പുടിനെ വിരട്ടിയ ട്രംപിനെ റഷ്യന്‍ പ്രസിഡന്റ് തിരിച്ചുവിരട്ടുമോ? പട്ടിണിയും പരിവട്ടവും തൊഴിലില്ലായ്മയുമായി വലയുന്ന നാട്ടുകാരുടെ അമര്‍ഷം ഭയക്കുന്ന പുടിനാകട്ടെ, ട്രംപ് ഒന്നുവിരട്ടാന്‍ കാത്തിരുന്ന പോലെ; യുക്രെയിനുമായുള്ള യുദ്ധം തീര്‍ക്കാന്‍ നയതന്ത്രതല ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന സൂചന നല്‍കി ക്രെംലിന്‍

പുടിനെ വിരട്ടിയ ട്രംപിനെ റഷ്യന്‍ പ്രസിഡന്റ് തിരിച്ചുവിരട്ടുമോ?

Update: 2025-01-23 16:11 GMT

മോസ്‌കോ: യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ പുതിയ ഉപരോധങ്ങളും, നികുതികളും അടിച്ചേല്‍പ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വിരട്ടിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പുടിന്റെ പ്രതികരണം എന്തായിരിക്കും എന്നാണ് എല്ലാവരും ആകാംക്ഷയോടെ നോക്കുന്നത്.

തിരിച്ചുട്രംപിനെ വിരട്ടാവുന്ന പരുവത്തിലല്ല ഇപ്പോള്‍ റഷ്യയും പുടിനും. സ്വന്തം രാജ്യത്തെ സാമ്പത്തിക മാന്ദ്യം കാരണം, യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായാണ് ക്രെംലിനില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍.

യുക്രെയിനുമായുള്ള യുദ്ധം റഷ്യയുടെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയിരിക്കുന്നു. സമീപകാല മാസങ്ങളില്‍ തൊഴിലില്ലായ്്മ കാരണം യുവാക്കളാകെ അമര്‍ഷത്തിലാണ്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശ നിരക്കുകള്‍ കൂട്ടുക കൂടി ചെയ്തതോടെ സമ്പദ് വ്യവസ്ഥയില്‍ നല്ല പിരിമുറുക്കമാണ്. ഈ പശ്ചാത്തലത്തിലാണ് ഈ പരിഹാസ്യമായ യുദ്ധം നിര്‍ത്തണമെന്ന ട്രംപിന്റെ വാക്കിന് പുടിന്‍ വില കല്‍പ്പിക്കുന്നത്.

ട്രംപ് അധികാരത്തിലേറുന്നതിന് ഏതാനും ദിവസം മുമ്പ് ബൈഡന്‍ ഭരണകൂടം, റഷ്യയുടെ എണ്ണ, വാതക വരുമാനത്തെ ബാധിക്കുന്ന ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക ഉപരോധമന്ന് പറഞ്ഞ് പുടിനെ വിരട്ടാന്‍ ബൈഡന്‍ തന്നെ വഴിയൊരുക്കി കൊടുത്തുവെന്ന് പറയാം.

യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി റഷ്യയ്ക്ക് ഇതുവരെ അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും വന്നിട്ടില്ല.

എന്തായാലും യുദ്ധത്തിന് നയതന്ത്രതലത്തില്‍ പരിഹാരം കാണാനാണ് റഷ്യക്ക് താല്‍പര്യമെന്ന് വ്യക്തം. ട്രംപിന്റെ മുന്നറിയിപ്പില്‍ പുതുതായി ഒന്നും ഇല്ലെന്നാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത്. തുല്യനിലയിലുള്ള, പരസ്പര ബഹുമാനത്തോടെയുളള ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറാണ്. അതിനായുളള സൂചനകള്‍ ഇതുവരെ കിട്ടിയിട്ടില്ല, ദിമിത്രി പെസ്‌കോവ് പറഞ്ഞു.

യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഒപ്പിടുക, അതല്ലെങ്കില്‍ റഷ്യക്കെതിരെ കനത്ത നികുതികളും, ചുങ്കവും പുതിയ ഉപരോധങ്ങളും അടിച്ചേല്‍പ്പിക്കേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. റഷ്യയെ ദ്രോഹിക്കുക അല്ല തന്റെ ഉദ്ദേശ്യമെന്നും പ്രസിഡന്റ് പുടിനുമായി എല്ലായ്പ്പോഴും നല്ല ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ മറ്റുവഴികളൊന്നുമില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഉയര്‍ന്ന താരിഫുകള്‍ക്കും നികുതികള്‍ക്കും പുറമേ അമേരിക്കയ്ക്ക് റഷ്യ വില്‍ക്കുന്ന എന്തിനും, മറ്റു പങ്കാളിത്ത രാഷ്ട്രങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തും.

സമ്പദ് വ്യവസ്ഥ തകരാറിലായ റഷ്യക്കും പ്രസിഡന്റ് പുടിനും താന്‍ ചെയ്യുന്ന ഉപകാരമാണ് ഇതെന്നും ഈ പരിഹാസ്യമായ യുദ്ധം നിര്‍ത്തൂ, അത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയേ ഉള്ളു, എന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പറഞ്ഞു. പുടിന്‍ ചര്‍ച്ചയ്ക്ക് വഴിപ്പെട്ടില്ലെങ്കില്‍ അധിക ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യത ഉണ്ടെന്നാണ് ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നത്. അതിനേക്കാള്‍ കടുത്ത നിലപാടാണ് ബുധനാഴ്ച സ്വീകരിച്ചത്.

റഷ്യയുടെ അധിനിവേശം തടയാന്‍ യുക്രെയിന് ആയുധങ്ങള്‍ നല്‍കുന്ന ജോ ബൈഡന്റെ നയം താന്‍ തുടരുമോ എന്ന് വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായില്ല. അക്കാര്യം പരിശോധിച്ചുവരുന്നായിരുന്നു മറുപടി. 'ഞങ്ങള്‍ സെലന്‍സ്‌കിയുമായും പുടിനുമായും ഉടന്‍ സംസാരിക്കുന്നുണ്ട് 'എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.

സത്യപ്രതിജ്ഞയക്ക് മുമ്പ് തന്നെ യുക്രെയിന്‍ യുദ്ധം താന്‍ ആദ്യ 24 മണിക്കൂറില്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് ഉറച്ച സ്വരത്തില്‍ പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ കരാര്‍ ഒപ്പിടാതെ പുടിന്‍ റഷ്യയെ നശിപ്പിക്കുകയാണെന്ന് വരെ അദ്ദേഹം വിമര്‍ശിച്ചു. സമാധാന കരാര്‍ വേണമെന്ന് സെലന്‍സ്‌കി തന്നോട് പറഞ്ഞതായും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. താന്‍ അക്കാലത്ത് പ്രസിഡന്റായിരുന്നെങ്കില്‍ ഈ യുദ്ധം തുടങ്ങില്ലായിരുന്നു എന്നും കൂടി ട്രംപ് തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്

Tags:    

Similar News