സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ 195 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാം; രണ്ടാം സ്ഥാനത്ത് ജപ്പാന്‍ പാസ്‌പോര്‍ട്ട്; അമേരിക്കന്‍ പാസ്‌പോര്‍ട്ടിനേക്കാള്‍ മുന്‍തൂക്കം ബ്രിട്ടനിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും പാസ്‌പോര്‍ട്ടിന്: പൗരത്വത്തിന്റെ വിലയിങ്ങനെ
ഒരു രാജ്യത്തെ പാസ്പോര്‍ട്ട് ഉപയോഗിച്ച് എത്ര രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസ ഇല്ലാതെ സന്ദര്‍ശനം നടത്താം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു പാസ്പോര്‍ട്ടിന്റെ ശക്തി നിര്‍ണ്ണയിക്കുന്നത്. 2025 ലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്തു വന്നപ്പോള്‍, 195 സ്ഥലങ്ങള്‍ വിസ ഫീ ആയി സന്ദര്‍ശിക്കാന്‍, ഉടമകളെ സഹായിക്കുന്ന സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ആണ് ഒന്നാം സ്ഥാനത്ത്. 2015- ല്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടന്‍ കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടിരുന്നു. ഈ വര്‍ഷം ഒരുപടി കൂടി താഴ്ന്ന് അഞ്ചാം സ്ഥാനത്താണ് ബ്രിട്ടന്റെ സന്ദര്‍ശനം. ബെല്‍ജിയം, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്റ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കൊപ്പം ബ്രിട്ടീഷുകാര്‍ക്കും 190 ഇടങ്ങള്‍ വിസയില്ലാതെ സന്ദര്‍ശിക്കാം.
കഴിഞ്ഞ വര്‍ഷം ഈ പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഉണ്ടായിരുന്ന അമേരിക്ക ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. 186 രാജ്യങ്ങളിലാണ് അമേരിക്കന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസ ഫ്രീ സന്ദര്‍ശനം നടത്താന്‍ കഴിയുക. 2014 ല്‍ അമേരിക്കയായിരുന്നു ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. ഒരു പതിറ്റാണ്ടിനിടയില്‍ മൂന്ന് സ്ഥാനങ്ങള്‍ കീഴോട്ടുപോയ കാനഡ ഏഴാം സ്ഥാനത്താന്. അതേസമയം ആസ്‌ട്രേലിയ കഴിഞ്ഞ വര്‍ഷത്തേത് പോലെ ഈ വര്‍ഷവും ആറാം സ്ഥാനം നിലനിര്‍ത്തി. 189 രാജ്യങ്ങളാണ് ആസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസ ഫ്രീ സന്ദര്‍ശനം നടത്താന്‍ കഴിയുക.
ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അസ്സോസിയേഷനില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെന്‍ലി സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഒരു പാസ്‌പോര്‍ട്ട് ഉടമയ്ക്ക് തന്റെ പാസ്‌പോര്‍ട്ടുമായി എത്ര രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസ ഇല്ലാതെ സഞ്ചരിക്കാന്‍ കഴിയും എന്ന കാര്യമാണ് ഇതിനായി വിശകലനം ചെയ്യുന്നത്. 193 രാജ്യങ്ങളിലേക്ക് വിസ ഫ്രീ സന്ദര്‍ശനം ഉറപ്പ് നല്‍കുന്ന ജപ്പാന്‍ പാസ്‌പോര്‍ട്ടാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്. 192 രാജ്യങ്ങളിലേക്കുള്ള വിസ ഫ്രീ സന്ദര്‍ശനം ഉറപ്പാക്കുന്ന ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ മൂന്നാം സ്ഥാനത്തും ഉണ്ട്.
ഇതില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് താഴോട്ട് വന്നിരിക്കുകയാണ്. ആസ്ട്രിയ, ഡെന്മാര്‍ക്ക്, അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, നെതെര്‍ലന്‍ഡ്‌സ്, നോര്‍വേ, സ്വീഡന്‍ എന്നീ ഏഴ് രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 191 രാജ്യങ്ങളില്‍ മുന്‍കൂര്‍ വിസ ഇല്ലാതെ സന്ദര്‍ശനം നടത്താം. ഈ ഏഴ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്ത് എത്തി. കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടയില്‍ വന്‍ കുതിപ്പ് നടത്തിയത് യു എ ഇ ആണ്. 2015 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 72 രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ യു എ ഇ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് കൂടുതലായി യാത്ര ചെയ്യാന്‍ കഴിയുക. യു എ ഇല്‍ ലിസ്റ്റില്‍ പത്താം സ്ഥാനത്താണ്. 185 രാജ്യങ്ങളിലേക്ക് ഈ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഫ്രീ യാത്ര സാധ്യമാകും.
പട്ടികയില്‍ ഏറ്റവും അവസാനത്തേത് അഫ്ഗാനിസ്ഥാനാണ്. കഴിഞ്ഞ വര്‍ഷം 28 രാജ്യങ്ങളിലേക്ക് അഫ്ഗാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസ ഫ്രീ സന്ദര്‍ശനം നടത്താന്‍ കഴിയുമായിരുന്നെങ്കില്‍ ഈ വര്‍ഷം അത് 26 ആയി കുറഞ്ഞിട്ടുമുണ്ട്. ഇതില്‍ ഒന്നാം സ്ഥനത്തുള്ള രാജ്യവും അവസാന സ്ഥാനത്തുള്ള രാജ്യവും തമ്മില്‍ വിസ ഫ്രീ സന്ദര്‍ശനം നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ ഇത്രയും വലിയ വ്യത്യാസം വരുന്നത് സൂചികയുടെ 19 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്.
57 രാജ്യങ്ങളിലേക്ക് വിസ ഫ്രീ യാത്ര സാധ്യമാക്കുന്ന പാസ്‌പോര്‍ട്ടുമായി ഇന്ത്യ എണ്‍പത്തിയഞ്ചാം സ്ഥാനത്ത് എത്തിയപ്പോള്‍, 33 രാജ്യങ്ങളുമായി പാകിസ്ഥാന്‍ നൂറ്റിനാലാം സ്ഥാനത്താണ്.