അധികാരത്തിലേറിയതിന് പിന്നാലെ സാക്ഷാല്‍ പുടിനെ വിരട്ടി ട്രംപ്; യുക്രെയിനുമായുള്ള പരിഹാസ്യമായ യുദ്ധം നിര്‍ത്താന്‍ കരാര്‍ ഒപ്പിടുക; അതല്ലെങ്കില്‍, റഷ്യക്ക് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും; ഉയര്‍ന്ന നികുതികളും ചുങ്കങ്ങളും ചുമത്തും; സെലന്‍സ്‌കി കരാര്‍ ഒപ്പിടാന്‍ തയ്യാറെന്നും പന്ത് പുടിന്റെ കോര്‍ട്ടിലേക്ക് ഇട്ടുകൊണ്ട് യുഎസ് പ്രസിഡന്റ്

പുടിനെ വിരട്ടി ട്രംപ്

Update: 2025-01-22 18:49 GMT

വാഷിങ്ടണ്‍: അധികാരത്തിലേറിയ പാടേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വിരട്ടി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഒപ്പിടുക, അതല്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത നികുതികളും, താരിഫുകളം പുതിയ ഉപരോധങ്ങളും അടിച്ചേല്‍പ്പിക്കേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

റഷ്യയെ ദ്രോഹിക്കുക അല്ല തന്റെ ഉദ്ദേശ്യമെന്നും പ്രസിഡന്റ് പുടിനുമായി എല്ലായ്‌പ്പോഴും നല്ല ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ മറ്റുവഴികളൊന്നുമില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഉയര്‍ന്ന താരിഫുകള്‍ക്കും നികുതികള്‍ക്കും പുറമേ അമേരിക്കയ്ക്ക് റഷ്യ വില്‍ക്കുന്ന എന്തിനും, മറ്റു പങ്കാളിത്ത രാഷ്ട്രങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തും.

സമ്പദ് വ്യവസ്ഥ തകരാറിലായ റഷ്യക്കും പ്രസിഡന്റ് പുടിനും താന്‍ ചെയ്യുന്ന ഉപകാരമാണ് ഇതെന്നും ഈ പരിഹാസ്യമായ യുദ്ധം നിര്‍ത്തൂ, അത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയേ ഉള്ളു, എന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. പുടിന്‍ ചര്‍ച്ചയ്ക്ക് വഴിപ്പെട്ടില്ലെങ്കില്‍ അധിക ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യത ഉണ്ടെന്നാണ് ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നത്. അതിനേക്കാള്‍ കടുത്ത നിലപാടാണ് ബുധനാഴ്ച സ്വീകരിച്ചത്.

റഷ്യയുടെ അധിനിവേശം തടയാന്‍ യുക്രെയിന് ആയുധങ്ങള്‍ നല്‍കുന്ന ജോ ബൈഡന്റെ നയം താന്‍ തുടരുമോ എന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല. അക്കാര്യം പരിശോധിച്ചുവരുന്നായിരുന്നു മറുപടി. 'ഞങ്ങള്‍ സെലന്‍സ്‌കിയുമായും പുടിനുമായും ഉടന്‍ സംസാരിക്കുന്നുണ്ട് 'എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.


 



സത്യപ്രതിജ്ഞയക്ക് മുമ്പ് തന്നെ യുക്രെയിന്‍ യുദ്ധം താന്‍ ആദ്യ 24 മണിക്കൂറില്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് ഉറച്ച സ്വരത്തില്‍ പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഒപ്പിടാതെ പുടിന്‍ റഷ്യയെ നശിപ്പിക്കുകയാണെന്ന് വരെ അദ്ദേഹം വിമര്‍ശിച്ചു. സമാധാന കരാര്‍ വേണമെന്ന് സെലന്‍സ്‌കി തന്നോട് പറഞ്ഞതായും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. താന്‍ അക്കാലത്ത് പ്രസിഡന്റായിരുന്നെങ്കില്‍ ഈ യുദ്ധം തുടങ്ങില്ലായിരുന്നു എന്നും കൂടി ട്രംപ് തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്

Tags:    

Similar News