സര്‍വ്വകലാശാലാ ബില്‍ അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും; ഗവര്‍ണറുടെ 'നോമിനേഷന്‍ അവകാശത്തില്‍' തൊടാത്തതിന് കാരണം രാജ്ഭവനെ പിണക്കാതിരിക്കാന്‍; ഈ യൂണിവേഴ്‌സിറ്റി ഭേദഗതി ബില്‍ ആര്‍ലേക്കര്‍ അംഗീകരിക്കുമോ? പുതിയ ഗവര്‍ണറുടെ മനസ്സ് അറിയാന്‍ പിണറായി; നയപ്രഖ്യാപന നയതന്ത്രം തുടര്‍ന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളെ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങളാക്കി മാറ്റുമ്പോള്‍ സര്‍വകലാശാല സെനറ്റിന്റെ അംഗബലം കുറയ്ക്കാനുള്ള ഉന്നതവിദ്യാഭ്യാസ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചു. ഗവര്‍ണറുമായി പോര് ഒഴിവാക്കാനാണിത്. ഓരോ സര്‍വകലാശാലയിലും വിദ്യാഭ്യാസ വിദഗ്ധരുള്‍പ്പെട്ട ഗവേഷണ കൗണ്‍സില്‍ രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥ സര്‍വകലാശാല നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തി.
നിയമഭേദഗതി ബില്‍ അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ ബില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പിടുമോ എന്നതാണ് ഉയരുന്ന ചോദ്യം. സര്‍വ്വകലാശാല ബില്ലുകള്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാത്തത് വലിയ വിവാദമായിരുന്നു. വൈസ് ചാന്‍സലറുടെ നിയമനാധികാരം സംസ്ഥാന സര്‍ക്കാരിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആ ബില്‍. പിന്നീട് യുജിസിയെ കൊണ്ട് ചട്ട ഭേദഗതി പ്രകാരം ചാന്‍സലറാക്കി ഗവര്‍ണറെ മാറ്റാനും കേന്ദ്രം തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ഗവേഷണത്തിലെ അധികാരം സംസ്ഥാന സര്‍ക്കാര്‍ സ്വന്തമാക്കാന്‍ ബില്‍ തയ്യാറാക്കിയത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടലിലായിരുന്നു പിണറായി സര്‍ക്കാര്‍. ആര്‍ലേക്കര്‍ എത്തിയതോടെ ആ രീതി മാറി. ഗവര്‍ണറെ പിണറായിയും ഭാര്യയും രാജ്ഭവനില്‍ പോയി കണ്ടു. രാവിലെ നടത്തത്തിന് മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ഗവര്‍ണര്‍ ക്ഷണിക്കുകയും ചെയ്തു. നയപ്രഖ്യാപനത്തില്‍ എഴുതി നല്‍കിയതെല്ലാം ഗവര്‍ണര്‍ വായിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം സര്‍ക്കാര്‍ ഒഴിവാക്കുകയും ചെയ്തു. ഇതെല്ലാം രാജ്ഭവനുമായി ഏറ്റുമുട്ടലിനില്ലെന്ന സന്ദേശം നല്‍കലായിരുന്നു. ഇതിന് ശേഷമാണ് സര്‍വ്വകലാശാല ഭേദഗതിയുടെ നീക്കം. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടുമെന്ന് തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷ. നയപ്രഖ്യാപനത്തിലെ നയതന്ത്ര നീക്കം ബില്ലുകള്‍ ഒപ്പിടുന്നതിലും രാജ്ഭവനെ സ്വാധീനിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
വിവിധ വിഷയങ്ങളിലുള്ള ഗവേഷണങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും. കൗണ്‍സില്‍ അംഗീകരിക്കുന്ന ഗവേഷണങ്ങള്‍ക്കു സിന്‍ഡിക്കറ്റിന്റെ അനുമതി ആവശ്യമില്ലെന്നും നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഗവേഷണ വിഷയങ്ങള്‍ തീരുമാനിക്കാന്‍ കൗണ്‍സില്‍ എല്ലാ മാസവും യോഗം ചേരും. 110 പേര്‍ വരെയുള്ള സെനറ്റുകളിലെ അംഗബലം പകുതിയായി കുറച്ച് അവയെ 'ബോര്‍ഡ് ഓഫ് റീജന്റ്‌സ്' ആക്കി മാറ്റണമെന്ന് ശ്യാം ബി.മേനോന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. സെനറ്റിലേക്ക് പത്തിലേറെ പേരെ നാമനിര്‍ദേശം ചെയ്യാന്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
ഈ അവകാശത്തില്‍ തല്‍കാലം തൊടില്ല. സിന്‍ഡിക്കറ്റിന്റെ അംഗബലം 25ല്‍ നിന്ന് 18 ആയി കുറയ്ക്കും. അക്കാദമിക വിദഗ്ധര്‍ക്കു സിന്‍ഡിക്കറ്റില്‍ മുന്‍ഗണന നല്‍കും. സര്‍വകലാശാലകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സിന്‍ഡിക്കറ്റ് അംഗങ്ങളുടെ ഇടപെടലിനു നിയന്ത്രണമേര്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്കു കോളജും സര്‍വകലാശാലയും എപ്പോള്‍ വേണമെങ്കിലും മാറാന്‍ കഴിയുംവിധം ചട്ടങ്ങള്‍ ലളിതമാക്കും. സര്‍വകലാശാലകളില്‍ നിന്നുള്ള സേവനം വിദ്യാര്‍ഥികളുടെ അവകാശമാക്കുന്ന വ്യവസ്ഥയും നിലവില്‍ വരും.
വിദ്യാര്‍ഥികളുടെ ബിരുദം അംഗീകരിക്കാനുള്ള അധികാരം സെനറ്റില്‍നിന്ന് സിന്‍ഡിക്കേറ്റിലേക്ക് മാറ്റാനും മന്ത്രിസഭായോഗം അംഗീകരിച്ച സര്‍വകലാശാലാ നിയമഭേദഗതി ബില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. രാഷ്ട്രീയാതിപ്രസരം ഒഴിവാക്കി സെനറ്റും സിന്‍ഡിക്കേറ്റും അക്കാദമികസമിതികളാക്കി പരിവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. സിന്‍ഡിക്കേറ്റിലെ അധ്യാപക-വിദ്യാര്‍ഥി പ്രതിനിധികളുടെ എണ്ണം കുറയ്ക്കില്ല. ഇതരവിഭാഗങ്ങളുടെ എണ്ണം കുറച്ച്, അക്കാദമികപ്രാതിനിധ്യം ഉറപ്പാക്കും.
സര്‍ക്കാര്‍ നാമനിര്‍ദേശംചെയ്യുന്നവരുടെ എണ്ണവും കുറയും. സര്‍വകലാശാലാ ഭരണത്തില്‍ ദൈനംദിന ഇടപെടലിനുപകരം, നയപരമായ സമിതിയായി സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കും. സെനറ്റിലേക്ക് പത്തിലേറെപ്പേരെ നാമനിര്‍ദേശംചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ട്. സെനറ്റ് ഘടന മാറ്റിയാല്‍ ഈ വ്യവസ്ഥയില്‍ മാറ്റംവരുത്തേണ്ടിവരും. അത്തരമൊരു നടപടി ഗവര്‍ണറെ പ്രകോപിപ്പിക്കാനും രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിയൊരുക്കാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സര്‍ക്കാരിന്റെ പിന്മാറ്റം.