കോടതി നടപടികള്‍ സിപിഎമ്മിന് പുല്ലുവില; പത്തനംതിട്ട ജില്ലാസമ്മേളനത്തിന്റെ ഭാഗമായി റോഡ് കൈയേറി ബോര്‍ഡുകള്‍; തിരക്കേറിയ കോന്നി- മൂവാറ്റുപുഴ പ്രധാനപാതയുടെ ഇരുവശത്തും കാഴ്ച മറച്ച് കൊടിതോരണങ്ങള്‍
കോടതി നടപടികള്‍ സിപിഎമ്മിന് പുല്ലുവില
പത്തനംതിട്ട: സിപിഎം ഏരിയാ സമ്മേളനത്തിനുവേണ്ടി വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടിയതില്‍ ഹൈക്കോടതി കര്‍ശന നിലപാട് സ്വീകരിച്ചിട്ടും സിപിഎം പത്തനംത്തിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന് ഇരുവശമുള്ള നടപാത കൈയേറി ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത് വിവാദത്തില്‍. ഡിസംബര്‍ 28മുതല്‍ കോന്നിയില്‍ വെച്ച് നാലുദിവസത്തെ ജില്ലാ സമ്മേളനം നടക്കാനിരിക്കെയാണ് പുതിയ വിവാദം.
കോന്നി- മൂവാറ്റുപുഴ പ്രധാനപാതയിലാണ് യാത്രക്കാരുടെ കാഴ്ച മറയുന്ന വിധത്തില്‍ മൂന്ന് കിലോമിറ്ററോളം പാതയുടെ ഇരുവശവും കൈയേറി കൊണ്ട് കൊടിതോരണങ്ങള്‍ സ്ഥാപിച്ചത്. അപകടകരമായ തരത്തിലാണ് ഈ ബോര്‍ഡുകളെല്ലാം നില്‍ക്കുന്നത്. ശബരിമല കാലമായതിനാല്‍ തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന റോഡിലാണ് സിപിഎമ്മിന്റെ നിയമലംഘനം. ചില ബോര്‍ഡുകള്‍ റോഡിലേക്ക് ചരിഞ്ഞാണ് നില്‍ക്കുന്നത്. പല ബോര്‍ഡുകളും ഉറപ്പിക്കാത്തതിനാല്‍ റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. രണ്ടാഴ്ച്ച മുന്‍പ് തന്നെ ഈ റോഡ് കൈയേറി തോരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
വിവാദമായതോടെ കോന്നി ജില്ലാ പഞ്ചായത്ത് ചില ബോര്‍ഡുകള്‍ എടുത്ത് മാറ്റിയെങ്കിലും രാത്രിയോടെ പ്രവര്‍ത്തകര്‍ വീണ്ടും പുന:സ്ഥാപിച്ചു. സിപിഎം ജില്ലാനേതൃത്വത്തിന് ഇത് മാറ്റണമെന്ന നിര്‍ദേശം അധികൃതരില്‍ നിന്ന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിപിഎം ജില്ലാനേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല. 28,29,30 തീയതികളിലാണ് സമ്മേളനം.
നിരത്തിലോ പാതയോരത്തോ അനധികൃത ബോര്‍ഡ് കണ്ടാല്‍ പിഴചുമത്തണമെന്നും ഇല്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. അനധികൃതമായി ബോര്‍ഡും കൊടികളും വെക്കുന്നവര്‍ക്കെതിരേ എഫ്.ഐ.ആര്‍. ഇടണം. വീഴ്ചവരുത്തിയാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി കര്‍ശന നിലപാട് തുടരുമ്പോഴും തിരുവനന്തപുരം ശ്രീചിത്തിര തിരുന്നാള്‍ ഗ്രന്ഥശാലക്കു സമീപം കോടികള്‍ വിലയുള്ള പുറമ്പോക്ക് കൈയേറിപാര്‍ക്ക് സ്ഥാപിച്ചതില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. നടപ്പാതയില്‍ കാഴ്ചപരിമിതര്‍ക്കുള്ള ദിശാസൂചന ടൈലുകള്‍ ഇളക്കിമാറ്റിയിരുന്നു. സിപിഎം നേതാക്കളായ എ.കെ. ഗോപാലന്റെയും ഇഎംഎസിന്റെയും വലിയ അര്‍ദ്ധകായ പ്രതിമകളും നിര്‍മിച്ചിരുന്നു. സിപിഎം ബിനാമികളുടെ ഡ്രൈവിങ് സ്‌കൂളടക്കം ചില സ്ഥാപനങ്ങളും പാര്‍ട്ടി ഓഫീസും സിഐടിയുക്കാര്‍ക്കുള്ള വിശ്രമസങ്കേതവും ഇവിടെ പണിതു. എന്നിട്ടും പോലീസോ നഗരസഭാ അധികൃതരോ ഇടപെട്ടിട്ടില്ല. ജില്ലാ കോടതിയിലേക്കുള്ള പ്രവേശന കവാടത്തിനു മുന്നിലെ കയ്യൂക്കുകാട്ടിയുള്ള സിപിഎം കൈയേറ്റത്തില്‍ പോലീസും നോക്കുകുത്തിയാണ്.