ആറന്മുളയിലെ ബ്യൂട്ടിക്... പിന്നെ റിസോര്‍ട്ട്... അടിപൊളി വീടും; നാലാഞ്ചറിയിലെ വീട്ടിലും സംശയം; ഈജിപ്തിലും ഇംഗ്ലണ്ടിലും പോറ്റിയ്‌ക്കൊപ്പം സിപിഎം നേതാവും പോയെന്നും സംശയം; കെയ്‌റോയില്‍ പോയത് ആരെ കാണാന്‍? പാസ്‌പോര്‍ട്ട് പരിശോധന നിര്‍ണ്ണായകം; 'മാപ്പുസാക്ഷി'കളും റെഡ്ഡി; സിപിഎം കൂടുതല്‍ വെട്ടിലേക്ക്

Update: 2025-11-24 01:25 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി.) പിടിച്ചെടുത്തത് നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളില്‍ പത്മകുമാറും പോയെന്നാണ് സംശയം. ഈജിപ്തില്‍ ഇവര്‍ യാത്ര ചെയ്തുവെന്നും സംശയമുണ്ട്. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സിപിഎം നേതാവാണ് പത്മകുമാര്‍. അതുകൊണ്ട് തന്നെ പുറത്തു വരുന്ന വിവരങ്ങള്‍ സിപിഎമ്മിന് വലിയ തലവേദനയാണ്.

ആറന്മുളയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് അന്വേഷണ സംഘം പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്. പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരുടെയും ആസ്തികളിലും അന്വേഷണം നടത്തും. 2017ന് ശേഷം ഇവര്‍ക്ക് സമ്പാദ്യമുള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ ആറന്മുളയിലെ ബ്യൂട്ടിക്, റിസോര്‍ട്ട്, മറ്റൊരു വീട് എന്നിവയില്‍ ചില സംശയങ്ങളുണ്ട്. ഇതിനെല്ലാം പിന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന് സംശയമുണ്ട്. നാലാഞ്ചിറയിലെ ഉണ്ണികഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പത്മകുമാര്‍ എത്തിയിരുന്നതായും സംശയമുണ്ട്. 2019ല്‍ ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങള്‍ എന്നിവയിലെ സ്വര്‍ണപ്പാളികളില്‍നിന്ന് സ്വര്‍ണം തട്ടിയെടുത്തശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി ഇംഗ്ലണ്ടിലേക്കും ഈജിപ്തിലേക്കും പോയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റുപ്രതികളുടെ വിദേശയാത്രാവിവരം പാസ്പോര്‍ട്ടില്‍നിന്ന് ശേഖരിക്കുന്നുണ്ട്.

പ്രതിപ്പട്ടികയില്‍ ഇനി അറസ്റ്റിലാവാനുള്ളവരുടെ പാസ്പോര്‍ട്ടുകളും മൊഴിയെടുക്കല്‍ ഘട്ടത്തില്‍ പരിശോധിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശയാത്രകളെക്കുറിച്ച് സമഗ്രമായ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്. 2019-ല്‍ കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങള്‍ എന്നിവയിലെ സ്വര്‍ണപ്പാളികളില്‍നിന്ന് സ്വര്‍ണം തട്ടിയതിനുശേഷമുള്ള കാലഘട്ടത്തെ രേഖകളൊന്നും പത്മകുമാറിന്റെ വീട്ടില്‍നടന്ന റെയ്ഡില്‍ അന്വേഷണസംഘത്തിന് കണ്ടെടുക്കാനായില്ല. പത്മകുമാറിന്റെയും ഭാര്യയുടെയും 2015-16, 2016-17 എന്നീ സാമ്പത്തികവര്‍ഷങ്ങളിലെ നികുതി റിട്ടേണുകളുടെ വിവരം കിട്ടിയിട്ടുണ്ട്. ബാക്കിയള്ളവ കണ്ടെത്താനും നീക്കം തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകള്‍ പോറ്റിയും പത്മകുമാറും തമ്മില്‍ നടന്നുവെന്നാണ് സൂചന.

പത്മകുമാറിനെ ഇന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കസ്റ്റഡിയില്‍ വാങ്ങും. പത്മകുമാറിന്റെ മൊഴിയാണ് ഇനി നിര്‍ണായകമാകുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കൂടി വരുംദിവസങ്ങളില്‍ വീണ്ടും കസ്റ്റഡിയില്‍ എടുക്കുമെന്നാണു വിവരം. പത്മകുമാറിനെയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണിത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. താന്‍ പ്രസിഡന്റാകുന്നതിനു മുന്‍പുതന്നെ പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടെന്ന പത്മകുമാറിന്റെ മൊഴിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണു സൂചന. ഈജിപ്തില്‍ പത്മകുമാര്‍ പോയിട്ടുണ്ടെങ്കില്‍ അത് നിര്‍ണ്ണായകമായി മാറും.

സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ മുഖ്യകേന്ദ്രം പോറ്റി-പത്മകുമാര്‍ കൂട്ടുകെട്ടെന്ന നിഗമനത്തിലേക്കാണ് അന്വേഷണം നീളുന്നത്. പത്മകുമാറിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖകളില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മിലുള്ള പണമിടപാടിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. സ്വര്‍ണക്കവര്‍ച്ചയുടെ പങ്ക് പത്മകുമാര്‍ കൈപ്പറ്റിയതിന്റെ തെളിവാണിതെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തല്‍. ഇത് ഉറപ്പിക്കാനായി പത്മകുമാറിന്റെ വിദേശയാത്രയുടെയുെ അവിടത്തെ കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി. ഇതോടൊപ്പം തന്നെ പത്മകുമാറിനെതിരായ തെളിവ് കൂടുതല്‍ ബലപ്പെടുത്തുന്നതിന്റെ ഭാഗമായി 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ മാപ്പുസാക്ഷിയാക്കാനാണ് ആലോചന.

ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സ് പത്മകുമാര്‍ തിരുത്തിയത് സമ്മതിച്ച് അംഗങ്ങളായ കെ.പി.ശങ്കര്‍ദാസും എന്‍.വിജയകുമാറും മൊഴി നല്‍കിയിരുന്നു. എന്നാല്‍ യോഗതീരുമാനങ്ങള്‍ക്ക് കൂട്ടുത്തരവാദിത്തമെന്ന വിലയിരുത്തലോടെ ഇരുവരെയും അറസ്റ്റ് ചെയ്‌തേക്കും. അതിന് ശേഷം മാപ്പുസാക്ഷിയാക്കാനുമാണ് ലക്ഷ്യമിടുന്നത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് ഇപ്പോഴും പത്മകുമാര്‍. നടപടിക്ക് സിപിഎമ്മിലും സമ്മര്‍ദ്ദമുണ്ട്.

Tags:    

Similar News