വിമാനയാത്രയില്‍ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതെന്നറിയാമോ? ദുരന്തം ഉണ്ടായാല്‍ രക്ഷപെടാന്‍ സാധ്യത ഉള്ളത് ഈ സീറ്റുകളില്‍ ഇരിക്കുന്നവര്‍; വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ഉറപ്പിക്കും മുന്‍പ് ഇത് ശ്രദ്ധിക്കുക
ന്യൂഡല്‍ഹി: അപകടം മറ്റുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്ന ഒന്നാണെന്ന ഒരു വിശ്വാസത്തിലാണ് ഓരോ ദിവസവും മനുഷ്യ ജീവിതം മുന്നോട്ടു പോകുന്നത്. എന്നാല്‍, ആര്‍ക്കും എവിടെയും എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാം എന്നതാണ് യാഥാര്‍ത്ഥ്യം. വിമാനയാത്രക്കിടയില്‍ അപകടമുണ്ടായാല്‍, അതിന്റെ പിന്‍ഭാഗത്തെ സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്കാണ് രക്ഷപ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.
ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലാത്തത്ര അപകടങ്ങളിലും ചിലരൊക്കെ അദ്ഭുതകരമായി രക്ഷപ്പെടുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ എയര്‍ സേഫ്റ്റി ഇന്‍വെസ്റ്റിഗേറ്റേഴ്സ് പ്രസിഡണ്ട് ബാര്‍ബരാ ഡണ്‍ പറയുന്നു. വിമാനം ഇറങ്ങിയത് എങ്ങനെ, യാത്രക്കാരന്‍ ഇരുന്നത് എവിടെയായിരുന്നു എന്നതൊക്കെ ഇക്കാര്യത്തില്‍ കാരണങ്ങളാണ്. സീറ്റ്‌ബെല്‍റ്റ് ശരിയായ രീതിയില്‍ മുറുക്കിയിട്ടുണ്ടെങ്കില്‍, ശരീരം എവിടെയെങ്കിലും പോയി ശക്തമായി മുട്ടാനുള്ള സാധ്യത കുറയും. അതുപോലെ, ആകാശച്ചുഴിയില്‍ വീണും മറ്റും വിമാനം ശക്തമായി കുലുങ്ങുമ്പോള്‍, ശരീരത്തിന് കൂടുതല്‍ പരിക്കുകള്‍ ഏല്‍ക്കാതിരിക്കാന്‍ സ്വീകരിക്കുന്ന 'ബ്രേസ് പൊസിഷനി' ലേക്ക് എത്താന്‍ യാത്രക്കാരന് കഴിഞ്ഞോ എന്നതും അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് കാരണമാകാം.
2023 ഡിസംബറിന്റെ അന്ത്യ നാളുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴോളം വിമാന അപകടങ്ങളാണ് ഉണ്ടായത്. ഡിസംബര്‍ 29 ന് ആയിരുന്നു ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന അപകടമുണ്ടാറയത്. മുവാന്‍ അന്താരാഷ്ട്ര വിമാനത്താവലത്തില്‍ ജെജു എയറിന്റെ ബോയിംഗ് 737 -800 ക്രാഷ് ലാന്‍ഡിംഗ് നടത്തുകയായിരുന്നു. 181 യാത്രക്കാരുമായി ക്രാഷ് ലാന്‍ഡ് ചെയ്ത് റണ്‍വേക്ക് പുറത്തേക്ക് തെന്നിമാറിയ വിമാനത്തില്‍ അഗ്‌നി പടരുകയായിരുന്നു. ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാര്‍ ആയിരുന്ന ഒരു 33 കാരനും ഒരു 22 കാരിയും മാത്രമായിരുന്നു ആ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഇരുവരും ഇരുന്നിരുന്നത് വിമാനത്തിന്റെ ഏറ്റവും പുറകിലായിരുന്നു. അപകടത്തിനു ശേഷം, കാര്യമായ കേടുപാടുകള്‍ ഒന്നുമില്ലാതെ തിരിച്ചറിയാന്‍ പാകത്തില്‍ അവശേഷിച്ചിരുന്നതും ഈ ഭാഗം മാത്രമായിരുന്നു. അതില്‍ 33 കാരന് അയാളുടെ ഇടതു ഭാഗത്ത് അസ്ഥികള്‍ ഒടിയുകയും നട്ടെല്ലിന് ക്ഷതമേല്‍ക്കുകയും ചെയ്തു. 22 കാരിയുടെ കാല്‍ക്കുഴ ഒടിയുകയും,ശരീരമാസകലം പരിക്കേല്‍ക്കുകയും ചെയ്തു. എന്നിരുന്നാലും, ഇരുവര്‍ക്കും ബോധം നശിച്ചിരുന്നില്ല. അതിനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു 67 യാത്രക്കാരുമായി പോയ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം റഷ്യന്‍ സൈന്യം വെടിവെച്ചിട്ടത്.
അതില്‍ 38 പേരാണ് മരണമടഞ്ഞത്. രക്ഷപ്പെട്ട 29 പേരും ഇരുന്നിരുന്നത് വിമാനത്തിന്റെ പിന്‍ഭാഗത്തുള്ള സീറ്റുകളിലായിരുന്നു. എന്നാല്‍, നിങ്ങള്‍ എവിടെ ഇരിക്കുന്നു എന്ന ഒരൊറ്റ കാരണം മാത്രം പോര രക്ഷപ്പെടാന്‍ എന്നാണ് വിദഗ്ധര്‍ പറയുന്നത്. വിമാനത്തിന്റെ പിന്‍ഭാഗം താരതമ്യേന സുരക്ഷിതമാണെങ്കിലും, വിമാനത്തിന്റെ ഏത് ഭാഗമാണ് ഭൂമിയെ സ്പര്‍ശിക്കുന്നത് എന്നതുകൂടി ഇതില്‍ ഒരു ഘടകമാണ്. മുന്‍വശം കുത്തി വീഴുകയാണെങ്കില്‍ പരിക്കുകള്‍ക്കും മരണത്തിനും കൂടുതല്‍ സാധ്യത മുന്‍വശത്ത് ഇരിക്കുന്നവര്‍ക്കായിരിക്കും.
എത്രപ്പെട്ടെന്നാണ് തീ ആളിപ്പടരുന്നത്, എത്ര വേഗത്തില്‍ നിങ്ങള്‍ക്ക് എമര്‍ജന്‍സി എക്സിറ്റില്‍ എത്താന്‍ കഴിയുന്നു എന്നതൊക്കെ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വിമാനാപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിന് സഹായിക്കുന്ന അഞ്ച് ഘടകങ്ങള്‍ ഉണ്ടെന്നാണ് അപകടത്തെ കുറിച്ച് അന്വേഷിക്കുന്നവര്‍ പറയുന്നത്. വിമാനത്തിന്റെ വിശ്വാസ്യത, സുരക്ഷാ മുന്നൊരുക്കങ്ങളുടെ കാര്യക്ഷമത, യാത്രക്കാരും ജീവനക്കാരും അനുഭവിക്കുന്ന ഗുരുത്വബലം, വിമാനത്തിനകത്തെ അന്തരീക്ഷം, അതുപോലെ അപകടത്തിനു ശേഷം ഉണ്ടാകുന്ന തീ, പുക തുടങ്ങിയവയാണ് ആ അഞ്ചു ഘടകങ്ങള്‍.