സ്പെയിനിന്റെ വഴിയേ നീങ്ങി ഫ്രാന്‍സും ഗ്രീസും പോര്‍ച്ചുഗലും; വിദേശികള്‍ വീട് വാങ്ങുമ്പോള്‍ 100 ശതമാനം ടാക്‌സ് ഏര്‍പ്പെടുത്തുന്നത് ട്രെന്‍ഡാകുന്നു; ബ്രിട്ടീഷ് ഹോളിഡേ ഹോമുകള്‍ക്കൊപ്പം പ്രവാസികള്‍ക്കും തിരിച്ചടിയായി പുതിയ നീക്കം

Update: 2025-01-15 05:59 GMT

ലണ്ടന്‍: വിദേശികള്‍ വീടുകള്‍ വാങ്ങുമ്പോള്‍ അതിന്മേല്‍ നികുതി ഏര്‍പ്പെടുത്താനുള്ള സ്പാനിഷ് സര്‍ക്കാരിന്റെ തീരുമാനം ബ്രിട്ടനിലെ പ്രവാസികള്‍ ഉള്‍പ്പടെയുള്ള പലരെയും ഞെട്ടിച്ചിരിക്കുകയാണ്. 

സ്പെയിനില്‍ വര്‍ദ്ധിച്ചു വരുന്ന ഭവന ലഭ്യതാ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നടപടി കൈക്കൊണ്ടത്.വാടക കുത്തനെ ഉയരുന്നതും, വീടുകള്‍ ലഭ്യമല്ലാത്തതും ഉള്‍പ്പടെ ഒട്ടുമിക്ക സമ്പന്ന രാജ്യങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സ്പെയിനില്‍ രൂക്ഷമാവുകയാണ്. ഇതിനെതിരെ തുടര്‍ച്ചയായ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.

വിദേശികള്‍ ധാരാളമായി വന്ന് വീടുകള്‍ സ്വന്തമാക്കുന്നതിനാല്‍ വീടുകളുടെ വിലയും കുത്തനെ ഉയരുകയാണ്. ഇത്തരത്തില്‍ വിദേശികള്‍ വാങ്ങുന്ന വീടുകള്‍ അവര്‍ വിനോദ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുകയോ, വിശ്രമകാല ജീവിതം നയിക്കാനായി ഉപയോഗികുകയോ ആണ് പതിവ്. അല്ലാത്ത സമയങ്ങളില്‍ അത് പൂട്ടികിടക്കും.

ഇപ്പോഴിതാ ബ്രിട്ടീഷുകാരെ ഞെട്ടിച്ചുകൊണ്ട് ഫ്രാന്‍സും, ഗ്രീസും പോര്‍ച്ചുഗലും സ്പെയിനിന്റെ വഴി പിന്തുടരുകയാണ്. പോര്‍ച്ചുഗലിലും കഠിനമായ ഭവന ലഭ്യതാ പ്രശ്നം ഉണ്ട്. താങ്ങാവുന്ന വാാകക്ക് തദ്ദേശീയര്‍ക്ക് വീടുകള്‍: ലഭ്യമല്ല എന്നത് ജനങ്ങളില്‍ അതൃപ്തിവളരാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത് മനസ്സിലാക്കി തന്നെയാണ് ഭരണകൂടം പുതിയ നയം രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. ഹ്രസ്വകാല ടൂറിസ്റ്റ് റെന്റല്‍ വിപണിയില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ഭവന ലഭ്യതാ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഫാന്‍സ് നടപടികള്‍ തുടങ്ങിയിരുന്നു.

പ്രവാസികള്‍ ഉള്‍പ്പടെയുള്ള പല ബ്രിട്ടീഷുകാരും ഒരു ഇടക്കാല നിക്ഷേപ സാധ്യതയായിട്ടാണ് ഈ രാജ്യങ്ങളില്‍ വീടുകള്‍ വാങ്ങുന്നത്. വേനല്‍ക്കാല വസതികളായിട്ടും മറ്റും അവര്‍ ഇത് ഉപയോഗിക്കുന്നു. വില വര്‍ദ്ധിക്കുമ്പോള്‍ മറിച്ചു വില്‍ക്കുന്നവരും കുറവല്ല. ഗ്രീസില്‍ ഏഥന്‍സിലെ മൂന്ന് ഡിസ്ട്രിക്റ്റുകളില്‍ ഹ്രസ്വകാലത്തേക്ക് വീടുകള്‍ വാടകക്ക് നല്‍കുന്നത് പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടായിരുന്നു ഭവനലഭ്യതാ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആരംഭിച്ചത്.

യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ വീടുകള്‍ വാങ്ങുമ്പോള്‍ വീടു വിലയുടെ 100 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് സ്പെയിനിന്റെ നീക്കം. നേരത്തെ അത് 10 മുതല്‍ 12 ശതമാനം വരെ മാത്രമായിരുന്നു. ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ ആ വഴിക്ക് നീങ്ങുന്നത് വീടുകള്‍ക്ക് മേല്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് തിരിച്ചടിയാവുകയാണ്.

Tags:    

Similar News