എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ 'സിതാര'യിലേക്ക് ഒഴുകിയെത്തി ആയിരങ്ങള്‍; 'സ്മൃതിപഥ'ത്തില്‍ സംസ്‌കാര ചടങ്ങുകള്‍ അഞ്ചു മണിക്ക്; സാഹിത്യ തറവാട്ടിലെ കാര്‍ന്നോര്‍ക്ക് ഓര്‍മ പൂക്കളര്‍പ്പിച്ച് മലയാളികള്‍
എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് വിടനല്‍കാനൊരുങ്ങി കേരളം. തൂലികകൊണ്ട് തലമുറകള്‍ക്കായി കഥാവിസ്മയം തീര്‍ത്ത കഥാകാരനെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിനാളുകളാണ് കോഴിക്കോട് നടക്കാവിലെ സിതാരയില്‍ എത്തിയത്. കണ്ണീരണിഞ്ഞും കൈകൂപ്പിയും അവര്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചു.
അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അഞ്ച് മണിയോടെ മാവൂര്‍ റോഡിലെ ശ്മശാനം സ്മൃതിപഥത്തില്‍ എംടിക്ക് അന്ത്യവിശ്രമം. മലയാളത്തിന്റെ എംടിക്ക് വിട എന്നെഴുതിയ നിറയെ പൂക്കള്‍ കൊണ്ട് അലങ്കരിച്ച ആംബുലന്‍സിലാണ് എംടിയെ രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള ശ്മശാനത്തിലേക്ക് എത്തിക്കുക. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുളളവര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ വൈകീട്ട് അഞ്ച് മണിക്ക് ആണ് സംസ്‌കാരം.
സിതാരയില്‍ നിന്ന് ആരംഭിക്കുന്ന അന്ത്യയാത്ര കൊട്ടാരം റോഡ്, നടക്കാവ് മനോരമ ജംഗ്ഷന്‍, ബാങ്ക് റോഡ്, കെ.എസ്.ആര്‍.ടിസി ബസ് സ്റ്റാന്‍ഡ് വഴിയായിരിക്കും ശ്മശാനത്തിലേക്കെത്തിക്കുക. സഹോദരന്റെ മകന്‍ ടി. സതീശന്‍ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കും.
'കാറ്റത്ത് ഒരു തിരിനാളം അണഞ്ഞു പോകുന്നതു പോലെ മരിക്കാനാണ് എനിക്കാഗ്രഹം'മരണമെന്ന സത്യത്തെക്കുറിച്ച് ഇത്രയും ലളിതമായി പറഞ്ഞ കഥാകാരന്റെ സംസ്‌കാരം നടക്കുന്നത് മാവൂര്‍ റോഡിലെ 'സ്മൃതിപഥം' എന്നു പേരിട്ട് പുതുക്കി പണിത പൊതുശ്മശാനത്തിലാണ്. ശ്മശാനം പുതുക്കി പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അവിടേക്കുള്ള ആദ്യ വിലാപയാത്ര എംടിയുടേതാണ്. എംടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ നേരം പുലരും മുന്‍പേ മലയാള സാഹിത്യത്തിന്റെ പെരുന്തച്ചനെ അവസാനമായി കാണാന്‍ നടക്കാവ് കൊട്ടാരം റോഡിലെ സിതാരയിലേക്ക് ഒഴുകിയെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ പ്രിയപ്പെട്ട സാഹിത്യകാരന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.
ചലച്ചിത്ര ലോകത്ത് അനശ്വര കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ എംടിയെ കാണാന്‍ നടന്‍ മോഹന്‍ലാല്‍ നേരം പുലരും മുന്‍പേ എത്തി. വല്ലാത്ത നഷ്ടബോധത്തോടെ അദ്ദേഹം എംടിയുടെ അടുത്ത് ചുമരില്‍ ചാരി ഏറെ നേരം നിന്നു. ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എംടിയുമായി നല്ല സ്‌നേഹ ബന്ധമുണ്ടായിരുന്നു. എന്റെ നാടകങ്ങള്‍ കാണാന്‍ അദ്ദേഹം എത്തിയിരുന്നു. വൈകാരികമായ അടുപ്പമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഓളവും തീരവുമാണ് അവസാനം അഭിനയിച്ച ചിത്രമെന്നും മോഹന്‍ ലാല്‍ പറഞ്ഞു.
എംടിയുടെ കഥകളേയും കഥാപാത്രങ്ങളെയും െവള്ളിത്തിരയില്‍ അത്രമേല്‍ ചാരുതയോടെ പകര്‍ത്തിയ ഹരിഹരന്‍ നിറകണ്ണുകളുമായി എംടിയുടെ മൃതദേഹത്തെ വലംവച്ചു. കാല്‍പാദത്തില്‍ തൊട്ടു നിലത്തിരുന്നു. തുടര്‍ന്ന് മകള്‍ അശ്വതിയുടെ അടുത്തെത്തി ആശ്വസിപ്പിച്ചു. അവര്‍ക്കൊപ്പം മൂകനായി ഇരുന്നു. സിനിമയിലും എഴുത്തിന്റെ വീരഗാഥ തീര്‍ത്ത പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തിയ സംവിധായകന്‍ ഹരിഹരന്റെ കണ്ണ് നിറഞ്ഞിരുന്നു. യാത്രയാക്കുന്നപോലെ കാല്‍ക്കല്‍ കുറേനേരം നോക്കി നിന്നു.
ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയും രാവിലെ തന്നെ ഗുരുതുല്യനായ എംടിയെ കാണാന്‍ എത്തി. എംടിയുടെ മൗനം തന്നെ വാചലമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഒരുപാട് അര്‍ഥ തലമുണ്ടാകും അതിന്. ഞാന്‍ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പ്രേരണയിലാണ്. വിവാദങ്ങളിലൊന്നും പെടാതെ അദ്ദേഹം മാറി നിന്നു. മലയാളത്തെ വിശ്വ സാഹിത്യത്തിലേക്ക് കൊണ്ടുപോയി. എന്റെ രാഷ്ട്രീയത്തിനോട് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ വാത്സല്യം ഒരുപാട് ഏറ്റുവാങ്ങിയ ആളാണ് താനെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. .
മന്ത്രി മുഹമ്മദ് റിയാസും രാവിലെ എത്തി. മതനിരപേക്ഷത നിലകൊള്ളണമെന്ന് എംടി എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യത്തിലൂടെയും സിനിമയിലൂടെയും മലയാളിയുടെ മനസ്സില്‍ ഒരിക്കലും മായ്ക്കാന്‍ സാധിക്കാത്ത അടയാളങ്ങള്‍ കോറിയിട്ട എംടിയെ കാണാന്‍ ആബാലവൃദ്ധം സിതാരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ബന്ധങ്ങളില്‍ ഋതുസമിശ്ര കാലമാണ് എംടി. അതുകൊണ്ടാണ് അദ്ദേഹത്തെ കാണാന്‍ രാഷ്ട്രീയക്കാരും സാംസ്‌കാരിക പ്രവര്‍ത്തകരും സാധാരണക്കാരും ഒഴുകിയെത്തിയത്. മലയാളത്തിന്റെ അക്ഷര വെളിച്ചത്തിന് ആദരം അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ആശ്വസിപ്പിച്ചു. സാഹിത്യ തറവാട്ടിലെ കാര്‍ന്നോര്‍ക്ക് ഓര്‍മ പൂക്കളര്‍പ്പിക്കാന്‍ ആലങ്കോട് ലീലാ കൃഷ്ണനുള്‍പ്പെടെയുളള സമകാലികരും പുതുതലമുറ എഴുത്തുകാരുമെത്തി.
മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിര്‍മാല്യം ഉള്‍പ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും എംടി സംവിധാനം ചെയ്തിട്ടുണ്ട്. 2005 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, ജെ.സി. ദാനിയേല്‍ പുരസ്‌കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികള്‍ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മൂന്നു തവണ ലഭിച്ചു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കള്‍: സിതാര, അശ്വതി.