യോഗത്തില്‍ എം.വി. ഗോവിന്ദന്‍ നേരിട്ടെത്തിയാണ് ദിവ്യയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയും പാടില്ലെന്ന് അദ്ദേഹം കര്‍ശനമായി പറഞ്ഞതോടെ പാര്‍ട്ടിയിലെ ജനാധിപത്യം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. 'ദിവ്യ ആവശ്യപ്പെട്ടതനുസരിച്ച് ഒഴിവാക്കി' എന്ന് നേതാക്കള്‍ പറയുമ്പോഴും, പത്മകുമാറിനോടുള്ള പാര്‍ട്ടിയുടെ സ്‌നേഹം അണികള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
സ്വര്‍ണ്ണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടി നവീന്‍ ബാബു കേസില്‍ മാത്രം ധാര്‍മ്മികത പ്രസംഗിക്കുന്നത് വെറും കാപട്യമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
